
'കാശുണ്ടെങ്കിൽ സ്നേഹിക്കാനും കൂടെ നിൽക്കാനും ആൾക്കാര് കാണും. ഇല്ലെങ്കിൽ ആരും കാണില്ല, ചിലപ്പോൾ വീട്ടുകാർ പോലും'. പലരും ഇങ്ങനെ പറയാറുണ്ട്. അതുപോലെ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ഒരു യുവാവ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ജോലി വിട്ട് വീട്ടിലേക്ക് തിരികെ വന്നതിനെ കുറിച്ചാണ് യുവാവ് ഇൻസ്റ്റഗ്രാമിലെ പോസ്റ്റിൽ പറയുന്നത്. ക്രിയേറ്റീവ് ഡയറക്ടർ, ഫിലിം മേക്കർ, ഡിസൈനർ എന്നിങ്ങനെയൊക്കെയാണ് ദയാൽ എന്ന യുവാവ് സ്വയം വിശേഷിപ്പിക്കുന്നത്. ദയാൽ വീഡിയോയിൽ പറയുന്നത്, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ജോലി ഉപേക്ഷിച്ചുവെന്നും അതിനുശേഷം വീട്ടിൽ തിരികെയെത്തി എന്നുമാണ്.
'മാതാപിതാക്കൾക്ക് പോലും പാവപ്പെട്ട മകനെ ഇഷ്ടമല്ല' എന്ന ക്യാപ്ഷനോട് കൂടിയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ജോലിയുള്ളപ്പോഴും ജോലി ഉപേക്ഷിച്ച് തിരികെ വന്നപ്പോഴും ഉള്ള വ്യത്യാസത്തെ കുറിച്ചാണ് ദയാൽ പറയുന്നത്. ജോലിയുള്ള സമയത്ത് വീട്ടിൽ വരുമ്പോൾ വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് പെരുമാറുന്നത്. അന്ന് അമ്മ വളരെ സ്നേഹത്തോട് കൂടി രണ്ട് റൊട്ടി കൂടി തരട്ടെ എന്ന് ചോദിക്കുമായിരുന്നു. എന്നാൽ ജോലി ഉപേക്ഷിച്ച് തിരികെ വന്നപ്പോൾ രണ്ട് റൊട്ടി കൂടി ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞത്, അവന് രണ്ട് റൊട്ടി കൂടി കൊടുക്കൂ, അവൻ റൊട്ടിക്ക് ചോദിക്കുന്നു എന്നാണ്. ആ വാക്കുകളും അത് പറഞ്ഞ രീതിയും വ്യത്യസ്തമായിരുന്നു എന്നാണ് ദയാൽ പറയുന്നത്.
'ജോലിയുള്ള സമയത്ത്, തനിക്ക് അഭിമാനവും വിലയും ഉള്ളതായി തോന്നി, വരുമാനവും കുടുംബത്തിൽ നിന്നുള്ള ഊഷ്മളമായ പെരുമാറ്റവും ഒരുപോലെ ആസ്വദിക്കാനായി. നിങ്ങൾ സമ്പാദിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ ബഹുമാനിക്കപ്പെടും. എന്നാൽ, നിങ്ങളുടെ പോക്കറ്റ് കാലിയാകുമ്പോൾ, നിങ്ങളുടെ കുടുംബം നിങ്ങളെ അതേ രീതിയിലായിരിക്കില്ല കാണുന്നത്' എന്നാണ് ദയാൽ പറയുന്നത്.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. ഫിൻഗ്രോത്ത് മീഡിയയുടെ സ്ഥാപകനായ കരൺ ബഹൽ ദയാലിൻറെ വീഡിയോ ഷെയർ ചെയ്തുകൊണ്ട് പറഞ്ഞത്, സംരംഭകനാവുമ്പോൾ കുടുംബത്തിന്റെ പിന്തുണ വളരെ നിർണായകമാണ് എന്നാണ്. അതേസമയം, അങ്ങനെ അല്ലാത്ത മാതാപിതാക്കളും ഉണ്ട്, നിങ്ങളുടെ മാതാപിതാക്കളും മോശം സമയത്തിലൂടെ കടന്ന് പോവുകയാണെങ്കിലോ തുടങ്ങിയ കമന്റുകൾ നൽകിയവരും ഉണ്ട്.