രാജസ്ഥാനിലെ ഉദയ്പുരിൽ ദേശീയപാതയിലെ തുരങ്കത്തിനുള്ളിൽ കാർ നിർത്തി കുടുംബം പടക്കം പൊട്ടിച്ചു. വായുസഞ്ചാരം കുറഞ്ഞ തുരങ്കത്തിൽ പുക നിറഞ്ഞത് മറ്റ് യാത്രികർക്ക് വലിയ ഭീഷണിയായി. സംഭവത്തിൽ കർശന നടപടിയും പിഴയും വേണമെന്ന് സമൂഹ മാധ്യമങ്ങളിൽ ശക്തമായ ആവശ്യമുയരുന്നു.
രാജസ്ഥാനിലെ ഉദയ്പുരിൽ തുരങ്ക ദേശീയ പാതയ്ക്കുള്ളിൽ കാർ നിർത്തി പടക്കം പൊട്ടിച്ച കുടുംബത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. മറ്റ് യാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിലുള്ള ഈ പ്രവൃത്തിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.
സംഭവം ഇങ്ങനെ
ഉദയ്പുരിന് സമീപം ദേശീയപാത 58 -ലെ തുരങ്കത്തിലാണ് സംഭവം നടന്നത്. കുടുംബമായി സഞ്ചരിച്ച കാർ തുരങ്കത്തിനുള്ളിൽ നിർത്തിയ ശേഷം അതിലുണ്ടായിരുന്നവർ പുറത്തിറങ്ങി പടക്കം പൊട്ടിക്കുകയായിരുന്നു. ഇതോടെ തുരങ്കത്തിനുള്ളിൽ കനത്ത പുക നിറഞ്ഞു. ഇതുവഴി കടന്നുപോയ മറ്റൊരു വാഹനത്തിലെ യാത്രക്കാരനാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. എക്സിലെ@IndianTechGuide എന്ന അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെക്കപ്പെട്ടത്. പിന്നാലെ പടക്കം പൊട്ടിച്ച കുടുംബത്തിനെതിരെ രൂക്ഷവിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്.
അപകടസാധ്യത ഏറെ
തുറന്ന റോഡുകളിൽ നിന്ന് വ്യത്യസ്തമായി തുരങ്കങ്ങളിൽ വായുസഞ്ചാരം വളരെ പരിമിതമാണ്. അതിനാൽ ഉള്ളിൽ നിറയുന്ന പുക വേഗത്തിൽ പുറത്തേക്ക് പോകില്ല. പെട്ടെന്ന് പുക വ്യാപിക്കുന്നത് ഇതുവഴി വരുന്ന മറ്റ് ഡ്രൈവർമാരുടെ കാഴ്ചപരിധി ഗണ്യമായി കുറയ്ക്കുകയും, ഇതോടെ മുന്നിലുള്ള വാഹനങ്ങളെയോ തടസ്സങ്ങളെയോ തിരിച്ചറിയാൻ സാധിക്കാതെ വരികയും ഇത് വലിയ അപകടങ്ങൾക്കും നിരവധി യാത്രക്കാരുടെ ജീവൻ അപകടത്തിലാകാനും കാരണമായേക്കാമെന്നും ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി പലരും മുന്നറിയിപ്പ് നൽകുന്നു.
കനത്ത പിഴ ചുമത്തണമെന്ന് നെറ്റിസെൺസ്
വീഡിയോ വൈറലായതോടെ കുടുംബത്തിന്റെ പ്രവൃത്തിക്കെതിരെ കർശന നിയമനടപടി ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി. തുരങ്കത്തിനുള്ളിൽ പുകയും തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കളും ഉപയോഗിക്കുന്നത് ജീവന് ഭീഷണിയാണെന്നും, കുറഞ്ഞത് 50,000 രൂപയെങ്കിലും പിഴ ചുമത്തണമെന്നും ഒരാൾ ആവശ്യപ്പെട്ടു. പിഴ ഈടാക്കുന്നതിനൊപ്പം വാഹനം പിടിച്ചെടുക്കുകയും കുറ്റക്കാർക്ക് തടവുശിക്ഷ നൽകണമെന്നും ആവശ്യമുയർന്നു. ഹൈവേ തുരങ്കം വീടിന്റെ ടെറസല്ല, അവിടെ പൊട്ടിക്കേണ്ടത് പടക്കങ്ങളല്ല, പിഴയാണ്" എന്നായിരുന്നു ഒരു ഉപയോക്താവിന്റെ പ്രതികരണം.














