വീട്ടിലിരുന്ന് ടിവി കാണുന്നതിനിടെ മുന്നിലൊരു പുലി! പുലിയെ വീട്ടിനുള്ളിൽ പൂട്ടിയെങ്കിലും ഭാര്യയുടെ ബോധം പോയി, വീഡിയോ

Web Desk   | ANI
Published : Nov 13, 2026, 10:45 AM IST
leopard in living room

Synopsis

കർണാടകയിലെ തുമകൂരുവിൽ ദമ്പതികൾ ടിവി കാണുന്നതിനിടെ വീടിനുള്ളിലേക്ക് അപ്രതീക്ഷിതമായി പുലി പാഞ്ഞുകയറി. ഭയന്നുപോയ ദമ്പതികൾ പുറത്തേക്കോടി പുലിയെ വീടിനുള്ളിൽ പൂട്ടിയിട്ടു. നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ ആറ് മണിക്കൂർ നീണ്ട പരിശ്രമത്തിലൂടെ വനംവകുപ്പ് പുലിയെ പിടികൂടി.

വീടിനുള്ളിലിരുന്ന് സ്വസ്ഥമായി ടിവി കാണുന്നതിനിടെ അപ്രതീക്ഷിതമായി മുന്നിലേക്ക് ഒരു പുലി കടന്നുവന്നാൽ എങ്ങനെയുണ്ടാകും? കർണാടകയിലെ തുമകൂരു ജില്ലയിലുള്ള ദമ്പതികൾക്കാണ് സിനിമയെ വെല്ലുന്ന ഭീതിജനകമായ അത്തരമൊരു അനുഭവം നേരിടേണ്ടിവന്നത്. പുലിയെ കൺമുന്നിൽ അപ്രതീക്ഷിതമായി പുലിയെ മുന്നിൽ കണ്ടതിന്‍റെ ഞെട്ടലിൽ യുവതി ബോധരഹിതയായി കുഴഞ്ഞുവീണു.

ടിവി കാണുന്നതിനിടെ മുന്നിൽ അതാ ഒരു പുലി!

തുമകൂരു ജില്ലയിലെ ബണ്ടിഗൗഡനപാല്യ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പ്രദേശവാസിയായ ചിക്കമരിയപ്പയും ഭാര്യ നരസമ്മയും വീട്ടിലിരുന്ന് ടിവി കാണുകയായിരുന്നു. ഇതിനിടെ വീടിന് പുറത്ത് കെട്ടിയിട്ടിരുന്ന ആട്ടിൻകുട്ടിയെ പിടികൂടിയ പുലി, തൊട്ടുപിന്നാലെ ചിക്കമരിയപ്പയുടെ വീടിനുള്ളിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

സ്വീകരണമുറിയിലേക്ക് പുലി കടന്നുവരുന്നത് കണ്ടതോടെ ദമ്പതികൾ അക്ഷരാർത്ഥത്തിൽ പരിഭ്രാന്തരായി. മനസ്സാന്നിധ്യം വീണ്ടെടുത്ത് എങ്ങനെയോ വീടിന് പുറത്തേക്ക് ഓടിരക്ഷപ്പെട്ട ഇരുവരും, ഉടൻതന്നെ വാതിലടച്ച് പുലിയെ വീടിനുള്ളിൽത്തന്നെ പൂട്ടിയിട്ടു. എന്നാൽ, കൺമുന്നിൽ പുലിയെ കണ്ടതിന്‍റെ കടുത്ത ഭീതിയിൽ നരസമ്മ വീടിന് പുറത്ത് കുഴഞ്ഞുവീഴുകയായിരുന്നു.

പല തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന്

സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ ഉടൻതന്നെ പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു. പിന്നാലെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ പുലിയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു. ഇതിനിടെ, വനംവകുപ്പിന്‍റെ അനാസ്ഥയ്ക്കെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധവുമുണ്ടായെന്ന് റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി ഗ്രാമത്തിൽ പുലിയുടെ സാന്നിധ്യവും നീക്കവും ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും, പലതവണ പരാതി നൽകിയിട്ടും വനംവകുപ്പ് യാതൊരു മുൻകരുതൽ നടപടിയും സ്വീകരിച്ചില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം. സ്ഥലത്തെത്തിയ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ചൈത്രയ്ക്ക് നേരെയും നാട്ടുകാർ പ്രതിഷേധമുയർത്തി. ഒടുവിൽ, ഏകദേശം ആറ് മണിക്കൂർ നീണ്ട കഠിനമായ ദൗത്യത്തിനൊടുവിൽ കൂടും വലകളും ഉപയോഗിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ വീട്ടിനുള്ളിൽ നിന്നും സുരക്ഷിതമായി പിടികൂടിയതോടെയാണ് ഗ്രാമവാസികൾക്ക് ആശ്വാസമായത്.

PREV
Read more Articles on
click me!

Recommended Stories

ടിക് ടോക്ക് വീഡിയോയ്ക്ക് വേണ്ടി കടുവയെ കൂട്ടിൽ നിന്നിറക്കി, പിന്നാലെ 19 -കാരനെ കടിച്ചുകൊന്നു! പാക് ഇൻഫ്ലുവൻസറും ഫാം ഉടമയും അറസ്റ്റിൽ
'ജീവിതത്തിലാദ്യമായി കിട്ടിയതാ'; കണ്ണ് നിറഞ്ഞ് ട്രക്ക് ഡ്രൈവർ, തൊഴിലുടമ നല്‍കിയ ദീപാവലി സമ്മാനം, വീഡിയോയ്‍ക്ക് 2 മില്ല്യണ്‍ കാഴ്ച്ചക്കാര്‍