
അമേരിക്കയിലെ ജീവിതവും ഇന്ത്യയിലെ ജീവിതവും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ബിഹാറിൽ നിന്നുള്ള അർഹം ഇഷ്തിയാഖ് എന്ന യുവാവ് പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് വിദേശത്തേക്ക് മാറിയത് തന്റെ കാഴ്ചപ്പാടുകളെ എങ്ങനെ മാറ്റിമറിച്ചെന്ന് യുവാവ് പറയുന്നത്.
'ബിഹാറിലെ ആവറേജ് ലൈഫ് വേഴ്സസ് യുഎസിലെ ആവറേജ് ലൈഫ്' എന്നാണ് വീഡിയോയുടെ ക്യാപ്ഷൻ. അതിൽ, അമേരിക്കയിലേക്ക് മാറിയതിന് ശേഷം താൻ ശ്രദ്ധിച്ച വലിയ വ്യത്യാസങ്ങളെ കുറിച്ചും യുവാവ് പറയുന്നു. തനിക്ക് നല്ലൊരു ജോലിയുള്ളതുകൊണ്ടും, കയ്യിൽ ഏറ്റവും പുതിയ ഐഫോൺ ഉള്ളതുകൊണ്ടും, ഇടയ്ക്കിടെ യാത്ര ചെയ്യുന്നതുകൊണ്ടും, നന്നായി വസ്ത്രം ധരിക്കുന്നതുകൊണ്ടും നാട്ടിലുള്ളവർ തന്റെ ജീവിതം പൂർണ്ണമായും സെറ്റാണെന്ന് ചിന്തിച്ചേക്കാമെന്ന് ഇഷ്തിയാഖ് പറയുന്നു. എന്നാൽ, അമേരിക്കയിൽ ഇതൊക്കെ തികച്ചും സാധാരണ കാര്യങ്ങൾ മാത്രമാണ്.
'പക്ഷേ, അക്ഷരാർത്ഥത്തിൽ, ഇത് ഇവിടെയുള്ള ശരാശരി ജീവിതമാണ്. ഇവിടെയുള്ള സാധാരണക്കാരുടെ ജീവിതമാണിത്' എന്നും യുവാവ് പറയുന്നു. 'ഇതിന് മുകളിലേക്ക് ഒരുപാട് പോകാൻ സാധിക്കും, നമുക്ക് ഇതിലും എത്രയോ ഉയരത്തിൽ എത്താം, പക്ഷേ ഇത് ഇവിടെയുള്ള തികച്ചും സാധാരണമായ ജീവിതമാണ്' എന്നും ഇഷ്തിയാഖ് കൂട്ടിച്ചേർത്തു. നിരവധി ഇന്ത്യക്കാരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. യുവാവ് പറഞ്ഞത് ശരിയാണ് എന്നായിരുന്നു പലരുടേയും അഭിപ്രായം.
അതേസമയം, ഒരുപാട് സ്വപ്നങ്ങളുമായി അമേരിക്കയിലേക്ക് കുടിയേറി കടക്കെണിയിലായ ദമ്പതികളുടെ അനുഭവവും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. തങ്ങളുടെ 22 -ാം വയസ്സിൽ അമേരിക്കയിലെത്തിയ ഈ ഇന്ത്യൻ ദമ്പതികൾക്ക് അവസാനം മോർട്ട്ഗേജുകൾ, ലോണുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവയിലൂടെ 850,000 ഡോളർ (ഏകദേശം 8.4 കോടി രൂപ) കടബാധ്യതയായി മാറുകയായിരുന്നു.