
ബ്രിട്ടീഷ് കണ്ടന്റ് ക്രിയേറ്ററും ബോഡി-പോസിറ്റീവ് ഇൻഫ്ലുവൻസറുമാണ് എമിലി ജോൺസ്. തന്റെ ഗാസ്ട്രിക് ബൈപാസ് സർജറിക്ക് തലേദിവസം എടുത്ത വൈകാരികമായ ഒരു പഴയ വിഡിയോയാണ് ഇപ്പോഴവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങളാലാണ് താൻ ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയ തിരഞ്ഞെടുത്തതെന്ന് അവർ പറയുന്നു. മാതാപിതാക്കൾ ആറാഴ്ചയുടെ വ്യത്യാസത്തിൽ മരണപ്പെട്ടതിനെ തുടർന്നുണ്ടായ വേദനകളും തന്റെ മുന്നോട്ടുള്ള യാത്രയും എമിലി ഇൻസ്റ്റാഗ്രാമിലൂടെ പതിവായി പങ്കുവെക്കാറുണ്ട്.
രണ്ടര വർഷം മുമ്പ് ചിത്രീകരിച്ച ആ വിഡിയോയിൽ വിതുമ്പിക്കരയുന്ന എമിലിയെ കാണാം. 'എന്റെ അമ്മയും അച്ഛനും ഒപ്പമില്ലാതെ ഞാൻ ആദ്യമായിട്ടാണ് ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്നത്' എന്ന് പറയുന്നതും പിന്നീട് കരച്ചിലടക്കാനാവാതെ അവർ ക്യാമറ ഓഫ് ചെയ്യുന്നതും കാണാം. ശസ്ത്രക്രിയയ്ക്ക് ശേഷം പുഞ്ചിരിച്ചുകൊണ്ട് നടക്കുന്ന എമിലിയെയാണ് മറ്റൊരു ഭാഗത്ത് കാണുന്നത്.
'ഇത് വെറും ഭാരം കുറയ്ക്കൽ മാത്രമാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ... നിങ്ങൾക്ക് കാര്യത്തിന്റെ യഥാർത്ഥ അർത്ഥം മനസ്സിലായിട്ടില്ല' എന്നാണ് ഈ വീഡിയോയ്ക്ക് അവർ ക്യാപ്ഷൻ നൽകിയത്. ജീവിതത്തിലെ വലിയൊരു വഴിത്തിരിവിന് തൊട്ടുമുമ്പ് താൻ അനുഭവിച്ച ഭയത്തെക്കുറിച്ച് സംസാരിക്കുന്ന ആ പഴയ വീഡിയോ ഇന്ന് കാണുമ്പോൾ അത്ഭുതം തോന്നുന്നുവെന്നും അവർ കുറിച്ചു.
മാതാപിതാക്കളുടെ വിയോഗത്തിനുശേഷമുള്ള കടുത്ത ദുഃഖവും തന്റെ ശരീരഭാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും എമിലി സംസാരിച്ചു. 'ചിലപ്പോൾ നമ്മുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഉള്ളിൽ നടക്കുന്ന കാര്യങ്ങളുടെ പ്രതിഫലനം കൂടിയാണ്. എന്റെ ജീവിതം എനിക്കായി തന്നെ ജീവിക്കാൻ തുടങ്ങേണ്ടിയിരുന്നു' എന്നും എമിലി പറഞ്ഞു.
ഗാസ്ട്രിക് ബൈപാസ് സർജറിയിലൂടെ 75 കിലോഗ്രാം ഭാരം കുറച്ച എമിലി, ലിപ്ഡീമ എന്ന അവസ്ഥയ്ക്ക് ചികിത്സ തേടിയതിന് ശേഷം കൂടുതൽ ഭാരം കുറച്ചിരുന്നു. സർജറിക്ക് മുമ്പ് തനിക്ക് സ്വന്തം ശരീരത്തോട് വെറുപ്പൊന്നും ഉണ്ടായിരുന്നില്ലെന്നും അവർ വ്യക്തമാക്കി. 'മാറ്റം എന്നാൽ പഴയ നിങ്ങളെ വെറുക്കണം എന്നല്ല അർത്ഥം' എമിലി കുറിച്ചു. 'ഏറ്റവും ആത്മാർത്ഥമായ സ്നേഹത്തിൽ നിന്നും കരുതലിൽ നിന്നുമാണ് യഥാർത്ഥ മാറ്റങ്ങൾ ഉണ്ടാകുന്നത്' എന്നും എമിലി പറയുന്നു.