
കുറച്ചുകാലം വിദേശത്ത് താമസിച്ച് തിരികെ വരുന്ന പല പ്രവാസികളെയും ആകെ കുഴക്കുന്നൊരു കാര്യമായിരിക്കും ഇന്ത്യയിലെ ട്രാഫിക്കും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും. അതുപോലെ ഒരനുഭവം പങ്കുവയ്ക്കുകയാണ് പ്രവാസി ആയിരുന്ന നൂപുർ ദാവെ. ബെംഗളൂരുവിൽ തൻ്റെ ജിമ്മിലേക്കുള്ള 1 കിലോമീറ്റർ യാത്രയ്ക്ക് ഓട്ടോറിക്ഷയെ ആശ്രയിക്കുന്നതിനെ കുറിച്ചാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നൂപുർ പറയുന്നത്.
നടക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണെങ്കിലും, ജിമ്മിലേക്കുള്ള 1.3 കിലോമീറ്റർ ദൂരത്തിനിടയിൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ കാരണമാണ് താനിപ്പോൾ ദിവസവും ഓട്ടോറിക്ഷയെ ആശ്രയിക്കുന്നതെന്നാണ് അവർ പറയുന്നത്. വൃത്തിയില്ലാത്ത കുണ്ടും കുഴിയുമായ നടപ്പാതകളാണ് പ്രധാന പ്രശ്നമായി വീഡിയോയിൽ ചൂണ്ടിക്കാണിക്കുന്നത്. അതുപോലെ, പലയിടത്തും നടപ്പാതകൾ കയ്യേറിയിരിക്കുകയാണ് എന്നും പറയുന്നു.
മെയിൻ റോഡിനരികിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളും വേഗത്തിൽ പാഞ്ഞുവരുന്ന വാഹനങ്ങളും കാരണം ജീവൻ കയ്യിൽപിടിച്ചാണ് റോഡ് മുറിച്ചുകടക്കുന്നത്. ഇതൊന്നും കൂടാതെ, വഴിയിലൂടെ നടക്കുമ്പോൾ ആളുകളുടെ അസ്വസ്ഥത ജനിപ്പിക്കുന്ന നോട്ടങ്ങൾ നേരിടേണ്ടി വരുന്നു എന്നും നൂപുർ പറയുന്നു. ഇന്ത്യയിൽ ജീവിക്കുമ്പോൾ ഇത്തരം കാര്യങ്ങളിൽ ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരുന്നുണ്ടെങ്കിലും, അത് താൻ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.
നൂപുർ ദാവെയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് സമാന അനുഭവങ്ങൾ പങ്കുവച്ചത്. റോഡുകളുടെ സുരക്ഷിതമല്ലാത്ത അവസ്ഥയും നടപ്പാതകളിലെ കയ്യേറ്റങ്ങളും കാരണം തങ്ങളും ചെറിയ ദൂരം പോലും ഓട്ടോ പിടിച്ചാണ് പോകുന്നതെന്ന് പലരും കമന്റ് ചെയ്തു.
'സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി ദിവസം 100 രൂപ മുടക്കി ഓട്ടോ വിളിക്കുന്നത് വലിയ നഷ്ടമല്ല. എല്ലാ ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ കഴിയില്ലെങ്കിലും, പണം നൽകി ഒഴിവാക്കാൻ കഴിയുന്ന ബുദ്ധിമുട്ടുകളെ ഞാൻ തിരഞ്ഞെടുക്കുന്നു' എന്നാണ് നൂപുർ വീഡിയോയുടെ കാപ്ഷനിൽ കുറിച്ചത്.