6 വർഷവും 6 മാസവും 22 ദിവസവും കൊണ്ട് 245 രാജ്യങ്ങൾ സന്ദർശിച്ച്  ബെംഗളൂരുവില്‍ നിന്നുള്ള മ്യുസീഷ്യനായ ബെന്നി പ്രസാദ്. കടുത്ത ആരോഗ്യപ്രശ്നങ്ങളെയും വിഷാദത്തെയും അതിജീവിച്ചാണ് 16 പാസ്‌പോർട്ടുകളിലായി അദ്ദേഹം ഈ ലോകസഞ്ചാരം നടത്തിയത്. 

ലോകത്തിലെ എല്ലാ രാജ്യങ്ങളും സന്ദർശിക്കുക- എന്ത് വലിയ മോഹമാണല്ലേ? എന്നാൽ, ആ മോഹം യാഥാർത്ഥ്യമാക്കിയിരിക്കയാണ് ബെന്നി പ്രസാദ് എന്ന മ്യുസീഷ്യൻ. 6 വർഷവും 6 മാസവും 22 ദിവസവും കൊണ്ട് അന്റാർട്ടിക്ക ഉൾപ്പടെ 245 രാജ്യങ്ങൾ സന്ദർശിച്ച്, ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്നയാളായി മാറിയിരിക്കയാണ് അദ്ദേഹം. 'മോസ്റ്റ് ട്രാവൽഡ് പീപ്പിൾ' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഇതിന്റെ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. എൻട്രി സ്റ്റാമ്പുകളും വിസകളും കൊണ്ട് നിറഞ്ഞ തന്റെ 16 ഇന്ത്യൻ പാസ്‌പോർട്ടുകൾ അദ്ദേഹം ഈ വീഡിയോയിൽ കാണിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

View post on Instagram

ആരാണ് ബെന്നി പ്രസാദ്?

1975 -ൽ ബെംഗളൂരുവിൽ ജനിച്ച ബെന്നി പ്രസാദിന്റെ കുട്ടിക്കാലം ആരോഗ്യപ്രശ്നങ്ങൾ കാരണം വലിയ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു. കടുത്ത ആസ്ത്മ മൂലം കോർട്ടിസോൺ സ്റ്റിറോയിഡുകൾ കഴിക്കേണ്ടി വന്നതിനെ തുടർന്ന് അദ്ദേഹത്തിന് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് പിടിപെടുകയും 60 ശതമാനം ശ്വാസകോശത്തിന് പ്രശ്നമുണ്ടാവുകയും ചെയ്തു. രോഗപ്രതിരോധ ശേഷി കുറഞ്ഞ അവസ്ഥ ഇപ്പോഴും അദ്ദേഹത്തിന്റെ ജീവന് ഭീഷണിയാണ്.

കുടുംബത്തിലെ മൂത്ത മകനായ ബെന്നിക്ക്, ഒരു ഘട്ടത്തിൽ കുടുംബത്തിന്റെ പ്രതീക്ഷകൾക്കൊത്തുയരാൻ സാധിക്കാത്തത് കടുത്ത വിഷാദമുണ്ടാക്കി. 16 -ാം വയസ്സിൽ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് പോലും അദ്ദേഹം ചിന്തിച്ചു. എന്നാൽ ഒരു യൂത്ത് റിട്രീറ്റിൽ പങ്കെടുത്തതിന് ശേഷം അദ്ദേഹത്തിന്റെ ജീവിതം മാറിമറിഞ്ഞു. പതുക്കെ കുടുംബത്തിന്റെ അഭിമാനമായി മാറിയ അദ്ദേഹം സംഗീതത്തിലേക്ക് തിരിയുകയും അത് വഴി ലോകമെമ്പാടും സഞ്ചരിക്കാൻ തുടങ്ങുകയും ചെയ്തു. തന്റെ യാത്രാനുഭവങ്ങൾ വിവരിക്കുന്ന ഒരു പുസ്തകവും ബെന്നി രചിച്ചിട്ടുണ്ട്.

നിരവധിപ്പേരാണ് ബെന്നിയെ അഭിനന്ദിച്ചുകൊണ്ട് ഇൻസ്റ്റ​ഗ്രാമിലെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്.