
ഇന്ത്യയിൽ പല കമ്പനികളിലും ലീവ് വാങ്ങിയെടുക്കുക എന്നത് നല്ല പ്രയാസമുള്ള കാര്യമാണ്, ലീവ് നമ്മുടെ അവകാശമാണെങ്കിൽ കൂടിയും. ഇപ്പോഴിതാ ഇന്ത്യയിലും ജർമ്മനിയിലും ജോലി ചെയ്യുമ്പോഴുള്ള പ്രധാന വ്യത്യാസം കാണിച്ചുകൊണ്ടുള്ള ഒരു സോഫ്റ്റ്വെയർ എഞ്ചിനീയറുടെ പോസ്റ്റാണ് വൈറലായി മാറുന്നത്. കൗസ്തവ് ബാനർജി എന്ന യുവാവാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. തന്റെ കരിയറിന്റെ തുടക്കത്തിൽ വർക്ക് ലൈഫ് ബാലൻസ് എന്നതിനെ കുറിച്ച് അറിയുകയേ ഉണ്ടായിരുന്നില്ല എന്നാണ് കൗസ്തവ് പറയുന്നത്. 2013 -ലാണ് യുവാവ് കോളേജിൽ നിന്ന് ബിരുദം നേടിയത്. അവിടെ നിന്നും ജർമ്മനി വരെയുള്ള യാത്രയെ കുറിച്ച് യുവാവ് പറയുന്നു.
ഇന്ത്യയിൽ ജോലിക്ക് വേണ്ടി 200 ശതമാനം നൽകുക, സ്വയം ഇല്ലാതാവുക എന്നതെല്ലാം ജോലി സ്ഥലങ്ങളിൽ സാധാരണമാണ്. എല്ലാവരും അതാണ് ചെയ്യുന്നത്. അത് ചെയ്തില്ലെങ്കിൽ നമ്മൾ പിന്നിലായിപ്പോവും. നിങ്ങളുടെ ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കാൻ പോകുന്നില്ല. നിങ്ങളുടെ കുടുംബം പോലും ഇല്ല, നിങ്ങൾ എന്തിലൂടെ കടന്നുപോകുന്നുവെന്നോ നിങ്ങൾക്ക് എങ്ങനെ അനുഭവപ്പെടുന്നു എന്നും ആരും ശ്രദ്ധിക്കുന്നില്ല എന്നും യുവാവ് കുറിക്കുന്നു.
ഇന്ത്യയിലെ കമ്പനികളിലാണ് ജോലിയെങ്കിൽ, ലീവ് ഉണ്ടെങ്കിൽ പോലും അതൊന്നും എടുക്കാൻ സാധിക്കില്ല. പ്രൊജക്ടിന് വേണ്ടി വാരാന്ത്യങ്ങളിൽ പോലും ചിലപ്പോൾ ജോലി ചെയ്യേണ്ടി വരും. അതിന് പകരം ലീവുകൾ കിട്ടുകയേ ഇല്ല. അവധിക്ക് വേണ്ടി അപേക്ഷിക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. അത് അനുവദിച്ച് കിട്ടാനേ പോകുന്നില്ല. എന്നാൽ, ജർമ്മനിയിലേക്ക് വന്ന ശേഷം ഇതെല്ലാം മാറി. മെച്ചപ്പെട്ട സാഹചര്യമായി എന്നാണ് യുവാവ് പറയുന്നത്. യുവാവിന്റെ കരിയറിലെ മാറ്റത്തെയും വളർച്ചയേയും അഭിനന്ദിച്ചുകൊണ്ട് ഒരുപാടുപേർ പോസ്റ്റിന് കമന്റ് നൽകിയിട്ടുണ്ട്. ഒപ്പം തന്നെ പുറത്തുള്ള മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളെ കുറിച്ചും പലരും കമന്റിൽ സൂചിപ്പിച്ചു.