
ഇന്ത്യക്കാരുടെ കയ്യിൽ എന്ത് പ്രശ്നങ്ങൾക്കായാലും അവരുടെ രീതിയിലുള്ള ഒരു പരിഹാരം കാണുമെന്ന് പറയാറുണ്ട്. എങ്ങനെ വേണമെങ്കിലും ജീവിച്ചുപോകുമെന്നും നമ്മളെ കുറിച്ച് മറ്റ് രാജ്യക്കാർ പറയാറുണ്ട്. എന്തായാലും, അത്തരത്തിലുള്ള ഇന്ത്യക്കാരുടെ ഒരു കഴിവ് കണ്ട് അന്തംവിട്ട് നിൽക്കുകയാണ് ഒരു പോളിഷ് വനിത. സോഷ്യൽ മീഡിയയിലാണ് ഇതിന്റെ വീഡിയോ അവർ ഷെയർ ചെയ്തിരിക്കുന്നത്. ഇന്ത്യക്കാരനായ ഒരു യുവാവ് ഒരു ബൈക്കിൽ അനേകം കസേരകൾ ഒന്നിച്ച് കയറ്റിക്കൊണ്ടുപോകുന്ന രംഗമാണ് പോളണ്ടിൽ നിന്നുള്ള യുവതിയെ അമ്പരപ്പിച്ചിരിക്കുന്നത്.
ഡൊമിനിക്ക പതാലസ് കൽറ എന്ന സ്ത്രീയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈ ചെറിയ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. അധികം വൈകാതെ തന്നെ അത് നെറ്റിസൺസിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു. വീഡിയോയിൽ ഒരു യുവാവ് ബൈക്കോടിച്ച് പോകുന്നത് കാണം. ബൈക്കിന്റെ പിന്നിലായി നിരവധി കസേരകൾ ബാലൻസ് ചെയ്ത് വച്ചിരിക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്. "ബൈക്കിൽ 20 -ൽ അധികം കസേരകൾ ചുമന്നുകൊണ്ട് പോകുന്നു. ഇന്ത്യയിൽ എല്ലാം സാധ്യമാണ്" എന്നാണ് വീഡിയോയിൽ എഴുതിയിരിക്കുന്നത്.
‘India is not for beginners’ എന്നും വീഡിയോയുടെ ക്യാപ്ഷനിൽ കുറിച്ചിട്ടുണ്ട്. വീഡിയോയിൽ യുവാവ് എത്ര സൂക്ഷ്മമായിട്ടാണ് ഈ കസേരകളെല്ലാം തന്നെ ബൈക്കിൽ വച്ചുകൊണ്ടുപോകുന്നത് എന്ന് കാണാം. വളരെ സൂക്ഷ്മമായി കസേരകളുമായി പോകുന്ന യുവാവ് ആരെയും അമ്പരപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, നമ്മൾ ഇന്ത്യക്കാരെ സംബന്ധിച്ച് ഇത്തരം കാഴ്ചകൾ നാം ഇടയ്ക്കൊക്കെ കാണുന്നുണ്ടാവും അല്ലേ? എന്തായാലും, യുവതി ഷെയർ ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് അനേകങ്ങളാണ് കമന്റുകൾ നൽകിയിരിക്കുന്നത്. ഇന്ത്യയിൽ എല്ലാം സാധ്യമാണ് എന്ന് തന്നെയാണ് മിക്കവരും അഭിപ്രായപ്പെട്ടിരിക്കുന്നത്.