
അതിരപ്പിള്ളി വനമേഖലയിൽ തുമ്പിക്കൈയില്ലാത്ത ഒരു കുട്ടിയാന, അമ്മയുടെ സംരക്ഷണയിൽ അതിജീവനത്തിനായി പോരാടുന്നു. ഭക്ഷണം കണ്ടെത്താനും വെള്ളം കുടിക്കാനും അവൻ ഏറെ പ്രയാസപ്പെടുന്നു. അപൂർവ മാതൃസ്നേഹത്തിന്‍റെ ഈ കാഴ്ചകൾ മനേഷ് എൻ.വൈയാണ് പകർത്തിയത്.
തുമ്പിക്കൈയില്ലാത്ത ആനകൾ അതിജീവിക്കാൻ ഏറെ കഷ്ടപ്പെടും. അവയ്ക്ക് ആവശ്യമായ ഭക്ഷണമോ വെള്ളമോ കുടിക്കാൻ തുമ്പിക്കൈയില്ലാതെ കഴിയില്ലെന്നത് തന്നെ. അത്തരം അവസ്ഥകളിൽ അതിജീവന സാധ്യത കുറവായതിനാൽ കൂട്ടത്തിൽ നിന്നും സ്വാഭാവികമായും ഉപേക്ഷിക്കപ്പെടേണ്ടവൻ. എന്നാൽ, ഇന്ന് അവന് കാവലായി അമ്മയുണ്ട്. അതെ തുമ്പിക്കൈയില്ലാത്ത തന്‍റെ കുഞ്ഞിന്‍റെ സംരക്ഷണം ഏറ്റെടുത്ത് അവനോടൊപ്പമാണ് ഇപ്പോൾ അമ്മയാനയുടെ നടപ്പ്. അതിരപ്പിള്ളി വനമേഖലയിൽ ഈ മാതൃസ്നേഹത്തിന്‍റെ കാഴ്ചകൾ പതിവായിരിക്കുന്നു. കെഎസ്എഫ്ഇ ഉദ്യോഗസ്ഥനായ മനേഷ് എൻ.വൈ ചിത്രീകരിച്ച അമ്മയാനയുടെയും തുമ്പിക്കൈയില്ലാത്ത കുട്ടിയാനയുടെയും വീഡിയോ ഏറെ പേരുടെ ശ്രദ്ധയാകർഷിച്ചു.
അതിജീവനം
ആനകൾ ഒരു സമൂഹിക ജീവിയാണ് തങ്ങളുടെ കൂട്ടത്തിലെ ഒരാളെ, അത് എത്ര വലുതോ ചെറുതോ ആകട്ടെ ആരെങ്കിലും ഉപദ്രവിക്കാനെത്തിയാൽ അവരെല്ലാം ഒറ്റക്കെട്ടായി ശത്രുവിനെ നേരിടും. പ്രത്യേകിച്ചും കുട്ടികളാണ് ശത്രുവിന്‍റെ ലക്ഷ്യമെങ്കിലും പ്രത്യാക്രമണവും സുരക്ഷയും ഒരു പടികൂടി കടക്കും. ഇത്തരത്തിൽ പരസ്പരം താങ്ങും തണലുമാകുമെങ്കിലും അതിജീവിക്കാൻ സാധ്യതയില്ലെന്ന് കണ്ടാൽ അവ തങ്ങളുടെ കുട്ടികളെ ഉപേക്ഷിക്കാനും മടിക്കില്ല. എന്നാൽ, അതിജീവനത്തിലുള്ള സാധ്യതകൾ തെല്ലുമില്ലാതിരുന്നിട്ടും ആ അമ്മ അവനെ ഉപേക്ഷിക്കാൻ തയ്യാറായില്ല. വെള്ളവും പുല്ലും സുലഭമായ ഇടങ്ങളിൽ നിന്നും അധികം ദൂരേയ്ക്ക് യാത്ര ചെയ്യാതെ തന്‍റെ കുഞ്ഞിനുള്ള ഭക്ഷണവും വെള്ളവും ഉറപ്പാക്കുന്നു അമ്മയാന.
