
ആശുപത്രിയിലെ നീണ്ട ക്യൂവും മണിക്കൂറുകളോളമുള്ള കാത്തിരിപ്പും പ്രതീക്ഷിച്ച് ഫോൺ വിളിച്ച അമേരിക്കൻ യുവതിക്ക് മുംബൈയിലുണ്ടായത് അവിശ്വസനീയമായ അനുഭവം. ഇന്ത്യക്കാർക്ക് തികച്ചും സാധാരണമായ വീട്ടിലെത്തിയുള്ള രക്തസാമ്പിൾ ശേഖരിക്കൽ കണ്ട് അമ്പരന്നിരിക്കുകയാണ് മുംബൈയിൽ താമസിക്കുന്ന അമേരിക്കൻ കണ്ടന്റ് ക്രിയേറ്ററായ ലിസ്. ഇൻസ്റ്റഗ്രാമിൽ '@spicygori' എന്ന അക്കൗണ്ടിലൂടെ ലിസ് പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം.
തനിക്ക് ഒരു രക്തപരിശോധന ആവശ്യമായി വന്നപ്പോൾ അപ്പോയിന്റ്മെന്റ് എടുക്കാനും നേരിട്ട് പോകാനുമായി മുംബൈയിലെ ഒരു ക്ലിനിക്കിലേക്ക് ലിസ് വിളിക്കുകയായിരുന്നു. എന്നാൽ അങ്ങോട്ട് വരേണ്ട ആവശ്യമില്ലെന്നും ലാബിൽ നിന്നുള്ള ആരോഗ്യപ്രവർത്തകൻ വീട്ടിലെത്തി സാമ്പിൾ ശേഖരിക്കുമെന്നുമായിരുന്നു ക്ലിനിക്കിൽ നിന്നുള്ള മറുപടി. അഞ്ച് മിനിറ്റ് കൊണ്ട് വീട്ടിലെത്തി രക്തസാമ്പിൾ ശേഖരിച്ച് ടെക്നീഷ്യൻ മടങ്ങുകയും ചെയ്തു. അമേരിക്കയിൽ ഒട്ടും പരിചിതമല്ലാത്ത ഈ വേഗതയേറിയ സംവിധാനമാണ് ലിസിനെ അതിശയിപ്പിച്ചത്.
"ഇത് ഞാൻ ഇന്ത്യയിൽ മാത്രമേ കണ്ടിട്ടുള്ളൂ, മറ്റെവിടെയും കണ്ടിട്ടില്ല. ഒരു ആശുപത്രിയിൽ പോയി, കാത്തുനിന്ന്, അപ്പോയിന്റ്മെന്റ് എടുത്ത്, ഡോക്ടർക്കായി കാത്തിരിക്കുന്നതിനേക്കാൾ എത്രയോ വേഗത്തിലാണ് ഇത് നടക്കുന്നത്" - ലിസ് വീഡിയോയിൽ പറഞ്ഞു.
വേഗതയേറിയ സേവനത്തേക്കാളുപരി രക്തപരിശോധനയുടെ ചിലവാണ് ഇവരെ കൂടുതൽ അമ്പരപ്പിച്ചത്. അമേരിക്കയിൽ സമാനമായ ഒരു പരിശോധനയ്ക്ക് നൽകേണ്ടി വരുന്ന തുകയുടെ വെറും പത്തിലൊന്ന് മാത്രമാണ് ഇന്ത്യയിൽ ചിലവായതെന്ന് ലിസ് വ്യക്തമാക്കുന്നു. ഇത്രയും കുറഞ്ഞ നിരക്കായതിനാൽ തന്നെ വീട്ടിൽ വന്ന് സാമ്പിൾ ശേഖരിക്കുന്നതിന് വലിയൊരു തുക അധികമായി നൽകേണ്ടി വരുമെന്ന് അവർ കരുതി. എന്നാൽ ഹോം കളക്ഷൻ തികച്ചും സൗജന്യമാണെന്ന് അറിഞ്ഞപ്പോൾ തന്റെ സംശയങ്ങളെല്ലാം അസ്ഥാനത്തായെന്ന് യുവതി പറയുന്നു.
'ഇത് ഇന്ത്യയിൽ മാത്രം സാധ്യമായത്' എന്ന അടിക്കുറിപ്പോടെയാണ് ലിസ് വീഡിയോ പോസ്റ്റ് ചെയ്തത്. ലിസിന്റെ വീഡിയോയ്ക്ക് താഴെ വലിയ ചർച്ചകളാണ് നടക്കുന്നത്. 'ഇന്ത്യ ജീവിക്കാൻ പറ്റിയ എത്ര നല്ലൊരു നാടാണ്... ലോകം മുഴുവൻ കറങ്ങിയാലും ഒടുവിൽ ഇന്ത്യയിൽ വന്ന് ജീവിക്കാനേ ഞാൻ ആഗ്രഹിക്കൂ' എന്ന് ഒരാൾ കുറിച്ചപ്പോൾ, 'നമ്മൾ പലപ്പോഴും വലിയ കാര്യമായി വിചാരിക്കാത്ത പലതും യഥാർത്ഥത്തിൽ നമുക്ക് ലഭിച്ച വലിയ ഭാഗ്യങ്ങളാണ്' എന്നായിരുന്നു മറ്റൊരു പ്രതികരണം.