
ട്രാവൽ ബ്ലോഗർമാരായ സ്വാതി, പ്രതീക് എന്നിവർ ഷെയർ ചെയ്ത ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് ദമ്പതികൾ ജോലി ഉപേക്ഷിച്ച് ലോകസഞ്ചാരത്തിന് ഇറങ്ങിയത്. 2025 -ൽ ഇന്ത്യ മുഴുവൻ ചുറ്റിക്കറങ്ങിയ ശേഷം 2026 -ൽ ഇരുവരും ചൈന കാണാനെത്തി. ചൈനയിലെ ചിലവുകൾ ഇന്ത്യയേക്കാൾ കുറവാണെന്നാണ് ഇപ്പോൾ അവർ തങ്ങളുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നത്. ഇതാണ് ചർച്ചയ്ക്ക് വഴി തെളിച്ചിരിക്കുന്നത്. ചൈന വളരെ ചിലവേറിയ രാജ്യമാണെന്നത് തെറ്റിദ്ധാരണയാണ് എന്നാണ് ഇവർ പറയുന്നത്. ഇന്ത്യയെ അപേക്ഷിച്ച് ചൈനയിൽ പല കാര്യങ്ങൾക്കും താങ്ങാനാവുന്ന നിരക്കുകളേ ഉള്ളൂവെന്നാണ് ഇവർ പറയുന്നത്.
മൂന്ന് കാര്യങ്ങളാണ് ഇതിൽ പറയുന്നത്. അതിൽ ഒന്ന് ആഡംബര ഹോട്ടലുകളുടെ കാര്യമാണ്. ഇന്ത്യയിലെ ആഡംബര ഹോട്ടലുകളിൽ വലിയ തുക നൽകേണ്ടി വരുമ്പോൾ, ചൈനയിൽ വെറും 1,800 രൂപയ്ക്ക് മികച്ച സൗകര്യങ്ങളുള്ള ഹോട്ടൽ മുറി ലഭിച്ചുവെന്ന് ഇവർ അവകാശപ്പെടുന്നു. അടുത്തതായി യാത്രാ ചിലവിനെ കുറിച്ചാണ് പറയുന്നത്. 30 മിനിറ്റ് നീണ്ട ബിഎംഡബ്ല്യു ടാക്സി യാത്രയ്ക്ക് അവർക്ക് ചിലവായത് വെറും 600 രൂപ മാത്രമാണത്രെ. മൂന്നാമതായി പറയുന്നത് ഭക്ഷണത്തെ കുറിച്ചാണ് നല്ലൊരു റെസ്റ്റോറന്റിൽ നിന്നോ കടയിൽ നിന്നോ ലഭിക്കുന്ന ചൈനീസ് നൂഡിൽസിന് വെറും 170 രൂപ മാത്രമേയുള്ളൂവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
വീഡിയോ ഷെയർ ചെയ്തതോടെ ആളുകൾ പ്രതികരണങ്ങളുമായി എത്തുകയായിരുന്നു. 'അമിതമായ നികുതിയും നിയന്ത്രണമില്ലാത്ത വിലവർദ്ധനവുമാണ് ഇന്ത്യയെ ചിലവേറിയതാക്കുന്നത്' എന്നാണ് ഒരാൾ കമന്റായി കുറിച്ചിരിക്കുന്നത്. ഇന്ത്യയിലെ ടാക്സി സർവീസുകളെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. 'തായ്‌ലൻഡിലെ ടാക്സികൾ പോലും ഇന്ത്യയിലേതിനേക്കാൾ മികച്ചതാണ്. ഇന്ത്യയിലെ ഊബർ ടാക്സികളിൽ പലതും വൃത്തിഹീനമാണ്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. എന്നാൽ, ചൈനയിലെ ഇത്തരം കുറഞ്ഞ നിരക്കുകൾ അവിടുത്തെ സാമ്പത്തികസ്ഥിതിയുടെയും കമ്പനികൾ തമ്മിലുള്ള മത്സരത്തിന്റെയും ഫലമാണെന്നും ഇന്ത്യയുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.