
വിദേശത്ത് ജോലി ചെയ്ത് കൂടുതൽ വരുമാനം നേടുന്നവരുടെ ജീവിതം പുറത്തുനിന്ന് കാണുമ്പോൾ വളരെ ആകർഷകമായി തോന്നാം. എന്നാൽ അതിന് പിന്നിലെ ഏകാന്തതയും കുടുംബത്തിൽനിന്നുള്ള അകലവും ദൈനംദിന ജീവിതത്തിലെ ബുദ്ധിമുട്ടുകളും പലപ്പോഴും ആരും കാണാറില്ലെന്ന് ചൂണ്ടിക്കാട്ടി കാനഡയിൽ കഴിയുന്ന ഇന്ത്യൻ യുവതി. ഇൻസ്റ്റഗ്രാമിൽ കനുപ്രിയ എന്ന പേരുള്ള യുവതിയാണ് ഈയൊരാശയം പങ്കുവച്ച് വീഡിയോ പങ്കുവച്ചത്.
വിദേശത്ത് കഴിയുന്നവർ ധാരാളം പണം സമ്പാദിക്കുന്നുവെന്ന് എല്ലാവരും കാണുന്നു. എന്നാൽ, അതിനായി നൽകേണ്ടിവരുന്ന വിലയും കാണണമെന്നാണ് യുവതിയുടെ സന്ദേശം. രണ്ടോ മൂന്നോ വർഷത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചെത്തുമ്പോൾ മാതാപിതാക്കൾ പ്രായമായതായി മനസിലാക്കേണ്ടിവരുന്നു. കുടുംബത്തിലെ ചടങ്ങുകളും ആഘോഷങ്ങളും പലപ്പോഴും വീഡിയോ കോളിലൂടെ മാത്രമാണ് കാണാൻ കഴിയുക. ഒരു അസുഖം വന്നാൽ പോലും വിദേശത്ത് സ്വയം കാര്യങ്ങൾ നോക്കേണ്ടിവരുന്ന സാഹചര്യവും അവർ വിവരിക്കുന്നു.
മരുന്ന് കഴിക്കുന്നത് മുതൽ ഭക്ഷണം പാകം ചെയ്യുന്നതും വീട്ടുജോലികൾ ചെയ്യുന്നതും വരെ പല കാര്യങ്ങളും സ്വന്തം ഉത്തരവാദിത്തമാണ്. ഒരു കപ്പ് ചായ വേണോയെന്ന് ചോദിക്കാൻ പോലും അടുത്ത് ആരുമില്ലാത്ത അവസ്ഥയുണ്ടാകാമെന്നും യുവതി പറയുന്നു. ചിലപ്പോൾ അസുഖമായിരിക്കുമ്പോഴും ജോലിക്ക് പോകേണ്ടിവരുമെന്നും അവർ കൂട്ടിച്ചേർക്കുന്നു. നാട്ടിൽ കുടുംബങ്ങൾ ഒരുമിച്ച് ആഘോഷിക്കുന്ന സമയത്ത് വിദേശത്ത് ജോലി ചെയ്യേണ്ടിവരുന്നതിന്‍റെ വിഷമവും യുവതി വീഡിയോയിൽ പങ്കുവെച്ചു. ‘എല്ലാവരും ഡോളറുകൾ കാണുന്നു, പക്ഷേ ത്യാഗങ്ങൾ ആരും കാണുന്നില്ല’ എന്ന സന്ദേശമാണ് കനുപ്രിയ വീഡിയോയിലൂടെ ഉയർത്തുന്നത്.
വീഡിയോയ്ക്ക് പിന്നാലെ വിദേശത്ത് കഴിയുന്നവരിൽനിന്ന് ഉൾപ്പെടെ നിരവധി പ്രതികരണങ്ങളെത്തി. വിദേശജീവിതം എല്ലായ്പ്പോഴും ആഡംബരപൂർണമല്ലെന്നും കുടുംബത്തെ മിസ് ചെയ്യുന്നതാണ് ഏറ്റവും ബുദ്ധിമുട്ടെന്നും പലരും അഭിപ്രായപ്പെട്ടു. അതേസമയം കൂടുതൽ സമ്പാദിക്കാൻ ആഗ്രഹിക്കുമ്പോൾ മറ്റ് ചിലത് നഷ്ടപ്പെടുമെന്നും. എല്ലാം ഒരിമിച്ച് വേണമെന്നത് വെറും ആഗ്രഹം മാത്രമായിരിക്കുമെന്നും ഒരു വഴിക്ക് നഷ്ടപ്പെടുമ്പോൾ മറുവഴിക്ക് ചിലത് ലഭിക്കുമെന്നുമൊക്കെ മറ്റ് ചിലരും ചൂണ്ടിക്കാണിച്ചു.