
വിവാഹവേദിയിലേക്ക് വധൂവരന്മാരെ ആനയിച്ചു കൊണ്ടുവരുന്ന പലതരത്തിലുള്ള ചടങ്ങുകൾ നിങ്ങൾ കണ്ടിട്ടുണ്ടാവും. എന്നാൽ, ബലൂൺ പൊട്ടിത്തെറിച്ച് വിവാഹ വേദിയിൽ എത്തുന്ന നവദമ്പതികളെ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? കേൾക്കുമ്പോൾ കൗതുകകരമായി തോന്നുന്നുണ്ടാകും അല്ലേ.
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ നവദമ്പതികളെ വിവാഹവേദിയിൽ എത്തിക്കുന്നത് ബലൂണിനുള്ളിൽ കയറ്റിനിർത്തി അത് പൊട്ടിച്ചാണ്. ഹൃദയത്തിൻറെ ഷേപ്പിലുള്ള ഒരു ബലൂൺ പൊട്ടുമ്പോൾ അതിനുള്ളിൽ നവദമ്പതികൾ നിൽക്കുന്ന കാഴ്ച ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ‘ഹാർട്ട് ബ്ലാസ്റ്റ് എൻട്രി’ എന്നാണ് ഈ രംഗപ്രവേശനത്തിന്റെ പേര്.
'വിഘ്നേഷ് വാറൻ' എന്ന ഇൻസ്റ്റാഗ്രാം യൂസർ പങ്കിട്ട വീഡിയോയിൽ 'വെള്ളനിറത്തിലുള്ള ഫെയറി ഡ്രെസ്സുകൾ' ധരിച്ച നർത്തകർ നൃത്തം ചെയ്യുന്ന ഒരു സ്റ്റേജാണ് ഉള്ളത്. അതിന്റെ നടുവിലായി ഒരു വലിയ പിങ്ക് ബലൂൺ സജ്ജീകരിച്ചിട്ടുണ്ട്. പെട്ടെന്നാണ് അത് സംഭവിക്കുന്നത്, വേദിയിലെ മനോഹരമായ നൃത്തത്തിനിടയിൽ ബലൂൺ പൊട്ടിത്തെറിക്കുന്നു.
എല്ലാവരും അമ്പരന്ന് നോക്കുമ്പോൾ അതാ ബലൂണിനുള്ളിൽ വധുവരന്മാർ. പരസ്പരം കൈകോർത്തു നിൽക്കുന്ന വധൂവരന്മാർ സദസ്സിനെ വണങ്ങുന്നതിനിടയിൽ വീഡിയോ അവസാനിക്കുന്നു. തീർത്തും അപ്രതീക്ഷിതമായി ഒരു നിമിഷം കൊണ്ട് എല്ലാം കഴിഞ്ഞെങ്കിലും കൗതുകകരമായ ഒരു കാഴ്ചയാണ് അതിഥികൾക്ക് ഈ ഹാർട്ട് ബ്ലാസ്റ്റ് എൻട്രി സമ്മാനിച്ചത്.
വീഡിയോയിൽ ഇവൻ്റിൻ്റെ തീയതിയോ സ്ഥലമോ വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഇത് സോഷ്യൽ മീഡിയ ശ്രദ്ധ പിടിച്ചുപറ്റി, ഇൻസ്റ്റാഗ്രാമിൽ 1.3 ദശലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു.