
നമ്മുടെ നാട്ടിലെ പെൺകുട്ടികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വിവാഹം കഴിക്കാനുള്ള നിർബന്ധം. വീട്ടുകാർക്ക് മാത്രമല്ല, നാട്ടുകാർക്ക് വരെയും പെൺകുട്ടികൾ ഒരു പ്രായം കഴിഞ്ഞ് വിവാഹം കഴിച്ചില്ലെങ്കിൽ വലിയ പ്രയാസമാണ്. സമാനമായ പ്രശ്നം പങ്കുവച്ചുകൊണ്ട് ഒരു യുവതി പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. 25 വയസ്സായ തന്റെ വിവാഹം നടത്താൻ നിർബന്ധിക്കുന്ന വീട്ടുകാരുടെയും ബന്ധുക്കളുടെയും വീഡിയോയാണ് രശ്മി രാജ് എന്ന യുവതി ഷെയർ ചെയ്തത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം 40 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.
അമ്മയടക്കം നാലുപേരാണ് രശ്മിയോട് സംസാരിക്കുന്നത്. പ്രായം കൂടുന്തോറും മുഖത്തെ തിളക്കം കുറയുമെന്നും, വൈകി വിവാഹം കഴിച്ചാൽ ഗർഭിണിയാകാൻ പ്രയാസപ്പെടുമെന്നുമാണ് ബന്ധുക്കൾ വീഡിയോയിൽ യുവതിയെ ഉപദേശിക്കുന്നത്. തന്റെ കരിയറിനെക്കുറിച്ചോ ലക്ഷ്യങ്ങളെക്കുറിച്ചോ ആരും ആശങ്കപ്പെടുന്നില്ലെന്നും, മറിച്ച് ശാരീരികമായ മാറ്റങ്ങളെയും കുട്ടികളുണ്ടാകാനുള്ള സാധ്യതകളെയും കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നതെന്നും രശ്മി പറയുന്നു. 'എനിക്ക് 25 വയസ്സായി, ഇതാണ് എന്റെ കഥ. എല്ലാ ബന്ധുക്കളും വീട്ടിൽ വരുന്നത് എനിക്ക് വിവാഹത്തെക്കുറിച്ച് ലക്ചറെടുക്കാനാണ്. ജീവിതത്തിൽ എന്തെങ്കിലും നേടാനോ വളരാനോ ആരും പറയുന്നില്ല' എന്നും യുവതി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
വീഡിയോ വൈറലായതോടെ രശ്മിക്ക് പിന്തുണയുമായി നിരവധി ആളുകളാണ് രംഗത്തെത്തിയത്. '30 വയസ്സിന് മുമ്പ് വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നതിന് പിന്നിൽ ഒരു കാരണമുണ്ട്. ആ പ്രായം കഴിഞ്ഞാൽ സ്ത്രീകൾ കൂടുതൽ ആത്മവിശ്വാസമുള്ളവരും കാര്യങ്ങൾ തിരിച്ചറിയാൻ ശേഷിയുള്ളവരുമാകും. സാമ്പത്തികമായി സ്വതന്ത്രയാകുന്നതിന് മുമ്പ് വിവാഹം കഴിപ്പിക്കാനാണ് പലരും ശ്രമിക്കുന്നത്' എന്നാണ് ഒരാൾ കുറിച്ചത്. എന്നാലും എന്തുകൊണ്ടാണ് ഇന്ത്യൻ കുടുംബങ്ങൾ വിവാഹം എന്നതിന് ഇത്ര പ്രാധാന്യം നൽകുന്നത് എന്നും പലരും ചോദിച്ചു. മാത്രമല്ല, 25 വയസ്സ് എന്നത് വിവാഹത്തിന് വളരെ കുറഞ്ഞ പ്രായമാണെന്നും, മറ്റുള്ളവരുടെ സമ്മർദ്ദത്തിന് വഴങ്ങാതെ സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കണമെന്നുമാണ് ഭൂരിഭാഗം പേരും പറഞ്ഞത്.