പ്രയാഗ്‌രാജ് ജങ്ഷനിൽ ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കവെ പ്ലാറ്റ്ഫോമിനും പാളത്തിനും ഇടയിലേക്ക് വീണ യുവതിയെ ആർപിഎസ്എഫ് ഉദ്യോഗസ്ഥർ അത്ഭുതകരമായി രക്ഷപ്പെടുത്തി. യാത്രക്കാർ എമർജൻസി ചെയിൻ വലിച്ച് ട്രെയിൻ നിർത്തിയതിനെ തുടർന്നാണ് അഞ്ച് മിനിറ്റിനുള്ളിൽ യുവതിയെ സുരക്ഷിതമായി പുറത്തെടുത്തത്.

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ജങ്ഷനിൽ ഓടിത്തുടങ്ങിയ പ്രയാഗ്‌രാജ് എക്സ്പ്രസിനടിയിലേക്ക് വീണ യാത്രക്കാരിയെ റെയിൽവേ പ്രൊട്ടക്ഷൻ സ്പെഷ്യൽ ഫോഴ്സ് (RPSF) ഉദ്യോഗസ്ഥർ അത്ഭുതകരമായി രക്ഷപ്പെടുത്തി. സംഭവത്തിന്‍റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

ഓടുന്ന ട്രെയിനിൽ നിന്നും പ്ലാറ്റ്ഫോമിനും പാളത്തിനും ഇടയിലേക്ക്...

പ്ലാറ്റ്ഫോം ഒന്നിൽ നിന്ന് ട്രെയിൻ പുറപ്പെടുന്നതിനിടെയാണ് അപകടം. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ ബാലൻസ് തെറ്റുകയും പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുകയുമായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ടതോടെ ആർപിഎസ്എഫ് രണ്ടാം ബറ്റാലിയനിലെ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ മഹേഷ് കുമാർ ഹരിത്വാൾ, കോൺസ്റ്റബിൾമാരായ പ്രവേശ് കുമാർ, ബസന്ത് എന്നിവർ ഉടൻ തന്നെ സ്ഥലത്തേക്ക് ഓടിയെത്തി.

Scroll to load tweet…

ഇതിനിടെ ബഹളം കേട്ട് വണ്ടിയിലുണ്ടായിരുന്ന യാത്രക്കാർ ട്രെയിനിന്‍റെ എമർജൻസി ചെയിൻ വലിച്ച് ട്രെയിൻ നിർത്തി. തുടർന്ന് ഉദ്യോഗസ്ഥർ ട്രെയിനിനടിയിൽ കുടുങ്ങിയ സ്ത്രീയുടെ അടുത്തെത്തി സുരക്ഷിതമായി പുറത്തേക്ക് വലിച്ചെടുക്കുകയായിരുന്നു. അപകടം നടന്ന് ഏതാണ്ട് അഞ്ച് മിനിറ്റിനുള്ളിൽ തന്നെ യുവതിയെ രക്ഷപ്പെടുത്താൻ കഴിഞ്ഞു.

സിസിടിവി ദൃശ്യങ്ങൾ വൈറൽ

സംഭവത്തിന്‍റെ മുഴുവൻ ദൃശ്യങ്ങളും റെയിൽവേ സ്റ്റേഷനിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞു. യാത്രക്കാരുടെ സുരക്ഷയ്ക്കായി ആ‍ർപിഎസ്എഫ് നടത്തുന്ന ‘ഓപ്പറേഷൻ ജീവൻ രക്ഷ’യുടെ ഭാഗമായാണ് രക്ഷാപ്രവർത്തനം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. രക്ഷപ്പെട്ട യാത്രക്കാരി ഉദ്യോഗസ്ഥർക്ക് നന്ദി അറിയിക്കുകയും ചെയ്തു. അതേസമയം, ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കയറാനോ ഇറങ്ങാനോ ശ്രമിക്കുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകാമെന്ന് റെയിൽവേ അധികൃതർ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. യാത്രയ്ക്കിടെ റെയിൽവേ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.