
ജർമ്മനിയിലെ ബർലിനിലുള്ള ഒരു ഹെർമിസ് സ്റ്റോറിലെ ശുചിമുറിയിൽ ഒരു മണിക്കൂറിലധികം കുടുങ്ങിപ്പോയതായി പ്രശസ്ത ഇന്ത്യൻ-അമേരിക്കൻ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ സർണ ഗാർഗിന്റെ പരാതി. സ്റ്റോർ ജീവനക്കാരുടെ മോശമായ പെരുമാറ്റത്തിനെതിരെയും നിസ്സംഗതയ്‌ക്കെതിരെയും ഇൻസ്റ്റഗ്രാമിലാണ് അവർ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
തീർത്തും ദുർബലമായ പ്ലൈവുഡ് കൊണ്ടുണ്ടാക്കിയ വാതിലാണ് ശുചിമുറിയുടേതെന്നും, ഇത് ഫയർ കോഡിന്റെ ലംഘനമാണെന്നും സർണ ഗാർഗ് ആരോപിക്കുന്നു. ജീവനക്കാർ ഇക്കാര്യത്തിൽ തികഞ്ഞ നിസ്സംഗതയാണ് കാണിച്ചത് എന്നും യുവതി ആരോപിക്കുന്നു. വാതിൽ തകർത്ത് തന്നെ പുറത്തെത്തിക്കാൻ ജീവനക്കാർ തയ്യാറായില്ല. തന്റെ കുട്ടികളും ടീം അംഗങ്ങളും വാതിലിനപ്പുറം ഇതൊക്കെ കണ്ട് ഭയന്നു നിൽക്കുന്നുണ്ടായിരുന്നു. എന്നിട്ടും ആരും അവരോട് പോലും ആശ്വാസവാക്കോ ഖേദപ്രകടനമോ നടത്തിയില്ല.
ഒരു മണിക്കൂറും ഇരുപത് മിനിറ്റും നീണ്ട ആശങ്കയ്‌ക്കൊടുവിൽ ഫയർഫോഴ്‌സ് എത്തിയാണ് തന്നെ പുറത്തെത്തിച്ചത് എന്നും ഇവർ പറഞ്ഞു. പുറത്തിറങ്ങിയ തനിക്ക് ജീവനക്കാർ ഒരു കുപ്പി ഷാംപെയ്ൻ നൽകിയെങ്കിലും താൻ അത് നിരസിക്കുകയാണുണ്ടായത്. 'വിലകൂടിയ ഹെർമിസ് ബാഗുകൾ തുറക്കാനും അടയ്ക്കാനും വളരെ ബുദ്ധിമുട്ടാണ്, ഇപ്പോൾ അവരുടെ ശുചിമുറി വാതിലും അതുപോലെ തന്നെ' എന്ന് പരിഹസിച്ചുകൊണ്ടാണ് സർണ ഗാർഗ് തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങളും വീഡിയോയും അവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
കസ്റ്റമേഴ്സിനെക്കാളും അവർക്ക് പ്രധാനം അവരുടെ വാതിൽ ആയിരുന്നു എന്നാണ് പലരും കമന്റ് നൽകിയത്. ഒപ്പം തന്നെ അവസാനം സർണ ഗാർഗിനെതിരെ ജീവനക്കാർ വാതിൽ വലിച്ചടച്ചതിനെ കുറിച്ചും പലരും കമന്റുകൾ നൽകി.