ന്യൂയോർക്കിൽ ജീവിക്കാൻ പണം മാത്രം പോര. അവിടുത്തെ അതിവേഗത്തിലുള്ള ജീവിതവുമായി പൊരുത്തപ്പെടാൻ കഴിഞ്ഞില്ലെങ്കിൽ മാനസികമായി തളർന്നുപോകുമെന്ന് ഇന്ത്യന്‍ പ്രവാസി.

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക-സാംസ്കാരിക കേന്ദ്രങ്ങളിലൊന്നായ ന്യൂയോർക്ക് സിറ്റി അവസരങ്ങളുടെയും വിജയങ്ങളുടെയും നാടായാണ് അറിയപ്പെടുന്നത്. എന്നാൽ അവിടെ ജീവിക്കുക എന്നത് പണം കൊണ്ടുമാത്രം സാധ്യമാകുന്ന ഒന്നല്ലെന്ന് തുറന്നുപറയുകയാണ് ഒരു ഇന്ത്യൻ പ്രവാസി. ഒരു പതിറ്റാണ്ടിലേറെയായി ഇദ്ദേഹം ന്യൂയോർക്കിലാണ് താമസിക്കുന്നത്. ഇന്ത്യൻ വിനോദസഞ്ചാരിയായ കുനാൽ ദത്ത് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് ന്യൂയോർക്ക് ജീവിതത്തിന്റെ മറുവശം വ്യക്തമാക്കുന്നത്. ന്യൂയോർക്കിന്റെ അതിവേഗത്തിലോടുന്ന അന്തരീക്ഷത്തിനൊപ്പം സഞ്ചരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആളുകൾ ഇവിടെ ഒറ്റപ്പെട്ടുപോകുമോ എന്ന കുനാൽ ദത്തിന്റെ ചോദ്യത്തിനാണ് പ്രവാസി മറുപടി നൽകിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'അത് തികച്ചും സത്യമാണ്. സ്വന്തം ജീവിതത്തെക്കുറിച്ചും ചെയ്യുന്ന ജോലിയെക്കുറിച്ചും സ്വയം സന്തോഷം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഈ നഗരം മനുഷ്യരെ മാനസികമായി വിഴുങ്ങിക്കളയും' അദ്ദേഹം പറഞ്ഞു. ചുറ്റുമുള്ള മനുഷ്യർ അതിവേഗം വളരുന്നതും കഠിനാധ്വാനം ചെയ്ത് മുന്നേറുന്നതും നിരന്തരം കാണുമ്പോൾ, തങ്ങൾ മാത്രം പിന്നിലായിപ്പോകുന്നു എന്ന ചിന്ത പലരിലും നിരാശയുണ്ടാക്കും. ഈ കടുത്ത മത്സരവും അമിത സമ്മർദ്ദവുമാണ് പലരുടെയും പതനത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആകാശം മുട്ടുന്ന ജീവിതച്ചെലവ്

തുടർച്ചയായ ഓട്ടത്തിന് പുറമെ നഗരത്തിലെ ഉയർന്ന ജീവിതച്ചെലവും വലിയൊരു പ്രതിസന്ധിയാണ്. ഒരു സാധാരണ നല്ല റെസ്റ്റോറന്റിൽ നിന്ന് കഴിക്കുന്ന ഒരു ഉച്ചഭക്ഷണത്തിന് പോലും കുറഞ്ഞത് $100 (ഏകദേശം 9,500 രൂപ) മുതൽ $150 (ഏകദേശം 14,300 രൂപ) വരെ ചിലവ് വരുമെന്ന് കുനാൽ ദത്തും സാക്ഷ്യപ്പെടുത്തുന്നു. കൺമുന്നിൽ വലിയ അവസരങ്ങളും പണവും അതിവേഗം കൈമാറ്റം ചെയ്യപ്പെടുമ്പോൾ, സ്വന്തം കരിയറിനെക്കുറിച്ച് സംശയം തോന്നിത്തുടങ്ങിയാൽ ന്യൂയോർക്കിലെ അന്തരീക്ഷം ആളുകളെ തളർത്തും.

ജീവിതത്തിൽ വിശ്രമമില്ലാതെ പണിയെടുക്കാൻ തയ്യാറുള്ള 23 നും 35 നും ഇടയിൽ പ്രായമുള്ളവരാണ് പൊതുവെ ന്യൂയോർക്കിലേക്ക് വരുന്നത്. ഇവിടെ നിലനിൽക്കണമെങ്കിൽ കഠിനാധ്വാനിയായ ഒരു 'ഹസ്‌ലർ' ആയേ തീരൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

എന്തുകൊണ്ട് ആളുകൾ ന്യൂയോർക്ക് വിടുന്നു?

വിവാഹം, കുട്ടികൾ, സ്വന്തമായി ഒരു വലിയ വീട് എന്നിവയെക്കുറിച്ച് ചിന്തിക്കുമ്പോൾ ഭൂരിഭാഗം പേരും ന്യൂയോർക്ക് വിട്ട് മറ്റ് നഗരപ്രാന്തങ്ങളിലേക്ക് മാറാറുണ്ടെന്ന് കുനാൽ നിരീക്ഷിച്ചു. ന്യൂയോർക്ക് സിറ്റിക്കുള്ളിൽ കുടുംബവുമായി ജീവിക്കുക എന്നത് അത്ര എളുപ്പമല്ലെന്ന് പ്രവാസി സമ്മതിക്കുന്നു. അഞ്ചോ ആറോ വർഷത്തെ കരിയറിന് ശേഷം വലിയ വീടുകളും തോട്ടങ്ങളും കുട്ടികൾക്ക് മികച്ച സ്കൂളുകളും ആഗ്രഹിച്ച് ആളുകൾ ന്യൂയോർക്ക് വിടുകയാണ് പതിവ്.

View post on Instagram

കൂടാതെ സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് ഫ്ലോറിഡ, ടെക്സസ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് മാറുന്നവരും കുറവല്ല. ഈ സംസ്ഥാനങ്ങളിൽ താമസക്കാർ സ്റ്റേറ്റ് ഇൻകം ടാക്സ് നൽകേണ്ടതില്ല, ഫെഡറൽ നികുതി മാത്രം നൽകിയാൽ മതിയാകും. ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്കോ, ബോസ്റ്റൺ തുടങ്ങിയ വൻ നഗരങ്ങളെ അപേക്ഷിച്ച് സെൻട്രൽ അമേരിക്കൻ നഗരങ്ങളിൽ ജീവിതച്ചെലവ് വളരെ കുറവാണെന്നതും ആളുകളെ ന്യൂയോർക്കിൽ നിന്ന് അകറ്റാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണെന്ന് പറഞ്ഞാണ് ഇവർ സംഭാഷണം അവസാനിപ്പിക്കുന്നത്.