ഓഫീസിലെ മാനസിക പീഡനം, തുറന്നുപറഞ്ഞപ്പോൾ ബ്രെയിൻവാഷെന്ന് എച്ച്.ആർ, ജോലി രാജിവെച്ച് യുവതി

Published : Sep 26, 2026, 11:14 AM IST
Ritica

Synopsis

തുടർച്ചയായി പരാതികൾ ഉന്നയിച്ചതോടെ സ്ഥിതി കൂടുതൽ വഷളായി. തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതിനുള്ള തെളിവുണ്ടാക്കാൻ, സീനിയർ ജീവനക്കാർ ചേർന്ന് ജൂനിയർ ജീവനക്കാരെക്കൊണ്ട് തനിക്കെതിരെ ഇമെയിലുകൾ എഴുതിക്കാൻ സമ്മർദ്ദം ചെലുത്തിയതായി റിതിക ആരോപിക്കുന്നു.

കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ചൂഷണങ്ങളെ കുറിച്ചും ഓഫീസ് രാഷ്ട്രീയത്തെ കുറിച്ചും പലരും സാമൂഹിക മാധ്യമങ്ങളിൽ അനുഭവം പങ്കുവയ്ക്കാറുണ്ട്. അതുപോലെ ഒരു അനുഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ജോലിസ്ഥലത്ത് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങളും പീഡനങ്ങളും തുറന്നുപറഞ്ഞ് റിതിക എന്ന യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. എച്ച്.ആർ. വിഭാഗത്തിൽ നിന്നും മേലുദ്യോഗസ്ഥരിൽ നിന്നും യാതൊരുവിധ നീതിയും ലഭിക്കാതെ വന്നതോടെയാണ് താൻ രാജി വെക്കേണ്ടി വന്നതെന്ന് റിതിക പറയുന്നു.

തനിക്കെതിരെ നടന്ന തൊഴിൽപരമായ പീഡനങ്ങളെക്കുറിച്ച് ആദ്യമായി പരാതിപ്പെട്ടപ്പോൾ, 'ആരാണ് നിങ്ങളെ ബ്രെയിൻ വാഷ് ചെയ്യുന്നത്? ആരാണ് ഇതിനൊക്കെ പ്രേരിപ്പിക്കുന്നത്' എന്നായിരുന്നു എച്ച്.ആർ. റെപ്രസന്റേറ്റീവ് ചോദിച്ചതെന്ന് റിതിക പറയുന്നു. ഈ എച്ച്.ആറിനെതിരെ സീനിയർ എച്ച്.ആറിന് പരാതി നൽകിയിട്ടും യാതൊരു പരിഹാരവും ഉണ്ടായില്ല. തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയും ടാർഗറ്റ് ചെയ്യുകയുമാണെന്ന് പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല.

തുടർച്ചയായി പരാതികൾ ഉന്നയിച്ചതോടെ സ്ഥിതി കൂടുതൽ വഷളായി. തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതിനുള്ള തെളിവുണ്ടാക്കാൻ, സീനിയർ ജീവനക്കാർ ചേർന്ന് ജൂനിയർ ജീവനക്കാരെക്കൊണ്ട് തനിക്കെതിരെ ഇമെയിലുകൾ എഴുതിക്കാൻ സമ്മർദ്ദം ചെലുത്തിയതായി റിതിക ആരോപിക്കുന്നു.

ഈ നീക്കങ്ങളെക്കുറിച്ച് മനസ്സിലാക്കിയ റിതിക, കമ്പനി തനിക്കെതിരെ നടപടി എടുക്കുന്നതിന് മുൻപ് തന്നെ രാജി സമർപ്പിക്കുകയായിരുന്നു. എന്നാൽ, രാജിക്കത്തിന് ശേഷം മാനേജ്മെന്റ് പറഞ്ഞത് റിതിക രാജി വയ്ക്കുമെന്ന് പ്രതീക്ഷിച്ചില്ലായിരുന്നു എന്നും അവളെ കമ്പനി എപ്പോഴും സപ്പോർട്ട് ചെയ്തിരുന്നു എന്നുമാണ്. 'ഇതാണോ നിങ്ങളുടെ പിന്തുണ? ഭാവിയിൽ നിങ്ങൾക്കും ഇതേ സഹായം ലഭിക്കട്ടെ' എന്ന് പരിഹാസത്തോടെ റിതിക മറുപടി നൽകുകയായിരുന്നത്രെ.

റിതികയുടെ വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയത്. കോർപ്പറേറ്റ് ലോകത്തെ ഓഫീസ്‌ രാഷ്ട്രീയത്തെക്കുറിച്ചും ചില മാനേജർമാരുടെ പക്ഷപാതപരമായ പെരുമാറ്റത്തെക്കുറിച്ചും പലരും കമന്റ് ചെയ്തു. അത്തരം നെഗറ്റീവ് അന്തരീക്ഷത്തിൽ നിന്ന് കൃത്യസമയത്ത് ഇറങ്ങിയത് നല്ല തീരുമാനമാണെന്ന് പറഞ്ഞ് പലരും റിതികയെ പിന്തുണക്കുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

കോണ്ടം ഉപയോഗിക്കുന്നതെങ്ങനെ? വെള്ളരിക്ക ഉപയോഗിച്ച് വിദശീകരിക്കുന്ന ബീഹാർ അധ്യാപകന്‍റെ ‘റീപ്രൊഡക്ടീവ് ഹെൽത്ത്’ക്ലാസ് വൈറൽ
കുടുംബ കോടതി കെട്ടിടത്തിൽ നിന്നും യുവതി താഴേക്ക്... വീണതോ ചാടിയതോ?; സിസിടിവി ദൃശ്യങ്ങൾ വൈറൽ