
ജീവിതത്തിൽ ആദ്യമായി വിമാനയാത്ര നടത്തുന്ന, ആദ്യമായി ഗോവ കാണുന്ന ഒരു മുത്തശ്ശിയുടെ ഹൃദയസ്പർശിയായ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇഷ എന്ന ഇൻസ്റ്റഗ്രാം യൂസറാണ് തന്റെ മുത്തശ്ശിയുടെ ഈ മനോഹരമായ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഗ്രാമത്തിനും സ്വന്തം വീടിനും പുറത്തേക്ക് അധികം യാത്ര ചെയ്യാത്ത ആളായിരുന്നു ഈ മുത്തശ്ശി. വിമാനത്തിൽ യാത്ര ചെയ്യുകയെന്നത് ഒരിക്കലും അവർ ചിന്തിച്ചിട്ട് പോലുമില്ലാത്ത കാര്യമാണ്.
മുത്തശ്ശി വിമാനത്താവളത്തിലൂടെ നടക്കുന്നതും, വിമാനത്തിനുള്ളിൽ ഇരുന്ന് ആ ആദ്യയാത്ര ആസ്വദിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. 'ഞങ്ങൾക്ക് യാത്ര ചെയ്യാനും വ്യത്യസ്തമായ സ്ഥലങ്ങൾ കാണാനും സാധിച്ചപ്പോൾ, ഇത്തവണ മുത്തശ്ശിയുടെ ടേൺ ആണെന്ന് ഞങ്ങൾ തീരുമാനിച്ചു. ജീവിതത്തിലാദ്യമായി വിമാനത്തിൽ കയറിയതും ഗോവ സന്ദർശിച്ചതും അവരുടെ ആദ്യത്തെ അനുഭവമായിരുന്നു. അവർക്ക് ലഭിച്ച 'പ്രിൻസസ് ട്രീറ്റ്മെന്റ്' കണ്ടത് വിലമതിക്കാനാവാത്തതായിരുന്നു' എന്നാണ് ഇഷ ക്യാപ്ഷനിൽ കുറിച്ചത്.'
ജീവിതകാലം മുഴുവൻ മറ്റുള്ളവർക്ക് പ്രാധാന്യം നൽകിയ നമ്മുടെ മുത്തശ്ശിമാർക്ക് ലോകം കാണാൻ അവസരം നൽകണമെന്നും ഇത്തരം ചെറിയ സന്തോഷങ്ങൾ സമ്മാനിക്കണമെന്നുമാണ് ഇഷയ്ക്ക് മറ്റുള്ളവരോടും ആവശ്യപ്പെടാനുള്ളത്. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ പലരും കമന്റുകളുമായി എത്തി. പലരും തങ്ങളുടെ മുത്തശ്ശിമാരെയാണ് ഓർത്തത്. 'ഞാൻ ജോലിക്ക് കയറുമ്പോൾ എന്റെ മുത്തശ്ശിയുമായി ലോകം മുഴുവൻ യാത്ര ചെയ്യാൻ പ്ലാൻ ചെയ്തിരുന്നു... നിർഭാഗ്യവശാൽ എനിക്ക് അത് സാധ്യമാകും മുമ്പ് അവർ എന്നെ വിട്ടുപിരിഞ്ഞു' എന്നായിരുന്നു ഒരാളുടെ കമന്റ്. നേരത്തെ ഇതുപോലെ, സ്മാർട് കീ ഉപയോഗിച്ച് എങ്ങനെ ഹോട്ടൽ മുറിയുടെ വാതിൽ തുറക്കാമെന്ന് മുത്തശ്ശിക്ക് കാണിച്ചുകൊടുക്കുന്ന ഒരു കൊച്ചുമകളുടെ ക്യൂട്ട് വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.