
ഇന്ത്യയിലെ പ്രധാന പ്രശ്നങ്ങളാണ് ഗതാഗതക്കുരുക്ക്, അനാവശ്യമായ ഹോണടി, മാലിന്യം എന്നിവ. എന്നാൽ, തായ്‌ലൻഡിലെ ഒരു ചെറിയ പട്ടണത്തിലെ ശാന്തമായ അന്തരീക്ഷവും അവിടുത്തെ ജനങ്ങളുടെ പൗരബോധവും കണ്ട് അമ്പരന്നിരിക്കുകയാണ് ഒരു ഇന്ത്യൻ യുവാവ്. ഓട്ടോമൊബൈൽ കണ്ടന്റ് ക്രിയേറ്ററായ യുവാവ് തായ്‌ലൻഡിലെ ചിയാങ് മായിയിൽ നിന്നും പകർത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.
ബാങ്കോക്കോ ഫുക്കറ്റോ പോലുള്ള വൻനഗരങ്ങളിലല്ല, മറിച്ച് തായ്‌ലൻഡിലെ ഒരു ചെറിയ പട്ടണത്തിലാണ് താനുള്ളതെന്ന് യുവാവ് പറയുന്നു. തിരക്കേറിയ റോഡായിട്ടുപോലും വാഹനങ്ങൾ അനാവശ്യമായി ഹോൺ മുഴക്കാത്തതും എല്ലാവരും കൃത്യമായി ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതും വീഡിയോയിൽ കാണാം. കാൽനടയാത്രക്കാരന് റോഡ് മുറിച്ചുകടക്കാൻ ഹസാർഡ് ലൈറ്റുകൾ ഇട്ട് വാഹനം നിർത്തിക്കൊടുത്ത ഒരു ടെസ്‌ല കാറിന്റെ ദൃശ്യങ്ങളും യുവാവ് ചൂണ്ടിക്കാണിക്കുന്നുണ്ട്. 'എന്തൊരു സിവിക് സെൻസ്' എന്നാണ് യുവാവ് അത്ഭുതപ്പെടുന്നത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
'ഞാൻ തായ്‌ലൻഡിലെ ചിയാങ് മായിയിലാണുള്ളത്. ഈ ചെറിയ നഗരങ്ങളിൽ നിന്ന് ഇന്ത്യയ്ക്ക് പലതും പഠിക്കാനുണ്ട്. റോഡുകളിലേക്ക് നോക്കൂ, അനാവശ്യ ഹോണടികളില്ല, എല്ലാവരും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നു, വൃത്തിയുള്ള ചുറ്റുപാടുകൾ, ശാന്തമായ അന്തരീക്ഷം' യുവാവ് വീഡിയോയിൽ പറയുന്നു. ചിയാങ് റായിലൂടെ യാത്ര ചെയ്തപ്പോഴും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പുറത്തുള്ള പൊതുവിടങ്ങൾ പോലും ഇത്രയേറെ വൃത്തിയായും ചിട്ടയായും സൂക്ഷിച്ചിരിക്കുന്നത് തന്നെ ആകർഷിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
തായ്‌ലൻഡ് പൂർണ്ണമായും കുറ്റമറ്റതാണെന്ന് താൻ പറയുന്നില്ലെന്നും എല്ലാ രാജ്യങ്ങൾക്കും അതിന്റേതായ പ്രശ്നങ്ങളുണ്ടെന്നും യുവാവ് പറയുന്നുണ്ട്. എങ്കിലും തായ്‌ലൻഡ്, വിയറ്റ്നാം, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇന്ത്യക്കാർക്ക് പലതും പഠിക്കാനുണ്ട്. വൃത്തി പാലിക്കുക, ട്രാഫിക് നിയമങ്ങൾ അനുസരിക്കുക, പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയാതിരിക്കുക, കാൽനടയാത്രക്കാരെ ബഹുമാനിക്കുക എന്നിവ നാം നിർബന്ധമായും ശീലിക്കേണ്ട കാര്യങ്ങളാണ്.
ഇതെല്ലാം സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല, പൗരബോധം നമ്മളിൽ നിന്നാണ് തുടങ്ങേണ്ടതെന്നും യുവാവ് ഓർമ്മിപ്പിക്കുന്നു. 'സ്വയം മാറാൻ നമ്മൾ എപ്പോഴും തയ്യാറാകുന്നില്ല എന്നതാണ് പ്രശ്നം. ഞാൻ ഇന്ത്യയെ സ്നേഹിക്കുന്നു, അതുകൊണ്ടാണ് നമ്മുടെ രാജ്യം കൂടുതൽ വൃത്തിയുള്ളതും സുരക്ഷിതവും ചിട്ടയുള്ളതുമായി കാണാൻ ഞാൻ ആഗ്രഹിക്കുന്നത്' എന്നും യുവാവ് പറയുന്നു. യുവാവ് പറഞ്ഞത് അംഗീകരിച്ചുകൊണ്ട് നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്.