
മുൻ മിസ് അരുണാചലും സോളോ ബുള്ളറ്റ് റൈഡറുമായ ടെൻസിൻ മെറ്റോയുടെ ഒരു അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ബിഹാറിലെ ഭാഗൽപൂരിൽ നിന്നും തനിക്ക് ലഭിച്ച അപ്രതീക്ഷിതമായ സഹായത്തെ കുറിച്ചാണ് ടെൻസിൻ പറയുന്നത്. യാത്രയ്ക്കിടെ വഴിതെറ്റിപ്പോയ തന്നെ സഹായിക്കാനെത്തിയ പ്രദേശത്തെ രണ്ട് യുവാക്കളെ കുറിച്ചു പറയുന്ന ഈ വീഡിയോ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.
തന്റെ ഹോട്ടൽ കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്നതിനിടയിലാണ് ടെൻസിൻ രണ്ട് യുവാക്കളെ പരിചയപ്പെടുന്നത്. അവർ തങ്ങളുടെ അപ്പോഴത്തെ ആവശ്യങ്ങളെല്ലാം മാറ്റിവെച്ചുകൊണ്ട് ടെൻസിനെ ഹോട്ടൽ കണ്ടെത്താൻ സഹായിക്കുകയായിരുന്നു. 'ചിലപ്പോൾ മാപ്പുകൾക്ക് തെറ്റ് പറ്റാം, പക്ഷേ മനുഷ്യർക്ക് തെറ്റില്ല. ഭഗൽപൂർ എനിക്ക് ലക്ഷ്യസ്ഥാനത്തേക്കാൾ ഉപരിയായി വിശ്വാസമാണ് നൽകിയത്. ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് സഹായവുമായി എത്തിയ അപരിചിതർ... ഇത്തരത്തിലുള്ള ഇന്ത്യയ്ക്ക് വേണ്ടിയാണ് ഞാൻ യാത്ര ചെയ്യുന്നത്' എന്നും ടെൻസിൻ പറയുന്നു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ മറ്റ് സംസ്ഥാനങ്ങളിൽ പോകുമ്പോൾ നേരിടേണ്ടി വരുന്ന മുൻവിധികളോടെ കാണുന്നതിനെ കുറിച്ചും ടെൻസിൻ സംസാരിച്ചു. പുറംനാടുകളിൽ പോയാൽ ബുദ്ധിമുട്ടുകൾ നേരിടുമെന്ന് പലരും പറയാറുണ്ട്. എന്നാൽ, ഇത്തരം പോസിറ്റീവ് വാർത്തകൾ ആരും പുറത്തറിയിക്കാറില്ലെന്നും ടെൻസിൻ പറയുന്നു. ഐക്യത്തിന്റെയും സ്നേഹത്തിന്റെയും ഉദാഹരണമാണിതെന്നും അവർ കൂട്ടിച്ചേർത്തു.
വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് കമന്റുകളുമായി വന്നത്. 'ചില വ്യക്തികൾ കാരണം ബിഹാറിന് ചീത്തപ്പേരുണ്ട്, എന്നാൽ ഭൂരിഭാഗം ആളുകളും സ്നേഹമുള്ളവരാണ്' എന്നാണ് ഒരാൾ കുറിച്ചത്. അരുണാചൽ പ്രദേശിൽ നിന്നുള്ള ആദ്യ വനിതാ റോയൽ എൻഫീൽഡ് ബുള്ളറ്റ് റൈഡറാണ് ടെൻസിൻ മെറ്റോ. സോളോ റൈഡിംഗിലൂടെയും തന്റെ സ്റ്റാർട്ടപ്പായ 'ഓറോ ബ്രുക്ക്' വഴിയും മോൻപ ഗോത്രവർഗത്തിന്റെ ട്രഡീഷണൽ വസ്ത്രങ്ങളെ മോഡേൺ രീതിയിൽ അവതരിപ്പിക്കുന്നതിലും ടെൻസിൻ അറിയപ്പെടുന്നു.