തോളിലിരിക്കുന്നത് ഭീമൻ അനക്കോണ്ട, വൈറലായി വീഡിയോ, ഇതൊക്കെ എങ്ങനെ സാധിക്കുന്നെന്ന് നെറ്റിസൺസ്

Published : Feb 02, 2024, 05:06 PM IST
തോളിലിരിക്കുന്നത് ഭീമൻ അനക്കോണ്ട, വൈറലായി വീഡിയോ, ഇതൊക്കെ എങ്ങനെ സാധിക്കുന്നെന്ന് നെറ്റിസൺസ്

Synopsis

മൃഗങ്ങളോടുള്ള അഗാധമായ വാത്സല്യം കൊണ്ടും അവയെ കൈകാര്യം ചെയ്യുന്ന രീതികൊണ്ടും, ഹോൾസ്റ്റൺ ഇൻ്റർനെറ്റിൽ 'ദി റിയൽ ടാർസൻ' എന്ന പേരിലാണ് അറിയപ്പെടുന്നത്.

ചിത്രങ്ങളിലും വീഡിയോകളിലും പോലും പാമ്പിനെ കാണുമ്പോൾ അസ്വസ്ഥത ഉണ്ടാകുന്നവരാണ് നമ്മിൽ ഭൂരിഭാ​ഗവും. എന്നാൽ, ലോകത്തിലെ തന്നെ ഏറ്റവും ഭാരമുള്ള പാമ്പിനെ ചുമലിലേറ്റി നെറ്റിസൺസിനെ ഞെട്ടിച്ചിരിക്കുകയാണ് ഒരു അമേരിക്കൻ ഫുട്ബോൾ താരം. 

നാഷണൽ ഫുട്ബോൾ ലീഗിലെ മുൻ അമേരിക്കൻ ഫുട്ബോൾ വൈഡ് റിസീവറായ മൈക്ക് ഹോൾസ്റ്റൺ എന്നറിയപ്പെടുന്ന മൈക്കൽ ആൻ്റണി ഹോൾസ്റ്റൺ ആണ് ഒരു പന്തു പിടിക്കുന്ന ലാഘവത്തോടെ ഭീമൻ പാമ്പിനെ ചുമലിലേറ്റി സോഷ്യൽ മീഡിയ ഉപയോക്താക്കളെ ഞെട്ടിച്ചിരിക്കുന്നത്. ഫുട്ബോളിനോട് എന്നപോലെ തന്നെ ഹോൾസ്റ്റണ് മൃ​ഗങ്ങളോടുള്ള സ്നേഹവും ഏറെ പ്രശസ്തമാണ്. തൻ്റെ  ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ, പാമ്പുകൾ മുതൽ ഭീമാകാരമായ മുതലകൾ വരെയുള്ള മൃ​ഗങ്ങളുമായി അടുത്തിടപഴകുന്ന ചിത്രങ്ങളും വീഡിയോകളും അദ്ദേഹം പതിവായി പങ്കുവയ്ക്കാറുണ്ട്. 

ഏതായാലും ഹോൾസ്റ്റണിൻ്റെ പുതിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ തരം​ഗമായി മാറിക്കഴിഞ്ഞു. ഒരു ഭീമാകാരമായ ഗ്രീൻ അനക്കോണ്ടയെ തോളിലേറ്റി യാതൊരു വിധ ഭയമോ പരിഭ്രാന്തിയോ ഇല്ലാതെ ഹോൾസ്റ്റൺ നിൽക്കുന്നതാണ് വീഡിയോ. ആത്മവിശ്വസത്തോടെയുള്ള ഹോൾസ്റ്റണിന്റെ പാമ്പുമായുള്ള ഇടപെടൽ ആരെയും അമ്പരപ്പിക്കുന്നതാണ്. പാമ്പ് അദ്ദേഹത്തിന്റെ കഴുത്തിലൂടെ ഇഴഞ്ഞ് മുകളിലേക്ക് നീങ്ങുന്നതും തല ഉയർത്തിപ്പിടിച്ച് നിൽക്കുന്നതും വീഡിയോയിൽ കാണാം. 

 

വീഡിയോ കണ്ട് നിരവധിപ്പേര്‍ ഇയാളുടെ ധൈര്യത്തെ അഭിനന്ദിച്ചു. മൃഗങ്ങളോടുള്ള അഗാധമായ വാത്സല്യം കൊണ്ടും അവയെ കൈകാര്യം ചെയ്യുന്ന രീതികൊണ്ടും, ഹോൾസ്റ്റൺ ഇൻ്റർനെറ്റിൽ 'ദി റിയൽ ടാർസൻ' എന്ന പേരിലാണ് അറിയപ്പെടുന്നത്. കടുവകൾ, മുതലകൾ, സ്രാവുകൾ തുടങ്ങിയ അപകടകാരികളായ ജീവികളുമായി സമ്പർക്കം പുലർത്താറുണ്ട് ഹോൾസ്റ്റൺ. ഭയത്തോടെ അല്ലാതെ സ്നേഹത്തോടെയും സൗഹൃദത്തോടെയും മൃ​ഗങ്ങളെ സമീപിച്ചാൽ അവയും തിരിച്ച് സൗഹൃദപരമായി പെരുമാറുമെന്നാണ് ഹോൾസ്റ്റണിന്റെ ഇതിനോടുള്ള വിചിത്രമായ വാദം.

ഭാരവും നീളവും കണക്കിലെടുക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ പാമ്പാണ് ​ഗ്രീൻ അനക്കോണ്ട. ഇതിന് 30 അടി വരെ (9 മീറ്റർ) നീളത്തിലും 550 പൗണ്ട് (227 കിലോഗ്രാം) വരെ ഭാരത്തിലും വളരാൻ കഴിയും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിൽ ഒരു അവധി കിട്ടണമെങ്കിൽ യാചിക്കേണ്ടി വരും, സിം​ഗപ്പൂരിൽ അത് വേണ്ട; പോസ്റ്റുമായി യുവാവ്
കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി