വളരെ പെട്ടെന്ന് തന്നെ നെറ്റിസൺസിന്റെ മനസ് കീഴടക്കിയ ഈ വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിൽ നമ്മിൽ കൗതുകമുണർത്തുകയും നമ്മെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന അതിമനോഹരമായ ദൃശ്യങ്ങൾ ചിലപ്പോൾ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു ദൃശ്യമാണ് ഇപ്പോൾ നെറ്റിസൺസിന്റെ മനം കവർന്നു കൊണ്ടിരിക്കുന്നത്. കഠിനമായ ജോലി തിരക്കുകൾക്കും ഉത്തരവാദിത്തങ്ങൾക്കും ഇടയിൽ അല്പ സമയം ആഹ്ലാദം കണ്ടെത്തുന്ന പൊലീസിന്റെയും പാരാമിലിറ്ററി ഉദ്യോഗസ്ഥരുടെയും വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

ഒരു ലോക്കൽ പാർക്കിലെ മെറി- ഗോ -റൗണ്ടിൽ (merry- go -round) കുട്ടികളെപ്പോലെ ആർത്തുരസിച്ച് കറങ്ങുന്ന യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. എപ്പോഴാണ്, എവിടെ നിന്നാണ് ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് എന്ന് വ്യക്തമല്ല. എങ്കിലും, സാമൂഹിക മാധ്യമങ്ങളിൽ ഇതിനകം തന്നെ വീഡിയോ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. 48,000 -ത്തിലധികം ആളുകളാണ് ഈ ദൃശ്യങ്ങൾ ഇതിനോടകം കണ്ടുകഴിഞ്ഞത്.

വളരെ പെട്ടെന്ന് തന്നെ നെറ്റിസൺസിന്റെ മനസ് കീഴടക്കിയ ഈ വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. 'ഏതൊരു ജോലി ചെയ്യുന്നയാൾക്കും ചെറിയൊരു സന്തോഷത്തിന് അർഹതയുണ്ട്. എന്നാൽ, യൂണിഫോം ധരിച്ചവരുടെ ഇത്തരം ദൃശ്യങ്ങൾ പൊതുവിടങ്ങളിൽ പങ്കുവെക്കുന്നത് ശരിയല്ല. യൂണിഫോം കർമ്മത്തിന്റെയും അച്ചടത്തിന്റെയും പ്രതീകമാണ്' എന്നാണ് ഒരാൾ കമന്റ് നൽകിയത്.

Scroll to load tweet…

'എല്ലാവരുടെയും ഉള്ളിൽ ഒരു കുട്ടിയുണ്ട്. നമ്മളെല്ലാം ഇടയ്ക്കെപ്പോഴെങ്കിലും ആ കുട്ടിയെ പുറത്തെടുത്തിരുന്നെങ്കിൽ ഈ ലോകം കുറച്ചുകൂടി സന്തോഷമുള്ളതാകുമായിരുന്നു' എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.

'പ്രായം എത്രയായാലും കുട്ടിയായിരിക്കാൻ ആർക്കും സാധിക്കും. അവർ ആസ്വദിക്കുന്നത് നോക്കൂ' എന്ന് മറ്റൊരാൾ കമന്റ് ചെയ്തു. എന്തായാലും, സ്വതവേ ​ഗൗരവക്കാരെന്ന് കരുതുന്ന ഈ ഉദ്യോ​ഗസ്ഥരുടെ കുട്ടിത്തം നിറഞ്ഞ വീഡിയോ നെറ്റിസൺസിന് ഇഷ്ടപ്പെട്ടു എന്ന കാര്യത്തിൽ സംശയമില്ല.