
സൗന്ദര്യ സംരക്ഷണത്തിലും ഫാഷനിലും വ്യത്യസ്ത പരീക്ഷണങ്ങൾ നടത്തുന്നവർ ധാരാളമാണ്. എന്നാൽ, സ്വന്തം താടിയെയും മീശയെയും ഇംഗ്ലീഷ് അക്ഷരമാലയിലെ 26 അക്ഷരങ്ങളാക്കി കൊത്തിയെടുത്ത ഒരു ബ്രിട്ടീഷ് യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്നത്. അതിമനോഹരമായ ഈ രൂപമാറ്റത്തിന് പിന്നിലെ അർപ്പണബോധത്തെയും ക്ഷമയെയും .സോഷ്യൽ മീഡിയയിൽ പ്രശംസകൊണ്ട് മൂടുകയാണ്.
യു.കെ യിൽ നിന്നുള്ള ഈ യുവാവ്, താടിയിൽ അക്ഷരങ്ങൾ ഉണ്ടാക്കികൊണ്ട് ക്രിയാത്മകതയെ ഒരു പുതിയ തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ '@beardadvice' പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധ നേടിയത്.
താടിയിൽ ഓരോ അക്ഷരവും രൂപപ്പെടുത്തുന്ന പ്രക്രിയ അതിസൂക്ഷ്മവും അതീവ ക്ഷമ ആവശ്യമുള്ളതുമായിരുന്നു. വൈറലായ ക്ലിപ്പിന്റെ തുടക്കത്തിൽ 'A' എന്ന അക്ഷരത്തിൽ കൊത്തിയെടുത്ത താടിയും മീശയുമാണ് കാണിക്കുന്നത്. തുടർന്ന് ഓരോ ഫ്രെയിമിലും 'B', 'C' എന്നിങ്ങനെ 'Z' വരെയുള്ള ഓരോ അക്ഷരവും പ്രത്യക്ഷപ്പെടുന്നു. എല്ലാ അക്ഷരങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ രൂപമാറ്റം സാധ്യമാക്കിയത് വളരെ കാത്തിരുന്നതിന് ശേഷമാണ്.
ഓരോ അക്ഷരവും രൂപപ്പെടുത്തുന്നതിനായി യുവാവ് ആദ്യം താടിയും മീശയും പൂർണ്ണമായും വളർത്തിയെടുത്തു. തുടർന്ന്, ഓരോ അക്ഷരത്തിനും ആവശ്യമുള്ള കൃത്യമായ രൂപത്തിലേക്ക് അത് ട്രിം ചെയ്‌തെടുക്കുന്നു. ഇത് വീഡിയോയിൽ റെക്കോർഡ് ചെയ്ത ശേഷം അടുത്ത അക്ഷരത്തിനായി വീണ്ടും താടി വളർത്തുന്നു. അതായത്, 26 അക്ഷരങ്ങൾ പൂർത്തിയാക്കാൻ 26 തവണ താടി പൂർണ്ണമായി വളർത്തി.
വളഞ്ഞ അക്ഷരങ്ങൾക്കായി മീശ വളച്ച് ഏടുക്കുകയും, കോണുകളുള്ള അക്ഷരങ്ങൾക്കായി താടി കൃത്യമായ ലൈനുകളിൽ ട്രിം ചെയ്യുകയും ചെയ്തതിലെ കൃത്യത കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നതാണ്. ഇത്രയും നീണ്ട, അച്ചടക്കമുള്ള ദിനചര്യയുടെ ഫലമാണ് പൂർണ്ണതയുള്ള ഈ താടി-മീശ അക്ഷരമാല.
ഈ വീഡിയോ ചുരുങ്ങിയ സമയംകൊണ്ട് 25 ലക്ഷം കാഴ്ചക്കാരെ നേടി, സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. കാഴ്ചക്കാരുടെ പ്രതികരണങ്ങൾ പ്രശംസയും നർമ്മവും അത്ഭുതവും ഇടകലർന്നതായിരുന്നു. തൻ്റെ താടിയോടുള്ള സ്നേഹവും അതിലുപരി ഇതിനെടുള്ള അങ്ങേയറ്റത്തെ പ്രതിബദ്ധതയും ഈ ബ്രിട്ടീഷ് യുവാവിനെ ലോകമെമ്പാടും ശ്രദ്ധേയനാക്കിയിരിക്കുകയാണ്. അദ്ദേഹത്തിൻ്റെ ഈ ക്രിയാത്മകതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.