Grandma tricks scammer : കൊച്ചുമകനാണെന്നും പറഞ്ഞ് ഫോൺ, പണംതട്ടാൻ ശ്രമിച്ചയാളെ വീട്ടിൽവരുത്തി പൂട്ടി മുത്തശ്ശി!

By Web TeamFirst Published Jan 26, 2022, 3:42 PM IST
Highlights

അങ്ങോട്ടുമിങ്ങോട്ടും കുറേ ഫോൺകോളായപ്പോൾ അടുത്തതായി അഭിഭാഷകനാണ് എന്നും പറഞ്ഞ് ഒരാൾ സംസാരിച്ച് തുടങ്ങി. എട്ടായിരം ഡോളർ എത്രയും വേ​ഗം തരണം എന്നായിരുന്നു അയാളും പറഞ്ഞത്. 

ഇന്റർനെറ്റിൽ തട്ടിപ്പുകാർക്ക്(Scammer) ഒരു കുറവുമില്ല, അവർ എല്ലായിടത്തും ഭീഷണിയായി തുടരുന്നു. ഇക്കാലത്ത് തട്ടിപ്പുകളിൽ വീഴുന്നത് വളരെ എളുപ്പവുമാണ്. എന്നാൽ, ഒരു മുത്തശ്ശി നമുക്ക് എങ്ങനെ കൂടുതൽ ശ്രദ്ധാലുക്കളായിരിക്കാം എന്ന് കാണിച്ചുതരുന്നു. ന്യൂയോർക്കിലെ ലോംഗ് ഐലൻഡിൽ(Long Island, New York) നിന്നുള്ള 73 -കാരിയായ ഈ സ്ത്രീക്ക് ഒരു ഫോൺ വന്നു. കൊച്ചുമകനാണ് എന്നും പറഞ്ഞായിരുന്നു വിളി. തന്നെ മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് പിടിച്ചിരിക്കുകയാണ് എന്നായിരുന്നു ഇയാൾ പറഞ്ഞത്. 

മുൻ 911 ഏജന്റായ ജീൻ എബെർട്ടി(Jean Ebbert)നാണ് കൊച്ചുമകനാണ് എന്ന് പറഞ്ഞുകൊണ്ടുള്ള ഫോൺ വന്നത്. ജാമ്യത്തിന് 8,000 ഡോളർ ആവശ്യമാണെന്നും ഫോൺ വിളിച്ചയാൾ പറഞ്ഞു. എബെർട്ടിന് വാഹനമോടിക്കാൻ പ്രായമുള്ള ഒരു കൊച്ചുമകനില്ല, ഇത് ഒരു തട്ടിപ്പാണ് എന്നും അറിയാമായിരുന്നു. എന്നാൽ, വീട്ടുകാരെല്ലാം ഫോൺ വയ്ക്കാൻ പറഞ്ഞിട്ടും ഇതെത്രവരെ പോകുമെന്നറിയാൻ എബെർട്ട് ഫോൺ വയ്ക്കാതെ സംസാരം തുടർന്നു. 

അയാളൊരു തട്ടിപ്പുകാരനാണ് എന്ന് എബെർട്ടിന് കൃത്യമായും അറിയാമായിരുന്നു. അങ്ങോട്ടുമിങ്ങോട്ടും കുറേ ഫോൺകോളായപ്പോൾ അടുത്തതായി അഭിഭാഷകനാണ് എന്നും പറഞ്ഞ് ഒരാൾ സംസാരിച്ച് തുടങ്ങി. എട്ടായിരം ഡോളർ എത്രയും വേ​ഗം തരണം എന്നായിരുന്നു അയാളും പറഞ്ഞത്. എബെർട്ട് ആവട്ടെ, പണം തന്റെ വീട്ടിലുണ്ട് എന്നും നേരിട്ടെത്തിയാൽ തരാമെന്നും ഇയാളോട് പറഞ്ഞു. അതേസമയം തന്നെ പൊലീസിനേയും വിളിച്ചു.

അങ്ങനെ കുറച്ച് സമയത്തിനുശേഷം തട്ടിപ്പുകാരനെത്തി, എബെർട്ട് പണമെന്ന വ്യാജേന ഒരു കവറിൽ കുറേ കടലാസുകളിട്ട് ഇയാൾക്ക് കൊടുത്തു. പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്‍തു. ഇതെല്ലാം ഇവരുടെ വീട്ടിലെ ഡോർബെൽക്യാമറയിൽ പതിഞ്ഞിരുന്നു. ന്യൂയോർക്കിലെ മിനോളയിൽ നിന്നുള്ള 28 -കാരനായ ജോഷ്വ എസ്ട്രെല്ല ഗോമസ് ആണ് ഇയാളെന്ന് പിന്നീട് തിരിച്ചറിഞ്ഞു. 

click me!