
ചെറിയ കടകൾ അടുത്തുള്ളത് ഇന്ത്യയിലെ ജീവിതം കൂടുതൽ എളുപ്പമാക്കുന്നുവെന്ന് അമേരിക്കൻ വ്ലോഗർ ക്രിസ്റ്റൻ ഫിഷർ. ന്യൂഡൽഹിയിൽ താമസിക്കുന്ന ക്രിസ്റ്റൻ, ഇന്ത്യയിലെ പ്രാദേശിക പലചരക്ക് കടകളെക്കുറിച്ചും അവയുടെ സൗകര്യങ്ങളെക്കുറിച്ചും പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഒരുപാട് യാത്ര ചെയ്യുകയോ, വലിയ സൂപ്പർമാർക്കറ്റുകൾ തേടിപ്പോകാതെയോ തന്നെ, വീടിനടുത്തുള്ള ചെറിയ കടകളിൽ നിന്ന് നിത്യോപയോഗ സാധനങ്ങൾ എളുപ്പത്തിൽ വാങ്ങാൻ കഴിയുന്നതാണ് ഇതിന്റെ പ്രത്യേകതയെന്ന് അവർ പറയുന്നു.
തന്റെ വീടിന് ഒരു മിനിറ്റ് നടക്കാവുന്ന ദൂരത്തിലുള്ള ഒരു ചെറിയ കടയിൽ അതിരാവിലെ സാധനങ്ങൾ വാങ്ങാൻ പോകുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. കടയിലെത്തി ഹിന്ദിയിൽ സംസാരിച്ചുകൊണ്ട് രണ്ട് ലിറ്റർ ഫുൾ ക്രീം പാലും അരക്കിലോ തൈരും എന്ന് അവർ ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. സാധനങ്ങൾ വാങ്ങി പണം നൽകിയ ശേഷം അവർ തിരികെ വീട്ടിലേക്ക് മടങ്ങുന്നു.
ഇന്ത്യയിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങളിലൊന്ന് എല്ലാ നഗരങ്ങളിലും ഉള്ള ഈ ചെറിയ കടകളാണെന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ ക്രിസ്റ്റൻ വ്യക്തമാക്കുന്നു. നിത്യജീവിതത്തിന് ആവശ്യമായ കാര്യങ്ങളെല്ലാം നടക്കാവുന്ന ദൂരത്തിൽ ലഭ്യമാണെന്നും, ഇന്ത്യയിലെ ജീവിതം സുഗമമായി മുന്നോട്ട് പോകുന്നതിൽ ഇത്തരം സ്റ്റോറുകൾ വഹിക്കുന്ന പങ്ക് വലുതാണെന്നും അവർ പ്രശംസിച്ചു.
വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. 'നിങ്ങൾക്ക് ബ്ലിങ്കിറ്റും ഉപയോഗിക്കാമല്ലോ' എന്ന് ഒരാൾ ചൂണ്ടിക്കാണിച്ചപ്പോൾ, 'ചെറിയ പലചരക്ക് കടകൾക്ക് ബിസിനസ്സ് നൽകുന്നത് നല്ല കാര്യമാണ്' എന്ന് മറ്റൊരാൾ അഭിനന്ദിച്ചു. മറ്റ് അനേകം പേർ യുവതിയുടെ ഹിന്ദി ഉച്ചാരണത്തെ പ്രശംസിച്ചുകൊണ്ടാണ് കമന്റുകൾ നൽകിയത്.