
ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള തൊഴിൽ സംസ്കാരത്തെ താരതമ്യം ചെയ്ത് ഇന്ത്യൻ യുവാവ് ഷെയർ ചെയ്ത ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. മിക്കവാറും വിദേശത്ത് പോകുന്ന യുവാക്കളെല്ലാം തന്നെ ഇന്ത്യയിലെ തൊഴിൽ സംസ്കാരത്തെ വിമർശിക്കാറുണ്ട്. ലീവ് കിട്ടാനുള്ള പ്രയാസങ്ങളും കമ്പനികളിൽ നിന്നും മേലുദ്യോഗസ്ഥരിൽ നിന്നും അഭിമുഖീകരിക്കേണ്ടി വരുന്ന ചൂഷണങ്ങളെ കുറിച്ചുമെല്ലാം ആളുകൾ അനുഭവം പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അമൻ എന്ന യുവാവ് തന്റെ സിംഗപ്പൂർ ഓഫീസിന്റെ ദൃശ്യങ്ങളും ഷെയർ ചെയ്യുന്നുണ്ട്.
യുവാവ് പറയുന്നത് ഇങ്ങനെയാണ്: 'ഇന്ത്യയിൽ, അവധി വേണമെങ്കിൽ നമുക്ക് യാചിക്കേണ്ടി വരും, സർ, എനിക്ക് സുഖമില്ല, സർ ഫാമിലി എമർജൻസിയുണ്ട്, വെള്ളിയാഴ്ച ഒരു അവധി ലഭിക്കണമെങ്കിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നമുക്ക് കണ്ടുപിടിക്കേണ്ടി വരും. എന്നാൽ, സിംഗപ്പൂരിൽ അവധി ചോദിക്കേണ്ടി പോലും വരുന്നില്ല. അവധിയാണ് എന്ന് അറിയിച്ചാൽ മതി. സിംഗപ്പൂരിലേക്കുള്ള മാറ്റം തന്റെ മാനസികാവസ്ഥയെ താന്നെ മാറ്റിമറിച്ചു' എന്നും പോസ്റ്റിൽ പറയുന്നു.
'സിംഗപ്പൂരിലേക്ക് മാറിയതിന് ശേഷമുണ്ടായ ഏറ്റവും വലിയ മാറ്റം ഒഴിവുസമയം എടുക്കേണ്ടി വരുന്നതിന് സ്വയം ന്യായീകരിക്കേണ്ടി വരുന്ന അവസ്ഥ മാറി എന്നതാണ്. ടോക്സിക്കായിട്ടുള്ള ജോലി സ്ഥലങ്ങളിൽ എന്തുകൊണ്ട് അവധിയെടുക്കേണ്ടി വരുന്നു എന്നത് വിശദീകരിക്കേണ്ടതായി വരും, സഹതാപമോ, അംഗീകാരമോ ഒക്കെ കിട്ടാനായി അതിന്റെ വിശദാംശങ്ങൾ പങ്കിടും, എന്നാൽ സിംഗപ്പൂരിൽ അതിന്റെ ആവശ്യം വരുന്നില്ല' എന്നും അമൻ പോസ്റ്റിന്റെ ക്യാപ്ഷനിൽ കുറിച്ചു.
'ഇന്ത്യയിലാണെങ്കിൽ സർ എനിക്കൊരു ലീവ് തരുമോ, ഇതൊക്കെയാണ് കാരണം എന്ന് പറയേണ്ടി വരും. എന്നാൽ, സിംഗപ്പൂരിൽ ഇന്ന ദിവസം മുതൽ ഇന്ന ദിവസം വരെ താൻ അവധി ആയിരിക്കും എന്ന് പറഞ്ഞാൽ മതി' എന്നാണ് അമൻ കുറിക്കുന്നത്. നിരവധിപ്പേർ പോസ്റ്റിന് കമന്റുകൾ നൽകി. ഇന്ത്യയിൽ ജെൻ സി ഈ അവസ്ഥയ്ക്ക് മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം എന്ന് ആളുകൾ അഭിപ്രായപ്പെട്ടു.