
ഇന്ത്യൻ നഗരങ്ങളിൽ സുഖകരമായി ജീവിക്കാൻ എത്ര മാസവരുമാനം വേണം? ഉയർന്ന ശമ്പളം ലക്ഷ്യമിട്ട് കരിയർ മുന്നോട്ട് കൊണ്ട് പോകുന്നതിനിടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങൾ നഷ്ടപ്പെടുന്നുണ്ടോ? ഇത്തരം ചോദ്യങ്ങൾ ഉയർത്തിയ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധനേടി. നഗരങ്ങളിൽ താമസിക്കുന്ന ഒരു പ്രൊഫഷണലിന് പ്രതിമാസം 1.5 ലക്ഷം രൂപ മുതൽ 2 ലക്ഷം രൂപ വരെയുള്ള വരുമാനം സുഖകരമായ ഇന്ത്യൻ നഗര ജീവിതത്തിന് മതിയാകുമെന്നാണ് കുറിപ്പിൽ അവകാശപ്പെടുന്നത്.
മോഹിത് തൽറേജയാണ് തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഇത്തരമൊരു ആശയും മുന്നോട്ട് വച്ചത്. വരുമാനം ഇനിയും ഉയർത്താനുള്ള നിരന്തരമായ ഓട്ടം പലപ്പോഴും ജീവിതത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തണമെന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പകരം കൂടുതൽ ശമ്പളം ലഭിക്കുന്ന ജോലിയിലേക്ക് മാറുമ്പോൾ കൂടുതൽ ജോലി സമ്മർദം, ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ജീവിതശൈലി, കുടുംബത്തിനും വ്യക്തിജീവിതത്തിനും ലഭിക്കുന്ന കുറഞ്ഞ സമയം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ച് ഉയർന്ന വരുമാനത്തോടൊപ്പം ചെലവുകളും ജീവിതശൈലിയും അതേ വേഗത്തിൽ ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ ശമ്പളം ലഭിച്ചാലും സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാകണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ വീട്, വിലകൂടിയ കാർ, കൂടുതൽ യാത്രകൾ, ഉയർന്ന ജീവിതച്ചെലവ് തുടങ്ങിയവ വരുമാനം കൂടുന്നതിനനുസരിച്ച് വർദ്ധിച്ചാൽ സമ്പാദ്യത്തിൽ വലിയ മാറ്റമുണ്ടാകാതെ പോകാം.
അതുകൊണ്ട് ‘കൂടുതൽ സമ്പാദിക്കുക’ എന്നതിലുപരി ‘എത്ര സമ്പാദിക്കുന്നു, എത്ര, ഏങ്ങനെ ചെലവഴിക്കുന്നു, എത്ര സേവ് ചെയ്യുന്നു’ എന്നതും പ്രധാനമാണെന്ന് വീഡിയോയ്ക്ക് താഴെ വന്ന കുറിപ്പുകളിൽ സമൂഹ മാധ്യമ ഉപയോക്താക്കളും ചൂണ്ടിക്കാട്ടി. എന്നാൽ 1.5 – 2 ലക്ഷം രൂപയെന്ന തുക എല്ലാവർക്കും ഒരുപോലെ അനുയോജ്യമാകണമെന്നില്ലെന്നും ഇന്ത്യയിൽ തന്നെ മുംബൈ, ബെംഗളൂരു, ദില്ലി തുടങ്ങിയ ചെലവേറിയ നഗരങ്ങളിലെ വാടകയും കുടുംബബാധ്യതകളും വ്യക്തികളുടെ ആവശ്യങ്ങളും വ്യത്യസ്തമാണെന്നും അതിനാൽ ‘മതിയായ ശമ്പളം’ എന്നത് ഓരോ വ്യക്തിയുടെയും ജീവിത സാഹചര്യങ്ങൾക്കനുസരിച്ച് മാറുമെന്നും മറ്റ് ചിലരും ചൂണ്ടിക്കാണിച്ചു. എങ്കിലും ശമ്പളത്തിന്‍റെ വലുപ്പത്തേക്കാൾ ജീവിതത്തിലെ സന്തുലിതാവസ്ഥയ്ക്ക് പ്രാധാന്യം നൽകണമെന്ന സന്ദേശം നിരവധി പേരെ ആകർഷിച്ചു.