
ചൈനയിൽ ഒരു വരൻ(groom) ഫോണിൽ ലൈവായി തന്റെതന്നെ വിവാഹ(own wedding)വീഡിയോ കാണുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. കൊവിഡ് നിയമങ്ങളിൽ പെട്ടെന്ന് വന്ന മാറ്റത്തെ തുടർന്നാണ് വരന് വിവാഹം നടക്കുന്ന ഹോട്ടലിന് പുറത്തിരുന്ന് വിവാഹവീഡിയോ കാണേണ്ടി വന്നത്. വീഡിയോയിൽ വിവാഹവസ്ത്രം ധരിച്ചിരിക്കുന്ന വരൻ വേദിക്ക് പുറത്തിരുന്നു കൊണ്ട് തന്റെ മൊബൈലിൽ വിവാഹവീഡിയോ കാണുകയാണ്. അതിൽ വിവാഹവേദിയിൽ വധു നടന്നുവരുന്നത് കാണാം. 'വിവാഹം തുടങ്ങി, പക്ഷേ വരനിപ്പോഴും പുറത്താണ്' എന്ന് വീഡിയോ ചിത്രീകരിക്കുന്ന ആൾ പറയുന്നുണ്ട്. പിന്നാലെ, ഇയാൾ പൊട്ടിച്ചിരിച്ചുപോവുകയാണ്.
വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി. അതിൽ, ഹാഷ്ടാഗിൽ വരന് കൊവിഡ് ടെസ്റ്റ് നടത്താത്തതിനാൽ അകത്ത് കയറാനായില്ല എന്നും അതുകൊണ്ട് വിവാഹത്തിന്റെ ലൈവ് വീഡിയോ കാണേണ്ടി വന്നിരിക്കുകയാണ് എന്നും പറയുന്നു. ചൈനയിലെ സാമൂഹികമാധ്യമമായ വെയ്‍ബോയിൽ 210 മില്ല്യണിലധികം പേരാണ് വീഡിയോ കണ്ടത്.
പിന്നീട്, സിൻജിയാങ്ങിൽ നിന്നുള്ള വരൻ ഡെംഗ് എന്താണ് സംഭവിച്ചത് എന്ന് വിശദീകരിച്ചുകൊണ്ട് മറ്റൊരു ചൈനീസ് സാമൂഹികമാധ്യമത്തിൽ വീഡിയോ ചെയ്‍തു. നേരത്തെ തങ്ങളോട് പറഞ്ഞിരുന്നത് നാലുദിവസം മുമ്പ് കൊവിഡ് ടെസ്റ്റ് നടത്തിയതിന്റെ സർട്ടിഫിക്കറ്റ് വേണമാണ് വേദിയിലേക്ക് പ്രവേശിക്കാനെന്നാണ്. എന്നാൽ, വിവാഹത്തിനായി സ്ഥലത്തെത്തുമ്പോഴാണ് 48 മണിക്കൂറിനുള്ളിൽ ടെസ്റ്റ് നടത്തിയതിന്റെ സർട്ടിഫിക്കറ്റ് ഇല്ലാത്ത ആരേയും വേദിയിലേക്ക് കയറ്റില്ല എന്ന് അറിയുന്നത്. അതോടെ, അതില്ലാത്ത താൻ പെട്ടെന്ന് തന്നെ അടുത്തുള്ള ക്ലിനിക്കിലേക്ക് പോയി. വരൻ മാത്രമല്ല സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ 20 അതിഥികൾക്കും അകത്തേക്ക് പ്രവേശിക്കാനായില്ല.
അങ്ങനെ ഡെംഗിന് റിസൽട്ട് വരുന്നതുവരെ വേദിക്ക് പുറത്ത് കാത്തിരിക്കുകയല്ലാതെ മറ്റ് നിർവാഹമുണ്ടായിരുന്നില്ല. അതേസമയം അതിഥികൾ അക്ഷമരായിത്തുടങ്ങിയിരുന്നു. അങ്ങനെ വധു ഡെംഗിന്റെ മാതാപിതാക്കൾക്കൊപ്പം വിവാഹം നടക്കുന്നയിടത്തേക്ക് എത്തട്ടെ എന്ന് തീരുമാനിച്ചു. അങ്ങനെ അവർ അതിഥികളോട് കാര്യം വിശദീകരിക്കുകയും കാത്തിരിക്കുന്നതിന് എല്ലാവർക്കും നന്ദി പറയുകയും ചെയ്‍തു. മാത്രമല്ല, വിരുന്നും തുടങ്ങി. അങ്ങനെ അതിഥികളെല്ലാം ആ സമയം കൊണ്ട് വയർ നിറച്ചു. അങ്ങനെ വരനായ ഡെംഗ് പുറത്തിരുന്ന് മൊബൈലിൽ ലൈവായി ഇതെല്ലാം വീക്ഷിച്ചു.
രണ്ട് മണിക്കായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാൽ, വരന് പ്രവേശനം ലഭിച്ചപ്പോൾ 4.43 ആയി. വിവാഹം നടന്നത് വൈകുന്നേരം ആറ് മണിക്കും. 'അതായിരുന്നു വിവാഹത്തിന്റെ യഥാർത്ഥ തുടക്കം. അത് മനോഹരവുമായിരുന്നു' എന്ന് ഡെംഗ് വീഡിയോയിൽ പറഞ്ഞു.