
ജർമ്മനിയിലെ ബെർലിനിൽ ഫ്ലാറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ നിന്നും ഒരു യുവതി അത്ഭുതകരമായി രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. ബെർലിനിലെ ഫ്രീഡ്രിക്ഷെയ്ൻ പ്രദേശത്ത് ഒസ്ത്ബാൻഹോഫ് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഒരു ഹൈ റെസിഡൻഷ്യൽ കെട്ടിടത്തിലാണ് അപകടമുണ്ടായത്.
ഓഗസ്റ്റ് 14 -ന് രാവിലെ ആറരയോടെയായിരുന്നു തീപിടിത്തം. ആളപയാമൊന്നും ഇല്ല. 13 പേർക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. വലിയൊരു ദുരന്തമാണ് ഒഴിവായത് എന്നും റിപ്പോർട്ടുകൾ പറയുന്നു. 116-ഓളം അഗ്നിശമന സേനാ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനത്തിനായി എത്തിയത്. 3 മണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി.
അപകടസമയത്ത് കെട്ടിടത്തിൽ കനത്ത പുകയും തീയും പെട്ടെന്ന് തന്നെ പടർന്നുപിടിക്കുകയായിരുന്നു. തുടർന്ന് പതിനൊന്നാം നിലയിലെ ജനൽപാളിക്ക് പുറത്തേക്കിറങ്ങിയ യുവതിക്ക് ജീവൻ രക്ഷിക്കാൻ മറ്റ് വഴികളുണ്ടായിരുന്നില്ല. എന്നാൽ, അഗ്നിശമന സേനയുടെ ടേൺടേബിൾ ലാഡറിന് ഒമ്പതാം നില വരെ മാത്രമേ എത്താൻ കഴിഞ്ഞുള്ളൂ.
തീ ആളിപ്പടർന്നതോടെ, താഴത്തെ നിലയിലേക്ക് ഇറങ്ങാൻ ശ്രമിച്ചെങ്കിലും സുരക്ഷിതമായ പിടി കണ്ടെത്താൻ യുവതിക്ക് കഴിഞ്ഞില്ല. ഒടുവിൽ, താഴെ അഗ്നിശമന സേനയുടെ റെസ്ക്യൂ ബാസ്കറ്റിന് മുകളിലായി നിലയുറപ്പിച്ച അവർ ഏതാനും നിമിഷങ്ങൾ മടിച്ചു നിന്നതിന് ശേഷം താഴേക്ക് ചാടുകയായിരുന്നു. ഏകദേശം രണ്ട് നിലകളോളം താഴേക്ക് വീണ യുവതിയെ അഗ്നിശമന സേനാംഗം സുരക്ഷിതമായി ബാസ്കറ്റിലാക്കി. നിസ്സാര പരിക്കുകളോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Dramatischer Rettungseinsatz bei einem Hochhausbrand am heutigen Morgen in Berlin-Friedrichshain. Da die Drehleiter nur bis zum 9. Stock reichte, musste diese Frau vom 11. Stock aus in den etwa 1-2 m² großen Drehleiterkorb springen. Insgesamt wurden 13 Personen leicht verletzt. pic.twitter.com/BCdpRYPBM6
— ColdJack (@TheColdJack) August 14, 2026
അതേസമയം, തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. യുവതി കെട്ടിടത്തിൽ നിന്നും ചാടുന്ന രംഗങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയതോടെ നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. യുവതിയുടെ ധൈര്യത്തെ പ്രംശസിച്ചുകൊണ്ട് ഏറെപ്പേരും കമന്റുകൾ നൽകിയിരിക്കുന്നത്.