
മറ്റ് ചില രാജ്യങ്ങളിൽ പോകുമ്പോൾ നമുക്ക് നമ്മുടെ രാജ്യത്ത് കുറച്ച് കൂടി വൃത്തിയുണ്ടായിരുന്നെങ്കിൽ, നല്ല വായുവായിരുന്നെങ്കിൽ, ട്രാഫിക് ബ്ലോക്ക് ഇല്ലാതിരുന്നെങ്കിൽ എന്നൊക്കെ തോന്നാറുണ്ട് അല്ലേ? അതുപോലെ ഭൂട്ടാൻ സന്ദർശനത്തിന് പിന്നാലെ ഭൂട്ടാനെയും ഇന്ത്യയേയും തമ്മിൽ താരതമ്യം ചെയ്യുകയാണ് നേഹ റാണ എന്ന യുവതി. ഇൻസ്റ്റഗ്രാമിലാണ് നേഹ ഇതിന്റെ വീഡിയോ പങ്കുവച്ചത്.
ഇന്ത്യൻ അതിർത്തിയിൽ അശ്രദ്ധമായിട്ടായിരുന്നു ഡ്രൈവിംഗ്, റോഡരികിലെല്ലാം മാലിന്യങ്ങളായിരുന്നു, അനാവശ്യമായിട്ടുള്ള ഹോൺ, തുറിച്ചുനോട്ടം എന്നിവയുമുണ്ടെന്നും നേഹ റാണ പറയുന്നു. എന്നാൽ, ഭൂട്ടാനിൽ പ്രവേശിച്ചപ്പോൾ തന്നെ ചുറ്റുപാടുകൾ തികച്ചും മാറി. ഭൂട്ടാനിൽ തനിക്ക് തികച്ചും സുരക്ഷിതത്വം തോന്നി, അനാവശ്യ ഹോൺ മുഴക്കലുകളില്ല, തെരുവുകൾ വളരെ വൃത്തിയായിരുന്നു. രാത്രിയിൽ പോലും ഭയമില്ലാതെ ഒറ്റയ്ക്ക് നടക്കാൻ കഴിഞ്ഞു. യാതൊരുവിധ അനാവശ്യ തുറിച്ചുനോട്ടങ്ങളും തനിക്ക് നേരിടേണ്ടി വന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഭൂട്ടാനിൽ ട്രാഫിക് സിഗ്നലുകൾ ഇല്ലെങ്കിലും ആളുകൾ വരി തെറ്റിക്കാതെയാണ് വണ്ടിയോടിക്കുന്നത്. കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ വാഹനങ്ങൾ നിർത്തിക്കൊടുക്കുന്നുമുണ്ട്.
ഇന്ത്യയെ താഴ്ത്തിക്കെട്ടാനല്ല താൻ ഇത് പറയുന്നതെന്നും, മറിച്ച് പൊതുസ്ഥലങ്ങൾ നന്നായി സൂക്ഷിക്കുന്നതിൽ ആളുകള്‍ക്കുള്ള ഉത്തരവാദിത്തമാണ് ഭൂട്ടാനിൽ കാണാൻ സാധിച്ചതെന്നും നേഹ വ്യക്തമാക്കി. ഇന്ത്യയിലെ ജനങ്ങളും ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരായാൽ നമ്മുടെ നഗരങ്ങളും ഇതുപോലെ മാറ്റിയെടുക്കാൻ സാധിക്കുമെന്നും നേഹ പറയുന്നു. 30 വർഷത്തിനിടയിൽ ആദ്യമായി വിദേശരാജ്യം സന്ദർശിച്ച തനിക്ക്, ഇത്തരം ചെറിയ കാര്യങ്ങൾ പോലും സാധാരണ ജീവിതത്തിൽ എത്രത്തോളം മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് മനസ്സിലാക്കി തന്നെന്നും അവർ കുറിച്ചു.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. നമുക്ക് സിവിക് സെൻസ് തീരെയില്ലെന്നും അതുണ്ടായാൽ തന്നെ കാര്യങ്ങൾ മാറുമെന്നും പലരും അഭിപ്രായപ്പെട്ടു. മറ്റു രാജ്യങ്ങൾ പുരോഗമിക്കുമ്പോൾ ഇന്ത്യയിൽ ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങളും ചിന്താഗതിയും മാറുന്നില്ലെന്നാണ് മറ്റൊരാളുടെ കമന്റ്. ഇന്ത്യയിലല്ലാതെ വേറെ എവിടെയും താൻ കാറിന്റെ ഹോൺ കേട്ടിട്ടില്ലെന്നും, ഇന്ത്യയിലെ പ്രശ്നങ്ങളിൽ 60 ശതമാനവും സിവിക് സെൻസില്ലാത്തതുകൊണ്ടാണെന്നും മറ്റു ചിലർ ചൂണ്ടിക്കാണിച്ചു.
അതേസമയം, ഭൂട്ടാനും ഇന്ത്യയിലും തമ്മിൽ ജനസംഖ്യയിലും ഭൂപ്രകൃതിയിലും വലിയ വ്യത്യാസങ്ങളുള്ളതിനാൽ ഈ താരതമ്യം ശരിയല്ലെന്ന് ചിലർ വാദിച്ചു. ഇന്ത്യയിലെ പല പ്രദേശങ്ങളിലും സമാനമായ ശാന്തമായ അന്തരീക്ഷമുണ്ടെന്നും, ഇന്ത്യയിലെ അതിർത്തി പ്രദേശങ്ങളെയും മറ്റും അപേക്ഷിച്ച് ഭൂട്ടാനിലെ സാഹചര്യങ്ങൾ വ്യത്യസ്തമാണെന്നും അവർ അഭിപ്രായപ്പെട്ടു.