
സോഷ്യൽ മീഡിയയിൽ തരംഗമായി ജാർഖണ്ഡിൽ നിന്നുള്ള കർഷകൻ. നിഷാന്ത് കെർക്കറ്റ എന്ന കർഷകനും ഫിറ്റ്നസ് പ്രേമിയുമായ യുവാവിന്റെ ഫാഷൻ റീലുകളാണ് സാമൂഹിക മാധ്യമം ഏറ്റെടുത്തിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ സ്റ്റൈലിഷ് വേഷങ്ങളിലെത്തുന്ന അദ്ദേഹത്തിന്റെ വീഡിയോകൾ ഇൻസ്റ്റാഗ്രാമിൽ വലിയ സ്വീകാര്യതയാണ് നേടുന്നത്.
വിലകൂടിയ സ്റ്റുഡിയോകളോ പ്രൊഫഷണലായിട്ടുള്ള വലിയ സംവിധാനങ്ങളോ ഒന്നും ഇല്ലാതെയാണ് നിഷാന്ത് തന്റെ ഫാഷൻ റീലുകൾ ഒരുക്കുന്നത്. ചെളിനിറഞ്ഞ പാടങ്ങൾ, ഗ്രാമത്തിലെ വീടുകൾ, മഞ്ഞുള്ള വഴികൾ, നദീതീരങ്ങൾ എന്നിവയാണ് നിഷാന്തിന്റെ റീലുകളിലെ പ്രധാന പശ്ചാത്തലങ്ങൾ.
കയ്യിൽ വിത്തിന്റെ കുട്ടയുമായി ചെളി നിറഞ്ഞ പാടത്തിലൂടെ നഗ്നപാദനായി നടക്കുന്നതിൽ നിന്നാണ് ഒരു വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് പെട്ടെന്ന് ഒരു മാറ്റമാണ്. പൗഡർ ബ്ലൂ ഷർട്ട്, വൈഡ് ലെഗ് ട്രൗസേഴ്സ്, വൈറ്റ് ഷർട്ട്, സ്ട്രൈപ്പ്ഡ് ടൈ, ബ്ലാക്ക് ഓവർകോട്ട് എന്നിവയടക്കമുള്ള ആകർഷകമായ വേഷങ്ങളിലേക്ക് നിഷാന്ത് മാറുന്നതാണ് കാണുന്നത്.
ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്നും ഫാഷനിലേക്കുള്ള ഈ ട്രാന്‍സ്ഫര്‍മേഷന്‍ കാരണം ആരാധകർ നിഷാന്തിന് 'ഓറ ഫാർമർ' എന്ന പേരും നൽകിയിട്ടുണ്ട്. 11.4 മില്ല്യണിലധികം കാഴ്ചക്കാരെ നേടിയ ഈ വീഡിയോക്ക് ബോളിവുഡ് താരങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടി ഭൂമി പഡ്നേക്കർ 'ക്യാ ബാത്ത് ഹൈ' എന്നാണ് പറഞ്ഞത്, ഷിബാനി ദണ്ഡേക്കറും അനുഷ ദണ്ഡേക്കറും അദ്ദേഹത്തിന്റെ ഫാഷൻ ശൈലിയെ പ്രശംസിച്ചവരിൽ പെടുന്നു.
നിലവിൽ ഇൻസ്റ്റാഗ്രാമിൽ 41,000 -ത്തിലധികം ഫോളോവേഴ്സുള്ള നിഷാന്ത്, കൃഷിയും ഫിറ്റ്നസും ഫാഷനും ഒരേപോലെ ചേർത്തുവെച്ചാണ് ഈ വ്യത്യസ്തമായ റീലുകൾ ഒരുക്കുന്നത്. സോഷ്യൽ മീഡിയ സാധാരണക്കാർക്ക് ഉയർന്നുവരാൻ പലപ്പോഴും വഴിയൊരുക്കിയിട്ടുണ്ട്. അതിലൊരാളായേക്കാം നിഷാന്തും അല്ലേ?