
ഗതാഗതക്കുരുക്കിനും ഐടി വിപ്ലവത്തിനും പേരുകേട്ട ബെംഗളൂരു നഗരത്തിൽ നിന്നുള്ള കൗതുകകരമായ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. തിരക്കേറിയ റോഡിലൂടെ ഓട്ടോ ഓടിക്കുന്നതിനിടയിൽ ഒരേസമയം രണ്ട് സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്ന ഒരു ഓട്ടോ ഡ്രൈവറാണ് ഈ വൈറൽ വീഡിയോയിലുള്ളത്. രാത്രിയിൽ ട്രാഫിക്കിൽ കുടുങ്ങിക്കിടക്കുന്ന സമയത്താണ് ഈ ദൃശ്യം ചിത്രീകരിച്ചിരിക്കുന്നത്. ഡ്രൈവർ സീറ്റിന് മുന്നിലായി റൂട്ട് നോക്കാൻ ഒരു ഫോൺ ഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ കൗതുകകരമായ കാര്യം, മറ്റൊരു ഫോൺ മിറർ മൗണ്ടിന് താഴെയായി സോഷ്യൽ മീഡിയ ഉപയേഗിക്കാൻ പാകത്തിൽ കൃത്യമായി ക്രമീകരിച്ചിരിക്കുന്നു എന്നതാണ്. 'ഒന്ന് ഡൂംസ്ക്രോളിംഗിന്, ഒന്ന് നാവിഗേഷന്' എന്ന ക്യാപ്ഷനോടെയാണ് രുചിത് ഭൂപാലം എന്നയാൾ ഈ വീഡിയോ പങ്കുവെച്ചത്.
ഈ മൾട്ടിടാസ്കിംഗ് കണ്ട് അമ്പരന്ന നെറ്റിസൺസ് തമാശരൂപേണയുള്ള കമന്റുകളുമായി രംഗത്തെത്തി. 'ഇൻസ്റ്റാഗ്രാം 'ഓട്ടോ സ്ക്രോൾ' ഫീച്ചർ കൊണ്ടുവന്നതിന്റെ ഒരേയൊരു കാരണം ഇദ്ദേഹമാണ്' എന്നാണ് ഒരാൾ കുറിച്ചത്. 'ഇതാണ് യഥാർത്ഥ ബെംഗളൂരു ഇന്നൊവേഷൻ' എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. 'മൾട്ടിടാസ്കിംഗിന്റെ അടുത്ത തലം' എന്നും ആളുകൾ തമാശയായി പറയുന്നു. എന്നാൽ, അതേസമയത്ത് തന്നെ ഡ്രൈവിംഗ് സമയത്ത് റീലുകൾ കാണുന്ന ഡ്രൈവർമാരുടെ എണ്ണവും വർധിച്ചു വരികയാണ്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് അവർക്കും മറ്റ് യാത്രക്കാർക്കും ഉണ്ടാക്കിയേക്കാവുന്ന അപകടങ്ങളെ കുറിച്ചും ആളുകളിൽ ആശങ്ക ഉയർന്നിട്ടുണ്ട്.
അതുപോലെ തന്നെ നേരത്തെ, തന്റെ ഓട്ടോയിൽ മെറ്റാ കമ്പനിയുടെ ഐഡി കാർഡ് തൂക്കിയിട്ട മറ്റൊരു ഡ്രൈവറുടെ ചിത്രം ബെംഗളൂരുവിൽ നിന്ന് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.