
മേഘാലയയിലെ ഷില്ലോങ്ങിൽ പുതുതായി ആരംഭിച്ച ഹോംസ്റ്റേയിൽ ഗസ്റ്റുകൾ കാണിച്ച അതിക്രമത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം. വിനോദസഞ്ചാരികൾ പ്രോപ്പർട്ടിയിൽ കേടുപാടുകൾ വരുത്തിയതായും കെയർടേക്കറെ മർദ്ദിച്ചതായും ഉടമ. റീസ കോളനിയിലുള്ള 'ദി ഓക്ക് വുഡ്' എന്ന എയർബിഎൻബി ഹോംസ്റ്റേയിലാണ് സംഭവം നടന്നത്. ഹോംസ്റ്റേയിൽ നിന്നും ഒഴിഞ്ഞുതരാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഗസ്റ്റായെത്തിയ സംഘം കെയർടേക്കറെ മർദ്ദിക്കുകയും ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്‌തത്രെ. തകർന്ന നിലയിലുള്ള ഹോംസ്റ്റേയുടെ ദൃശ്യങ്ങളും ഉടമ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. ഹോംസ്റ്റേ ഒരുക്കുന്നതിന് മുൻപുള്ളതും അക്രമത്തിന് ശേഷമുള്ളതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
'അതിഥികൾക്ക് കംഫർട്ടബിളായ താമസമൊരുക്കാൻ ഒരുപാട് കഷ്ടപ്പെട്ടാണ് ഞങ്ങൾ ഈ ഹോംസ്റ്റേ ഒരുക്കിയത്. എന്നാൽ ചിലർ ഇത്തരത്തിലാണ് അതിനോട് പെരുമാറുന്നത്. ഒട്ടും സിവിക് സെൻസില്ലാത്ത പെരുമാറ്റം' എന്നാണ് ഉടമ ഇൻസ്റ്റഗ്രാമിൽ ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.
'അനുമതിയില്ലാതെ ആളുകളെ കയറ്റുക, മദ്യപിച്ച് അക്രമം കാണിക്കുക, വസ്തുവകകൾ നശിപ്പിക്കുക എന്നിവയെല്ലാം ഇവർ ചെയ്‌തു. മുറിക്കുള്ളിൽ പലവിധ ലഹരിവസ്തുക്കൾ ഉപയോഗിച്ച് നിയമങ്ങൾ ലംഘിച്ചു. ഒടുവിൽ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടപ്പോൾ കൂടെയുണ്ടായിരുന്ന ഗൺമാനെ ഉപയോഗിച്ച് ഹോംസ്റ്റേ ഉടമയെയും കെയർടേക്കറെയും ഭീഷണിപ്പെടുത്തി. സംഘത്തിലൊരാൾ കെയർടേക്കറുടെ മേൽ കൈവെക്കുകയും ചെയ്‌തു' എന്നും ഉടമ കുറിക്കുന്നു.
എന്നാൽ, ഇത്രയധികം നാശനഷ്ടങ്ങളുണ്ടാക്കിയിട്ടും തങ്ങൾ വരും മുമ്പ് തന്നെ പ്രോപ്പർട്ടി ഈ അവസ്ഥയിലാണ് ഉണ്ടായിരുന്നതെന്നാണ് ഗസ്റ്റുകൾ പറയുന്നത്. അക്രമം നടത്തിയ അതിഥികളുടെ വിവരങ്ങളും ഉടമ പങ്കുവെച്ചു. മേഘാലയയിലെ മറ്റ് ഹോംസ്റ്റേ ഉടമകൾ ഇവർക്ക് ബുക്കിംഗ് നൽകരുതെന്നും ഉടമ അഭ്യർത്ഥിക്കുന്നു. നിരവധിപ്പേരാണ് ഗസ്റ്റുകളുടെ പെരുമാറ്റത്തെ വിമർശിച്ചുകൊണ്ട് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. കണ്ണിൽച്ചോരയില്ലാത്ത പരിപാടിയാണ് ഗസ്റ്റുകൾ കാണിച്ചതെന്ന് അനേകങ്ങൾ കമന്റ് നൽകി.