
അമേരിക്കയിലെയും ഇന്ത്യയിലെയും ഗതാഗതക്കുരുക്കുകളിൽ ഡ്രൈവർമാർ എങ്ങനെ പെരുമാറുന്നുവെന്ന് താരതമ്യം ചെയ്തുകൊണ്ട് യു.എസിലുള്ള ഇന്ത്യക്കാരൻ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നു. റോഡപകടത്തെ തുടർന്ന് വാഹനങ്ങൾ അച്ചടക്കത്തോടെയും ക്ഷമയോടെയും കാത്തുകിടക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. 'ഹർഷ്' എന്ന യൂസർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ റോഡ് അച്ചടക്കത്തെക്കുറിച്ചും സിവിക് സെൻസിനെക്കുറിച്ചുമുള്ള വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
റോഡപകടത്തെ തുടർന്നുണ്ടായ ഗതാഗതക്കുരുക്കിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് വീഡിയോയിൽ കാണുന്നത്. വഴിയിൽ കുടുങ്ങിപ്പോയെങ്കിലും ഡ്രൈവർമാർ മറ്റ് വാഹനങ്ങളുമായി കൃത്യമായ അകലം പാലിക്കുകയും, തുടർച്ചയായി ഹോൺ അടിക്കാതെയും മുൻപോട്ട് കയറിപ്പോകാൻ തിടുക്കം കൂട്ടാതെയും ക്ഷമയോടെ കാത്തിരിക്കുകയുമാണ്. 'ഇന്ത്യയിലാണെങ്കിൽ ചെറിയൊരു ട്രാഫിക്കിൽ പെട്ടാൽ പോലും അല്പസമയത്തിനകം 'പീപ്പ്, പീപ്പ്' എന്ന ശബ്ദത്തിൽ ഹോൺ അടി തുടങ്ങും. എന്നാൽ ഇവിടെ ആരും ഹോൺ അടിക്കുന്നില്ല, ആരും തിരക്ക് കൂട്ടുന്നുമില്ല. വളരെ ക്ഷമയോടെയാണ് ആളുകൾ വാഹനം ഓടിക്കുന്നത്' എന്ന് ഹർഷ് വീഡിയോയിൽ പറയുന്നു.
വാഹനങ്ങൾ തമ്മിൽ വലിയ അകലം പാലിച്ച് അച്ചടക്കത്തോടെ നിരന്നു കിടക്കുന്ന കാഴ്ച തന്നെ ഏറെ ആകർഷിച്ചതായി ഹർഷ് പറയുന്നു. ലൈനുകൾ മാറി മുൻപോട്ട് കയറാനോ വഴിയിൽ കൂടുതൽ തടസ്സങ്ങൾ സൃഷ്ടിക്കാനോ ആരും ശ്രമിക്കുന്നില്ല. എല്ലാവർക്കും ലക്ഷ്യസ്ഥാനത്ത് വേഗത്തിൽ എത്തണമെന്നുണ്ടെങ്കിലും, ട്രാഫിക് ഒഴിവാകാതെ വണ്ടി വെട്ടിച്ചു കയറ്റിയത് കൊണ്ട് കാര്യമില്ലെന്ന ബോധ്യം ഇവിടെയുള്ള ഡ്രൈവർമാർക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. അമേരിക്കൻ ഡ്രൈവർമാരുടെ സിവിക് സെൻസിനെയും അച്ചടക്കത്തെയും നിരവധി ആളുകൾ പ്രശംസിച്ചപ്പോൾ, ഇരുരാജ്യങ്ങളിലെയും റോഡ് സാഹചര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഈ താരതമ്യം അന്യായമാണെന്ന് ഒരുവിഭാഗം വാദിക്കുന്നു. 'അവിടെ ബൈക്കുകളും ഓട്ടോറിക്ഷകളും കാൽനടയാത്രക്കാരും ഇല്ലാത്തതുകൊണ്ടാണ് ഇത്തരം ഒരു ശാന്തത കാണുന്നത്' എന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ, 'എന്തിനാണ് യു.എസിലെ സാഹചര്യങ്ങളെ ഇന്ത്യയുമായി വെറുതെ താരതമ്യം ചെയ്യുന്നത്?' എന്നാണ് മറ്റൊരാൾ ചോദ്യമുന്നയിച്ചത്.