ഒരു ഞായറാഴ്ച വൈകുന്നേരം മാളിൽ എത്തിയപ്പോൾ പാർക്കിംഗിനായി മാത്രം 25 മിനിറ്റിലധികം ക്യൂവിൽ കാത്തിരിക്കേണ്ടി വന്നതായും വൻരാജ് പറയുന്നു. വാരാന്ത്യങ്ങളിൽ തിരക്ക് കൂടുമെന്ന് അറിയാമായിരുന്നെങ്കിലും, മറ്റ് ദിവസം ഇല്ലാത്തതിനാൽ ആ ദിവസം പുറത്തിറങ്ങേണ്ടി വരികയായിരുന്നു.
വിദേശത്തെ ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന ആളുകൾ പലപ്പോഴും പല വെല്ലുവിളികളും നേരിടാറുണ്ട്. ഇന്ത്യയിലെ ബഹളം നിറഞ്ഞ ജീവിതവും അടിസ്ഥാന സൗകര്യങ്ങളുടെ പ്രശ്നവുമെല്ലാം അതിൽ പെടുന്നു. അതുപോലെ, വൻരാജ് എന്ന യുവാവ് പങ്കുവച്ച തന്റെ അനുഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. അമേരിക്കയിലെ ജീവിതം അവസാനിപ്പിച്ചാണ് വൻരാജ് നാട്ടിലേക്ക് മടങ്ങിയത്. ജനസംഖ്യ, ഗതാഗതക്കുരുക്ക്, പാർക്കിംഗ് പ്രശ്നങ്ങൾ എന്നിവയാണ് തന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്നതെന്നാണ് വൻരാജ് പറയുന്നത്.
'ഇന്ത്യയിലേക്ക് സൗകര്യങ്ങൾ പ്രതീക്ഷിച്ച് തിരികെ വരരുത്, അതൊരു മിഥ്യാധാരണ മാത്രമാണ്' എന്നാണ് പ്രധാനമായും വൻരാജ് പറയുന്നത്. ഒരു ഞായറാഴ്ച വൈകുന്നേരം മാളിൽ എത്തിയപ്പോൾ പാർക്കിംഗിനായി മാത്രം 25 മിനിറ്റിലധികം ക്യൂവിൽ കാത്തിരിക്കേണ്ടി വന്നതായും വൻരാജ് പറയുന്നു. വാരാന്ത്യങ്ങളിൽ തിരക്ക് കൂടുമെന്ന് അറിയാമായിരുന്നെങ്കിലും, മറ്റ് ദിവസം ഇല്ലാത്തതിനാൽ ആ ദിവസം പുറത്തിറങ്ങേണ്ടി വരികയായിരുന്നു.
വിദേശത്ത് ജീവിക്കുമ്പോൾ ഓരോ കാര്യവും വളരെ എളുപ്പം, തടസങ്ങളൊന്നും ഇല്ലാതെ നടന്നിരുന്നു. എന്നാൽ ഇന്ത്യയിലേക്ക് തിരിച്ചെത്തിയപ്പോൾ ആ ഒരു സ്മൂത്‍നെസ്സ് നഷ്ടപ്പെടുന്നതായി വൻരാജ് പറയുന്നു. അതുപോലെ, നഗരങ്ങളിലെ അമിതമായ ജനക്കൂട്ടവും വാഹനങ്ങളും കാരണം ആവശ്യത്തിന് പാർക്കിംഗ് സ്ഥലങ്ങൾ കിട്ടുന്നില്ല. മറ്റ് സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്താൽ അത് ട്രാഫിക് പൊലീസ് കൊണ്ടുപോകുമോ എന്ന ഭയവുമുണ്ട് എന്നാണ് വൻരാജ് പറയുന്നത്.
നിരവധിപ്പേരാണ് വൻരാജിന്റെ പോസ്റ്റിന് കമന്റുകൾ നൽകിയത്. അതിൽ പലരും പോസ്റ്റിനെ അനുകൂലിച്ചു. വിദേശത്ത് നിന്നും എത്തിയാൽ ഇന്ത്യയിലെ ജീവിതം സൗകര്യപ്രദമല്ലാതെയാകാറുണ്ട് എന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാൽ, അതേസമയം തന്നെ മറ്റ് പല കാര്യങ്ങളും ഇന്ത്യയിൽ എളുപ്പമാണ് എന്നും ഇന്ത്യയിലെ പരിമിതികൾക്കിടയിലും അങ്ങനെ ചില ഗുണങ്ങളുണ്ട് എന്നുമാണ് മറ്റ് ചിലർ അഭിപ്രായപ്പെട്ടത്. നിങ്ങൾ മടങ്ങിവന്നൊരു പ്രവാസിയാണോ? നിങ്ങൾക്കെന്താണ് തോന്നുന്നത്?
