റോഡില്‍ അപ്പോൾ കണ്ടതേയുള്ളൂ, നേരെ വിവാഹത്തിന് ക്ഷണം; ഇറ്റാലിയൻ വിനോദസഞ്ചാരികളെ ഞെട്ടിച്ച് ഇന്ത്യൻ വരൻ

Published : May 07, 2026, 02:04 PM IST
 viral video

Synopsis

കാട്ടുപാതയിലൂടെ സഫാരി നടത്തുകയായിരുന്ന ഇറ്റാലിയൻ വിനോദസഞ്ചാരികളെ അമ്പരപ്പിച്ച് യുവാവ്. യാദൃശ്ചികമായി കണ്ടുമുട്ടിയ ടൂറിസ്റ്റുകളെ തന്റെ വിവാഹത്തിന് ക്ഷണിക്കുകയായിരുന്നു വരന്‍.

ഇന്ത്യൻ ആതിഥ്യമര്യാദയുടെ മനോഹരമായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഒരുകൂട്ടം ഇറ്റാലിയൻ വിനോദസഞ്ചാരികൾ. കാട്ടുപാതയിലൂടെയുള്ള സഫാരിക്കിടെ യാദൃശ്ചികമായി കണ്ടുമുട്ടിയ വരൻ ഇവരെ തന്റെ വിവാഹത്തിന് ക്ഷണിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുന്നത്. ബൊലോഗ്ന സ്വദേശിയായ മിറെല ക്രിസ്റ്റീന മുരാരിയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പൊടിപടലങ്ങൾ നിറഞ്ഞ റോഡിലൂടെ സഫാരി നടത്തുന്നതിനിടെ അലങ്കരിച്ച ഒരു കാർ ഇവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അല്പം കഴിഞ്ഞ് അതേ കാർ ഇവരുടെ വാഹനത്തിനൊപ്പം ചേർത്തുനിർത്തുകയും, പുഞ്ചിരിയോടെ പുറത്തേക്ക് തലനീട്ടിയ വരൻ ഇവരെ തന്റെ വിവാഹത്തിലേക്ക് ക്ഷണിക്കുകയുമായിരുന്നു. യാതൊരു മുൻപരിചയവുമില്ലാത്ത തങ്ങളെ 'അതിഥികളായി' സ്വീകരിച്ച ഈ അനുഭവം ഇറ്റാലിയൻ സംഘത്തെ അമ്പരപ്പിച്ചു.

'ചിലപ്പോൾ ഒരു ഹോൺ മുഴക്കം മതിയാകും നമ്മുടെ അന്നത്തെ പ്ലാനുകളോ അല്ലെങ്കിൽ ജീവിതം തന്നെയോ മാറിമറിയാൻ. സഫാരി നടത്തുന്നതിനിടെയാണ് ഞങ്ങൾ ആ പ്രത്യേക കാറിനെ മറികടന്നത്. കുറച്ചു കിലോമീറ്ററുകൾക്ക് ശേഷം അതേ കാർ ഹോൺ അടിച്ചുകൊണ്ട് ഞങ്ങളുടെ ഒപ്പം വന്നു. ലോകത്തിലെ ഏറ്റവും വലിയ പുഞ്ചിരിയോടെ വരൻ ഞങ്ങളെ വിവാഹത്തിന് ക്ഷണിച്ചു' മിറെല വീഡിയോയിൽ കുറിച്ചു.

ഇന്ത്യ വെറുമൊരു സന്ദർശന കേന്ദ്രമല്ലെന്നും മറിച്ച് ഇത്തരം ചെറിയ ഇടപഴകലുകളിലൂടെ അനുഭവിച്ചറിയേണ്ട ഒന്നാണെന്നും മിറെല പറയുന്നു. 'ഔപചാരികതകളോ തടസ്സങ്ങളോ അവിടെ ഉണ്ടായിരുന്നില്ല. ഇന്ത്യൻ ജനതയുടെ അതിരുകളില്ലാത്തതും ശുദ്ധവുമായ ആതിഥ്യമര്യാദ മാത്രമായിരുന്നു അത്. ഞങ്ങൾ വിനോദസഞ്ചാരികളായാണ് പുറപ്പെട്ടതെങ്കിലും വഴിയിലെ ആ കണ്ടുമുട്ടലിലൂടെ 'മുഖ്യാതിഥികളായി' മാറി' അവർ കൂട്ടിച്ചേർത്തു.

 

 

നിലവിൽ പത്തുലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധി പേരാണ് ഈ ' ഇന്ത്യൻ വെഡ്ഡിംഗിൽ' പങ്കെടുക്കാൻ വിദേശ സംഘത്തെ പ്രോത്സാഹിപ്പിക്കുന്നത്. 'ഇതാണ് യഥാർത്ഥ ഇന്ത്യൻ ആതിഥ്യമര്യാദ, ഇന്ത്യയിൽ മാത്രമേ ഇങ്ങനെയൊക്കെ സംഭവിക്കൂ' എന്നിങ്ങനെ നീളുന്നു വീഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ. വിവാഹക്ഷണക്കത്ത് കണ്ടിട്ട് ഇത് വലിയൊരു ആഘോഷമായിരിക്കുമെന്നും അത് നഷ്ടപ്പെടുത്തരുതെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇവരോട് പറയുന്നു.

 

PREV
Read more Articles on
click me!

Recommended Stories

ചെന്നത് പുത്തന്‍ സ്കൂട്ടർ വാങ്ങിയെന്നും പറഞ്ഞ്, BMW നൽകി അച്ഛനമ്മമാരെ ഞെട്ടിച്ച് യുവാവ്!
യുഎസിൽ 231 പേരുമായി ലാന്‍റിംഗ് ശ്രമിക്കവെ വിമാനം അപകത്തിൽപ്പെട്ടു; ലൈറ്റ് പോസ്റ്റ് ഇടിച്ചിട്ടു, ട്രക്ക് തകർത്തു; വീഡിയോ വൈറൽ