ഇൻസ്റ്റഗ്രാം റീലിനായി ഛത്രപതി സംഭാജി നഗറിലെ തിരക്കേറിയ റോഡിൽ ഒരു സ്കൂട്ടറിൽ അഞ്ച് യുവാക്കൾ നടത്തിയ അപകടകരമായ യാത്രയുടെ വീഡിയോ വൈറലായതിനെ തുടർന്ന് പൊലീസ് കേസെടുത്തു. അമിതവേഗത്തിലും അപകടകരമായും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെയാണ് നടപടി. പിന്നീട് ഇയാൾ പോലീസ് സ്റ്റേഷനിൽ വെച്ച് മാപ്പ് പറയുകയും നിയമലംഘനം ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
ഇൻസ്റ്റഗ്രാം റീലിനായി തിരക്കേറിയ റോഡിൽ ഒരു സ്കൂട്ടറിൽ അഞ്ച് പേർ നടത്തിയ അപകടകരമായ യാത്രയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ പൊലീസ് കേസ്. ഛത്രപതി സംഭാജി നഗറിലെ കാന്‍റോൺമെന്‍റ് പൊലീസാണ് സ്കൂട്ടർ ഓടിച്ചിരുന്ന അദ്നാൻ പത്താനെതിരെ നടപടി എടുത്തത്. അമിതവേഗത്തിലും അപകടകരമായ രീതിയിലും വാഹനമോടിച്ചതിനാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.
തിരക്കേറിയ റോഡിൽ ഒരു സ്കൂട്ടറിൽ അഞ്ച് പേർ
സെപ്റ്റംബർ ഒന്നിന് ഉച്ചയോടെ പഞ്ചക്കി – ഔറംഗപുര റോഡിലാണ് സംഭവമുണ്ടായതായാണ് റിപ്പോർട്ടുകൾ പറയുന്നു. ഒരു സ്കൂട്ടിയിൽ അഞ്ച് യുവാക്കൾ അപകടകരമായി ഇരിക്കുന്നത് വീഡിയോയോയിൽ കാണാം. ഇതിലൊരാൾ വാഹനത്തിൽ നിന്ന് പുറത്തേക്ക് തൂങ്ങിക്കിടക്കുന്ന രീതിയിലാണ് ഇരുന്നിരുന്നത്. സ്കൂട്ടർ ഓടിച്ചിരുന്നയാൾ പോലും ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്.
നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന തിരക്കേറിയ റോഡിലൂടെ ഇത്തരത്തിൽ അമിതവേഗത്തിൽ യാത്ര ചെയ്യുന്നത് സ്വന്തം ജീവന് മാത്രമല്ല, മറ്റ് വാഹനയാത്രികരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷയ്ക്കും ഭീഷണിയായെന്നാണ് പൊലീസ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നതിനായി യുവാക്കൾ നടത്തുന്ന അപകടകരമായ സ്റ്റണ്ടുകളെക്കുറിച്ചുള്ള ആശങ്കകളും ഈ സംഭവത്തോടെ വീണ്ടും ശക്തമായി.
പിന്നാലെ കേസ്
സംഭവത്തിൽ ഹെഡ് കോൺസ്റ്റബിൾ മഹാശങ്ക് നാംദേവ്റാവു ദണ്ഡ്ഗെയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സെപ്റ്റംബർ നാലിനാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിത (BNS), മോട്ടോർ വാഹന നിയമം എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് നടപടി. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
മാപ്പ് അപേക്ഷ. 'ഇനിയിങ്ങനെയുണ്ടാകില്ല'
പിന്നീട് പുറത്തുവന്ന വീഡിയോയിൽ പോലീസ് സ്റ്റേഷനിൽ വച്ച് അദ്നാൻ പത്താൻ കൈകൂപ്പി മാപ്പുപറയുന്നതും തെറ്റ് സമ്മതിക്കുന്നതും കാണാം. അഞ്ച് പേർ ചേർന്ന് റീൽ ചിത്രീകരിച്ചത് ട്രാഫിക് നിയമങ്ങൾ ലംഘിച്ചാണെന്നും തങ്ങളുടെ പ്രവൃത്തി അപകടകരമായിരുന്നുവെന്നും ഇയാൾ സമ്മതിച്ചു. ഇനി സ്കൂട്ടറിൽ രണ്ടുപേരിൽ കൂടുതൽ യാത്ര ചെയ്യില്ലെന്നും ഹെൽമറ്റ് ധരിക്കുമെന്നും ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയവയ്ക്കായി ഇത്തരം അപകടകരമായ വീഡിയോകൾ ചിത്രീകരിക്കില്ലെന്നും യുവാവ് ഉറപ്പ് നൽകി. മറ്റുള്ളവരും ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അദ്നാൻ വീഡിയോയിൽ അഭ്യർഥിച്ചു.


