വൈദ്യുതി മുടങ്ങിയപ്പോൾ ജനറേറ്റർ പ്രവർത്തിക്കാത്തതിനെ തുടർന്ന് തർക്കം. മെയിന്റനൻസ് ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച് താമസക്കാരിയും സുഹൃത്തും. സംഭവം നോയിഡയിലെ റെസിഡൻഷ്യൽ സൊസൈറ്റിയിൽ.
വൈദ്യുതി മുടങ്ങിയപ്പോൾ ജനറേറ്റർ ബാക്കപ്പ് ലഭിച്ചില്ല, പിന്നാലെ തർക്കവും കയ്യാങ്കളിയും. ജീവനക്കാരനെ മർദ്ദിച്ച് യുവതിയും സുഹൃത്തും. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വൈറൽ. നോയിഡയിലെ ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മെയിന്റനൻസ് ജീവനക്കാരനെയാണ് ഒരു താമസക്കാരിയും സുഹൃത്തും ചേർന്ന് മർദ്ദിച്ചത്. ശനിയാഴ്ച പുലർച്ചെ സെക്ടർ 74 -ലെ സൂപ്പർടെക് കേപ് ടൗൺ സൊസൈറ്റിയിലാണ് സംഭവം നടന്നത്.
പൊലീസ് പറയുന്നതനുസരിച്ച്, പുലർച്ചെ 3 മണിയോടെയാണ് സൊസൈറ്റിയിൽ വൈദ്യുതി പോയത്. ഇതോടെ താമസക്കാർ ഇരുട്ടിലായി. സൊസൈറ്റിയിലെ ജനറേറ്റർ ബാക്കപ്പ് സിസ്റ്റവും പ്രവർത്തിക്കാതിരുന്നതോടെ താമസക്കാർക്ക് ദേഷ്യം വന്നു. വൈദ്യുതി തടസ്സത്തെക്കുറിച്ച് പരാതിപ്പെടാൻ സൊസൈറ്റിയിലെ താമസക്കാരിയായ ജ്യോതി മിശ്രയും സുഹൃത്ത് അമിതും മെയിന്റനൻസ് ഓഫീസിലെത്തി. ഇവിടെ വെച്ച് മെയിന്റനൻസ് ജീവനക്കാരനായ കമലും ഇവരും തമ്മിൽ തർക്കമുണ്ടാകുകയും, അത് പെട്ടെന്നുതന്നെ കൈയേറ്റത്തിൽ കലാശിക്കുകയുമായിരുന്നു.
സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിൽ, ജ്യോതിയും അമിതും മെയിന്റനൻസ് ഓഫീസിനുള്ളിൽ വെച്ച് കമലിനോട് തർക്കിക്കുന്നത് കാണാം. ചുറ്റും മറ്റ് ആളുകളും തടിച്ചുകൂടിയിട്ടുണ്ടായിരുന്നു. വാക്കുതർക്കത്തിനിടയിൽ, അമിത് കമലിനെ പിടിച്ചുവെക്കുകയും ജ്യോതി കമലിന്റെ തലയിലും തോളിലും പലതവണ അടിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ചിലർ ഇവരെ ശാന്തരാക്കാനും പിടിച്ചുമാറ്റാനും ശ്രമിച്ചെങ്കിലും, ഇരുവരും തർക്കം തുടരുകയും പിന്നീട് ഓഫീസിൽ നിന്ന് പോവുകയുമായിരുന്നു.
മർദ്ദനത്തിനിടയിൽ മെയിന്റനൻസ് ജീവനക്കാരന് 23 തവണ തല്ലുകൊണ്ടതായി പറയുന്നു. സംഭവത്തെത്തുടർന്ന് ഹൗസിംഗ് സൊസൈറ്റിയിൽ വലിയ പ്രശ്നമായി. ഇതോടെ മെയിന്റനൻസ് ജീവനക്കാർ പൊലീസിനെ വിവരമറിയിച്ചു. സെക്ടർ 113 പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം സൊസൈറ്റിയിലെത്തുകയും ചെയ്തു. വിവരം ലഭിച്ചയുടൻ തന്നെ പൊലീസ് കർശന നടപടി സ്വീകരിച്ചതായി അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് രാകേഷ് പ്രതാപ് സിംഗ് അറിയിച്ചു. പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ജ്യോതി മിശ്രയെയും അമിതിനെയും ശനിയാഴ്ച തന്നെ അറസ്റ്റ് ചെയ്തു. ഇരുവരെയും പിന്നീട് കോടതിയിൽ ഹാജരാക്കി.
