
കനേഡിയൻ ടൂറിസ്റ്റായ യുവതി തന്റെ കാമുകന്റെ ചിത്രം ഇന്ത്യൻ യുവതികളുമായി പങ്കുവച്ചുു. പിന്നാലെ യുവതികളിൽ നിന്നുണ്ടായ പ്രതികരണം സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. യുവതികൾ ആവേശത്തോടെ കാമുകന് ഫ്ലൈയിംഗ് കിസ് കൊടുക്കുകയും ക്യൂട്ടാണെന്നും ഓസമാണെന്നും അഭിപ്രായപ്പെടുകയും ചെയ്തു. കനേഡിയൻ യുവതിയുടെ കാമുകനോടുള്ള ഇന്ത്യൻ യുവതികളുടെ പ്രതികരണം സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചെന്ന് കുറിപ്പുകളിൽ നിന്നും വ്യക്തം.
വെനം എന്ന എക്സ് ഹാന്‍റിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയിൽ കനേഡിയൻ യുവതി ഒരു കൂട്ടം ഇന്ത്യൻ യുവതികളെ സമീപിക്കുന്നതും അവരുമായി സൗഹൃദ സംഭാഷണം ആരംഭിക്കുന്നതും കാണാം. സംഭാഷണങ്ങൾക്കിടയിൽ പെൺകുട്ടികൾ അവളുടെ കാമുകന്‍റെ ചിത്രങ്ങൾ കാണിക്കാൻ ആവശ്യപ്പെടുന്നു. അവരുടെ നിർബന്ധങ്ങൾക്കൊടുവിൽ യുവതി തന്‍റെ ബോയ് ഫ്രണ്ടിന്‍റെ ചിത്രം യുവതികളെ കാണിക്കുന്നു. ഇതോടെ ആവേശഭരിതരാകുന്ന യുവതികൾ കാമുകനെ അഭിനന്ദിക്കുന്നു. നല്ലതെന്നും അതിശയകരമെന്നും അടിപൊളിയെന്നും ആവേശത്തോടെ യുവതികൾ വിളിച്ച് പറയുന്നു. അതേസമയം ഒരു യുവതി മുന്നോട്ട് വന്ന് കാമുകനായി ഒരു ഫ്ലൈയിംഗ് കിസ് നൽകുന്നതും വീഡിയോയിൽ കാണാം. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. പിന്നാലെ നിരവധി പേർ കുറിപ്പുകളുമായെത്തി. പലരും യുവതികളെ സംഭാഷണം അനുചിതമാണെന്നും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും എഴുതി.
ഒരു കനേഡിയൻ വനിതാ ടൂറിസ്റ്റിനെ ഒരു കൂട്ടം ഇന്ത്യൻ പെൺകുട്ടികൾ സമീപിച്ചു. അവർ അവളോട് അവളുടെ കാമുകന്‍റെ ചിത്രങ്ങൾ കാണിക്കാൻ ആവശ്യപ്പെട്ടു, തുടർന്ന് അവനെക്കുറിച്ച് ഭയപ്പെടുത്തുന്ന അഭിപ്രായങ്ങൾ പറയാൻ തുടങ്ങി. ഒരാൾ ഒരു ഫ്ലൈയിംഗ് കിസ്സ് പോലും നൽകി. സ്ത്രീകൾ ഇത്തരത്തിൽ ക്രിപ്പിയായി പെരുമാറുന്നത് എന്തുകൊണ്ട്? ഒരു പുരുഷൻ ഒരു ടൂറിസ്റ്റിന്‍റെ കാമുകിക്ക് ഇത് പോലെ ചെയ്താൽ ഉണ്ടാകുന്ന പ്രതിഷേധം സങ്കൽപ്പിക്കുകയെന്ന കുറിപ്പോയൊടാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. അടിക്കുറിപ്പിലെ ധ്വനി സമൂഹ മാധ്യമ ഉപയോക്കാക്കളെ അസ്വസ്ഥമാക്കി.
നിരവധി പേർ യുവതികളുടെ പ്രവർത്തിയെ നിരുപദ്രവമായ കാര്യമെന്നും വെറും വിനോദമെന്നും അഭിപ്രായപ്പെട്ട് രംഗത്തെത്തി. എന്നാൽ, വീഡിയോ പലർ പങ്കുവയ്ക്കുകയും വൈറലാവുകയും ചെയ്തതിന് പിന്നാലെ അടിക്കുറിപ്പുകളുടെ ഭാഷയും മാറിത്തുടങ്ങി. യുവതികളുടെ പ്രവർത്തി പരിധികളുടെ ലംഘനമാണെന്നും അടിസ്ഥാന മര്യാദ ഇല്ലാത്തതാണെന്നും ചിലരെഴുതി. തീർത്തും അപരിചിതരായവരുടെ കാമുകന്മാരോട് ഇത്തരത്തിൽ ഏങ്ങനെയാണ് പെരുമാറാൻ കഴിയുകയെന്ന് ചിലർ ചോദിച്ചു. മറ്റ് ചിലർ ലിംഗ വിവേചനത്തെ കുറിച്ചായിരുന്നു എഴുതിയത്. പുരുഷന്മാരായിരുന്നു ഈ വീഡിയോയിലുള്ളതെങ്കിൽ അത് വലിയ പ്രശ്നമാവുകയും ഒന്നാം പേജിലെ 'വേട്ടക്കാരൻ' വാർത്തയായി മാറുകയും ചെയ്യുമായിരുന്നെന്നും എന്നാൽ പെൺകുട്ടികൾക്ക് 'ക്യൂട്ട്' ആയതിനാൽ അതിന് അംഗീകാരം ലഭിക്കുന്നുവെന്നും ഇത് സമൂഹത്തിന്‍റെ കാപട്യമാണെന്നും ഒരു കാഴ്ചക്കാരൻ അസ്വസ്ഥതയോടെ കുറിച്ചു.