
ഇന്ത്യയിലെ യാത്രയ്ക്കിടെ തനിക്കുണ്ടായ ഒരു മനോഹരമായ അനുഭവവും, ഒരു വർഷം കഴിഞ്ഞിട്ടും ആ ഓട്ടോ ഡ്രൈവറെ ഓർക്കുന്നതിനെക്കുറിച്ചും ഒരു വിദേശ വനിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. പണം വാങ്ങാൻ വിസമ്മതിച്ച ഒരു ഓട്ടോ ഡ്രൈവറും, തുടർന്ന് അദ്ദേഹത്തിന് നൽകിയ അപ്രതീക്ഷിത സമ്മാനവുമാണ് ഇവിടെ പങ്കുവച്ചിരിക്കുന്നത്.
'givingjoyfully_25' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. യാത്ര അവസാനിച്ചപ്പോൾ യാത്രാക്കൂലി നൽകാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ അത് വാങ്ങാൻ തയ്യാറായില്ല. 'പണം തരേണ്ടതില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ നിസ്വാർത്ഥത കണ്ട് ആകൃഷ്ടയായ വിദേശ വനിത അദ്ദേഹത്തിന് നന്ദി പറയുകയും, സ്നേഹസമ്മാനമായി 2,000 രൂപ ടിപ്പായി നൽകാൻ തീരുമാനിക്കുകയും ചെയ്തു.
പണം സ്വീകരിച്ച ഡ്രൈവർ സന്തോഷാധിക്യത്താൽ അവരോട് ആവർത്തിച്ച് നന്ദി പറഞ്ഞു. കുടുംബത്തെക്കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് ഒരു മകനും മൂന്ന് പെൺമക്കളുമുണ്ടെന്ന് അദ്ദേഹം മറുപടി നൽകി. ഈ സഹായം തനിക്ക് ഏറെ ഉപകാരപ്പെട്ടുവെന്ന് പറഞ്ഞ അദ്ദേഹം അവരെ അനുഗ്രഹിക്കുകയും ചെയ്തു.
ഒരു വർഷം കഴിഞ്ഞിട്ടും ആ ഡ്രൈവറെ തനിക്ക് മറക്കാനായില്ലെന്നും, അദ്ദേഹം എങ്ങനെയിരിക്കുന്നുവെന്നറിയാൻ ആഗ്രഹമുണ്ടെന്നും യുവതി പറയുന്നു. ആ ഡ്രൈവറെ കണ്ടെത്താൻ സഹായിക്കണമെന്ന അഭ്യർത്ഥനയോടെ പങ്കുവെച്ച ഈ വീഡിയോയ്ക്ക് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. 'സ്നേഹം എപ്പോഴും വിജയിക്കും', 'നമ്മൾ എന്ത് നൽകുന്നുവോ അതാണ് തിരികെ ലഭിക്കുന്നത്' തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്.