ഉച്ചയ്ക്ക് ജോലിക്ക് കയറുന്നതിന് മുൻപുള്ള സമയം ഫോണിൽ റീലും കണ്ട് കളയാതെ എങ്ങനെ പൊസിറ്റീവായി ചെലവഴിക്കാം. അത് ചിലപ്പോള്‍ ആ ദിവസത്തെ മൂഡിനെ തന്നെ മാറ്റിയേക്കും. 

നിങ്ങളുടെ ഷിഫ്റ്റ് തുടങ്ങുന്നത് ഉച്ചയ്ക്കാണ്. അതുവരെ എന്ത് ചെയ്യും? മിക്കവാറും ബോറടിച്ച് വീട്ടിലിരിക്കുകയോ റീലുകൾ കാണുകയോ ഒക്കെ ചെയ്യുകയായിരിക്കും അല്ലേ?. എന്നാൽ, അതിൽ നിന്നൊക്കെ മാറി ചിന്തിച്ച്, രാവിലത്തെ സമയം എങ്ങനെ പോസിറ്റീവായി മാറ്റാമെന്ന് കാണിച്ചുതരികയാണ് ദിവ്യ മോസസ് എന്ന യുവതി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ദിവ്യയുടെ മനോഹരമായ മോർണിംഗ് റൂട്ടീൻ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉച്ചയ്ക്ക് 12 മണിക്കാണ് കോർപറേറ്റ് ജോലിക്കാരിയായ ദിവ്യയുടെ ഷിഫ്റ്റ് ആരംഭിക്കുന്നത്. ജോലി തുടങ്ങുന്നതിന് മുൻപുള്ള സമയം ഫോണിൽ നോക്കി പാഴാക്കാതെ, വീട്ടിൽ തന്നെ തയാറാക്കിയ പ്രഭാതഭക്ഷണവും കാപ്പിയുമായി അവർ പുറത്തേക്കിറങ്ങും. ബെംഗളൂരുവിലെ പച്ചപ്പ് നിറഞ്ഞ ഒരു സ്ഥലത്തുകൂടി അവർ നടന്നുപോകുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. പിന്നീട് ഒരു തടാകക്കരയിലിരുന്ന് പ്രകൃതിഭംഗി ആസ്വദിച്ച്, ഭക്ഷണം കഴിച്ച്, പുസ്തകം വായിച്ച് സമയം ചെലവഴിക്കുന്നതും വീഡിയോയിൽ കാണാം.

'പ്രവൃത്തിദിനങ്ങൾ മുഴുവനും വെറും ജോലിക്ക് വേണ്ടി മാത്രമുള്ളതല്ലെന്ന് സ്വയം ഓർമ്മിപ്പിക്കാൻ ഞാൻ ശ്രമിക്കുകയാണ്. 12 മണിക്കാണ് എന്റെ ജോലി തുടങ്ങുന്നത്. അതുകൊണ്ട് രാവിലെ ഫോൺ സ്ക്രോൾ ചെയ്ത് സമയം കളയാതെ, ഞാൻ ബ്രേക്ക്ഫാസ്റ്റും കാപ്പിയുമെടുത്ത് ഒരു പുസ്തകവുമായി തടാകക്കരയിലേക്ക് പോന്നു' എന്നാണ് ദിവ്യ കുറിച്ചിരിക്കുന്നത്.

ഈയൊരു ചെറിയ മാറ്റം തന്റെ മനസ്സിന് വലിയ ആശ്വാസം നൽകുന്നുണ്ടെന്നും, ദിവസങ്ങളെ പോസിറ്റീവായി കാണാൻ സഹായിക്കുന്നുണ്ടെന്നും ദിവ്യ പറയുന്നു. ഇതിനായി ഒരു അവധിക്കാലമോ വീക്കെൻഡോ വരേണ്ടതില്ലെന്നും, ലോഗിൻ ചെയ്യുന്നതിന് മുൻപ് ജീവിതത്തിനായി അല്പം സമയം മാറ്റിവെക്കാൻ ഒരു ചെറിയ തീരുമാനമെടുത്താൽ മാത്രം മതിയെന്നും അവർ പറയുന്നു.

View post on Instagram

'Life before I log into my 12 pm job' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ആരംഭിക്കുന്നത്. കോർപ്പറേറ്റ് ജോലി ചെയ്യുന്ന നിരവധിയാളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയത്. ഈ വീഡിയോ ശരിക്കും പ്രചോദനമായെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.