അപ്രതീക്ഷിത കാഴ്ച
കഴിഞ്ഞ ദിവസം, മാർച്ച് 20 -ന് രാവിലെ ഏഴ് മണിയോടെ ചിത്രങ്ങൾ പകർത്താനായി അതിരപ്പിള്ളി ഏഴാറ്റുമുഖം വെറ്റിലപ്പാറ റോഡിന് സമീപത്ത് ചാലക്കുടി പുഴയിൽ നിന്നുമാണ് വന്യജീവി ഫോട്ടോഗ്രാഫറുമായ മനേഷിന് അപ്രതീക്ഷിതമായി ഈ മനോഹര ദൃശ്യങ്ങൾ പകർത്താനായത്. പുഴയിൽ നിന്നും അമ്മയോടൊപ്പം വെള്ളം കുടിച്ചും പുല്ല് തിന്നും നടന്ന കുട്ടിയാന ഒടുവിൽ, ഏഴാറ്റുമുഖം - വെറ്റിലപ്പാറ റോഡ് മുറിച്ച് കടന്ന് ഉൾവനത്തിലേക്ക് കയറിപ്പോയി. പ്രകൃതിയുടെ കരുത്തിലും അമ്മയുടെ കരുതലിലും അവൻ, സ്വന്തം ജീവിതം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ്. തുമ്പിക്കൈയില്ലെങ്കിലും തനിക്ക് എത്താവുന്ന ദൂരങ്ങളിൽ നിന്നും അവൻ സ്വന്തമായി പുല്ല് തിന്നുന്നു. ഒപ്പം അമ്മയാനയും പുല്ല് പറച്ചെടുത്ത് അവന് കൊടുക്കുന്ന കാഴ്ചയും കാണാമായിരുന്നെന്നും മനേഷ് പറയുന്നു.
പ്രതീക്ഷയുടെ കിരണം
വളരെ ചെറുപ്പത്തിലുണ്ടായ എതോ അപകടത്തിൽ തുമ്പികൈ നഷ്ടമായതാണെന്ന് കരുതുന്ന ഈ ആനകുട്ടിയുടെ ജീവിതയാത്ര ഒരു അപൂർവമായ കാഴ്ചയാണ്. ഭക്ഷണം കണ്ടെത്താനും വെള്ളം കുടിക്കാനും അവൻ വലിയ വെല്ലുവിളികൾ നേരിടുന്നു. എന്നാൽ, അതിജീവനത്തിന്‍റെ വലിയൊരു ഉദാഹരണം കൂടിയാണ് ഇന്ന് ഈ കുട്ടിയാന. എന്തിനും ഏതിനും അവനൊപ്പമുള്ളതും അമ്മ തന്നെ. തുമ്പിക്കൈ ഇല്ലാഞ്ഞിട്ടും ഇപ്പോഴും അവന്‍റെ ആരോഗ്യത്തിനോ കുസൃതികൾക്കോ ഒരു കുറവുമില്ലെന്ന് 2023 മുതൽ ഈ ആനക്കുട്ടിയുടെ ചിത്രങ്ങളും വീഡിയോകളും പകർത്തുന്ന മനേഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. കുറച്ച് കാലമായി ആനക്കുട്ടിയെ കാണാനില്ലായിരുന്നു. ഇതിന് പിന്നാലെ അവൻ അതിജീവിക്കാൻ കഴിയാതെ മരിച്ച് പോയെന്ന ധാരണയാലായിരുന്ന നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും. എന്നാൽ, അമ്മയുടെ സംരക്ഷണയിൽ അവനെ വീണ്ടും കണ്ടെത്തിയത് വലിയ പ്രതീക്ഷ നൽകുന്നെന്നും മനേഷ് കൂട്ടിച്ചേർക്കുന്നു.