ഹാർവാർഡ് പഠനത്തിനുശേഷം ഇന്ത്യയിലേക്ക് മടങ്ങി, 3 മാസം മുത്തച്ഛൻ മിണ്ടിയില്ല, അനുഭവം പറഞ്ഞ് 'ബേബി ചക്ര' സ്ഥാപക

Published : Aug 18, 2026, 07:45 PM IST
Naiyya Saggi

Synopsis

താൻ കോടീശ്വര കുടുംബത്തിൽ നിന്നല്ല വരുന്നത്, മാതാപിതാക്കൾ സർക്കാർ ജീവനക്കാരായിരുന്നു. എന്നാൽ വിദേശത്തെ മികച്ച അവസരങ്ങൾ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങിയ തന്റെ തീരുമാനം കുടുംബത്തിലെ ചിലർക്ക്, പ്രത്യേകിച്ച് മുത്തച്ഛന് അംഗീകരിക്കാൻ കഴിഞ്ഞില്ല.

ഹാർവാർഡിൽ ഉപരിപഠനം പൂർത്തിയാക്കിയ ശേഷം വിദേശത്ത് സെറ്റിലാവാതെ ഇന്ത്യയിലേക്ക് മടങ്ങിയതിന് മുത്തച്ഛൻ മിണ്ടാതിരുന്നതിന്റെ അനുഭവം വെളിപ്പെടുത്തി സംരംഭകയും 'ബേബി ചക്ര'യുടെ സ്ഥാപകയുമായ നൈയ സഗ്ഗി. കണ്ടന്റ് ക്രിയേറ്റർ വിരാജ് ആലയോട് സംസാരിക്കവെയാണ് നൈയ തന്റെ അനുഭവം പങ്കുവച്ചത്. അമേരിക്കയിലെ അവസരങ്ങൾ വേണ്ടെന്നുവച്ച് ഇന്ത്യയിലേക്ക് തിരികെയെത്തിയതിൽ പ്രതിഷേധിച്ചാണത്രെ മുത്തച്ഛൻ മൂന്ന് മാസത്തോളം സംസാരിക്കാതിരുന്നത്.

നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎ എൽഎൽബിയും, ഫുൾബ്രൈറ്റ് - ജെ.എൻ. ടാറ്റ സ്കോളർഷിപ്പോടെ ഹാർവാർഡ് ബിസിനസ് സ്കൂളിൽ നിന്ന് എംബിഎയും നേടിയ ആളാണ് നൈയ സഗ്ഗി. ഹാർവാർഡിൽ തനിക്ക് മുഴുവൻ ചെലവുകളും ഉൾപ്പെടുന്ന സ്കോളർഷിപ്പ് ലഭിച്ചിരുന്നതായും അവർ പറയുന്നുണ്ട്.

ഹാർവാർഡിലെ പഠനത്തിന് ശേഷം ഒരു വർഷത്തോളം 'ദി ബ്രിഡ്ജ്പാൻ ഗ്രൂപ്പിൽ' കൺസൾട്ടന്റായി ജോലി ചെയ്ത നൈയ 2015 -ലാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. 'ഞാൻ ലോകം മാറ്റാൻ തിരിച്ചുവന്നതാണ്. 2015 -ൽ ഇന്ത്യയിലേക്ക് മടങ്ങി. എന്റെ ആദ്യ കമ്പനി ഇന്ത്യയിൽ കെട്ടിപ്പടുത്തു, ഇപ്പോൾ എന്റെ മൂന്നാമത്തെ കമ്പനി നിർമ്മിക്കുന്ന തിരക്കിലാണ്' എന്നും നൈയ പറഞ്ഞു.

ഗർഭകാലത്ത് സഹോദരി അനുഭവിച്ച ബുദ്ധിമുട്ടുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 2015 -ൽ നൈയ സഗ്ഗി 'ബേബി ചക്ര' സ്ഥാപിക്കുന്നത്. 2021-ൽ ബേബി ചക്ര മൈഗ്ലാമുമായി ലയിക്കുകയും, തുടർന്ന് പ്രിയങ്ക ഗിൽ, ദർപൻ സംഘവി എന്നിവരോടൊപ്പം 'ദി ഗുഡ് ഗ്ലാം ഗ്രൂപ്പിന്റെ' സഹസ്ഥാപകയായി മാറുകയും ചെയ്തു. നിലവിൽ 'ഇഡിടി' എന്ന പുതിയ കൺസ്യൂമർ ടെക് കമ്പനിയുടെ നിർമ്മാണത്തിലാണ് അവർ.

താൻ കോടീശ്വര കുടുംബത്തിൽ നിന്നല്ല വരുന്നത്, മാതാപിതാക്കൾ സർക്കാർ ജീവനക്കാരായിരുന്നു. എന്നാൽ വിദേശത്തെ മികച്ച അവസരങ്ങൾ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങിയ തന്റെ തീരുമാനം കുടുംബത്തിലെ ചിലർക്ക്, പ്രത്യേകിച്ച് മുത്തച്ഛന് അംഗീകരിക്കാൻ കഴിഞ്ഞില്ല. '2015-ൽ ഞാൻ ഇന്ത്യയിലേക്ക് മടങ്ങിയപ്പോൾ മുത്തച്ഛൻ മൂന്ന് മാസം എന്നോട് സംസാരിച്ചില്ല. യുഎസിൽ തുടരാൻ ലഭിച്ച സുവർണാവസരവും ജോലിയും ഫുൾ സ്കോളർഷിപ്പും എന്തിനാണ് ഇന്ത്യയിൽ വന്ന് ബിസിനസ്സ് ചെയ്യാൻ വേണ്ടി ഉപേക്ഷിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം' എന്ന് നൈയ പറയുന്നു.

ഇന്ന് താൻ സ്ഥാപിച്ച കമ്പനികളുടെ മൂല്യം 1 ബില്യൺ ഡോളറിലധികം വരും. ഇന്ത്യയിൽ തന്നെ നിന്ന് ലോകത്തെ സ്വാധീനിക്കുന്ന വലിയ കമ്പനികളെ കെട്ടിപ്പടുക്കാൻ ഇന്ത്യൻ സംരംഭകർക്കും ടീമുകൾക്കും സാധിക്കുമെന്നും നൈയ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

ഫൈവ് സ്റ്റാര്‍ ഹോട്ടലിലൊക്കെ പോയാല്‍ ദോശ ഇങ്ങനെ കഴിക്കൂ; ഫോർക്കും സ്പൂണും ഉപയോഗിക്കാൻ പഠിപ്പിച്ച് എറ്റിക്വറ്റ് ഇൻസ്ട്രക്ടർ
കരിക്കിന് പോലും കൂടിയ വില; ബെംഗളൂരുവിലെ ജീവിത ചെലവിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ വിവാദം