
കാലിഫോർണിയയിൽ 'വിന്നി ദി പൂ'വിനെ ഓർമിപ്പിക്കുന്ന രസകരമായൊരു സംഭവം. ഒരു കറുത്ത കരടി പ്രാദേശത്തെ ലൈബ്രറിയിൽ അതിക്രമിച്ചുകയറി. ലൈബ്രറി വളപ്പിലാകെ ചുറ്റിനടന്ന കരടി ഒടുവിൽ ഒരു കുപ്പി തേൻ സ്വന്തമാക്കുകയും ചെയ്തു. സംഭവത്തെ കൂടുതൽ കൗതുകകരമാക്കുന്നത് മറ്റൊരു കാര്യമാണ്. എ.എ. മിൽനെ സൃഷ്ടിച്ച പ്രിയപ്പെട്ട കഥാപാത്രമായ 'വിന്നി ദി പൂ' ആദ്യമായി പുസ്തകരൂപത്തിൽ പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാർഷികദിനമായ ഒക്ടോബർ 14 ബുധനാഴ്ചയായിരുന്നു ഈ സംഭവം.
മോണോ കൗണ്ടി ഫ്രീ ലൈബ്രറീസ് പുറത്തുവിട്ട സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പ്രകാരം, പ്രാദേശിക സമയം രാവിലെ ആറുമണിയോടെയാണ് കരടി ലൈബ്രറിയിൽ കയറിയത്. രാവിലെ പത്തുമണിക്കാണ് ലൈബ്രറി പൊതുജനങ്ങൾക്കായി തുറക്കുന്നത്.
'എ.എ. മിൽന്റെ വിന്നി ദി പൂ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ട് 100 വർഷം തികയുന്ന അതേ ദിവസം, മാമത്ത് ലേക്സ് ലൈബ്രറി ശാഖയിൽ തുറക്കുന്നതിനു മുമ്പുതന്നെ ഒരു കറുത്ത കരടി കയറിപ്പറ്റി. ആദരസൂചകമെന്നോണം, അത് നേരെ തേൻ തേടിപ്പോയി' എന്നായിരുന്നു ദൃശ്യങ്ങൾക്കൊപ്പം ലൈബ്രറി പങ്കുവെച്ച കുറിപ്പ്.
ലൈബ്രറിക്കുള്ളിൽ കടന്നയുടൻ കരടി ജീവനക്കാർക്കായി സൂക്ഷിച്ചിരുന്ന ലഘുഭക്ഷണങ്ങൾക്കരികിലേക്കാണ് നീങ്ങിയത്. നിലക്കടല, വെണ്ണ, പീച്ച് പഴങ്ങൾ, കുക്കികൾ എന്നിവയ്ക്കൊപ്പം ഒരു കുപ്പി തേനും കരടി അകത്താക്കി.
'വിശപ്പടക്കിയ ശേഷം കരടി ലൈബ്രറിയിലാകെ ചുറ്റിനടന്നു. പുതുതായി എത്തിയ പുസ്തകങ്ങൾ പരിശോധിച്ചു. റഫറൻസ് വിഭാഗത്തിലെ മേശയും നിരീക്ഷിച്ചു. സന്ദർശനത്തിൽ തൃപ്തനായതുപോലെ ഒടുവിൽ സ്വയം പുറത്തേക്കിറങ്ങി മടങ്ങുകയും ചെയ്തു' ലൈബ്രറിയുടെ കുറിപ്പിൽ പറയുന്നു.