ഇതിനിടെ ഭയന്നുപോയ പൂച്ചക്കുഞ്ഞ് നിർത്തിയിട്ട ഒരു കാറിനടിയിലേക്ക് ഓടിക്കയറി. കുടുങ്ങിക്കിടന്ന പൂച്ചക്കുഞ്ഞിനെ കണ്ടതോടെ ബൈക്ക് യാത്രികൻ ഓടിയെത്തി കുനിഞ്ഞ് അതിനെ പുറത്തെടുക്കാൻ ശ്രമിച്ചു.

തിരക്കേറിയ റോഡിലൂടെ പോവുകയായിരുന്ന വാഹനങ്ങൾ കൈകാട്ടി നിർത്തി, അപകടത്തിൽ നിന്ന് ഒരു പൂച്ചക്കുഞ്ഞിനെ രക്ഷപ്പെടുത്തിയ ബൈക്ക് യാത്രികന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. 'radwan_unfiltered' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം 9.6 കോടിയിലധികം ആളുകൾ കാണുകയും 65 ലക്ഷത്തിലധികം ലൈക്കുകൾ നേടുകയും ചെയ്തു കഴിഞ്ഞു.

തിരക്കേറിയ റോഡിലൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവ്, റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്ന പൂച്ചക്കുഞ്ഞിനെ ശ്രദ്ധിക്കുകയായിരുന്നു. അപ്പോൾത്തന്നെ ബൈക്ക് നിർത്തി തിരികെ വന്ന ഇയാൾ, കൈകൾ വീശി അമിതവേഗതയിൽ വന്നിരുന്ന വാഹനങ്ങൾ നിർത്തിച്ചു.

ഇതിനിടെ ഭയന്നുപോയ പൂച്ചക്കുഞ്ഞ് നിർത്തിയിട്ട ഒരു കാറിനടിയിലേക്ക് ഓടിക്കയറി. കുടുങ്ങിക്കിടന്ന പൂച്ചക്കുഞ്ഞിനെ കണ്ടതോടെ ബൈക്ക് യാത്രികൻ ഓടിയെത്തി കുനിഞ്ഞ് അതിനെ പുറത്തെടുക്കാൻ ശ്രമിച്ചു. ഇതുകണ്ട വഴിയാത്രക്കാരും സഹായത്തിനായി ഒപ്പം കൂടി. ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ പൂച്ചക്കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്ത യുവാവ്, അതിനെ തന്റെ ജാക്കറ്റിന്റെ പോക്കറ്റിൽ കരുതലോടെ വെച്ച ശേഷമാണ് യാത്ര തുടർന്നത്. തുടർന്ന് പൂച്ചക്കുഞ്ഞിനെ കൊണ്ടുപോകാനായി ഒരു ചെറിയ ബാഗ് വാങ്ങുകയും അതിന് പാൽ വാങ്ങി നൽകുകയും ചെയ്തു. 'ഒരു ചെറിയ ജീവൻ രക്ഷിച്ചു, അല്പം സന്തോഷം പങ്കുവെച്ചു' എന്ന അടിക്കുറിപ്പോടെയാണ് യുവാവ് വീഡിയോ പങ്കുവെച്ചത്.

View post on Instagram
 

യുവാവിന്റെ പ്രവൃത്തിയെ പ്രശംസിക്കുന്നതോടൊപ്പം കാർ ഡ്രൈവറുടെ മനസ്സാന്നിധ്യത്തെയും ആളുകൾ അഭിനന്ദിക്കുന്നുണ്ട്. 'ആ കാർ ഓടിച്ചിരുന്ന വ്യക്തിക്കും അഭിനന്ദനങ്ങൾ നൽകണം. ഇന്നത്തെ കാലത്ത് മൃഗങ്ങളെ ശ്രദ്ധിക്കാതെ വണ്ടി ഓടിച്ചുപോകുന്നവരാണ് അധികവും. ഈ നല്ല പ്രവൃത്തിയെ പിന്തുണച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ' എന്നാണ് ഒരാൾ കമന്റ് ചെയ്തത്.