
കുറേ നാളുകൾ പ്രിയപ്പെട്ടവരെ പിരിഞ്ഞുകഴിഞ്ഞ ശേഷം അവരെ വീണ്ടും കണ്ടുമുട്ടുക എന്നത് വളരെ അധികം സന്തോഷം നൽകുന്ന കാര്യമാണല്ലേ? എത്ര വളർന്നാലും അച്ഛനമ്മമാർക്ക് മക്കൾ കുഞ്ഞുങ്ങളാണ് എന്നും പറയാറുണ്ട്. അക്ഷരാർത്ഥത്തിൽ അത് സത്യമാണ് എന്ന് കാണിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കുന്നത്.
നാളുകൾക്ക് ശേഷം കണ്ടുമുട്ടുന്ന ഒരു അച്ഛനും മകനുമാണ് വീഡിയോയിൽ. ഗുഡ് ന്യൂസ് മൂവ്‍മെന്റാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടിരിക്കുന്നത്. അന്റോണിയോ മൊണാക്കോ എന്ന യുവാവാണ് വീഡിയോയിൽ. ഒരു എയർപോർട്ടിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. എയർപോർട്ടിൽ അന്റോണിയോ പെട്ടെന്ന് അവന്റെ അച്ഛനെ കാണുകയാണ്. ഇത് അടക്കാനാവാത്ത സന്തോഷമാണ് അവനിലുണ്ടാക്കുന്നത്.
ശേഷം യുവാവ് ഓടിപ്പോവുകയാണ്. പിന്നീട് അച്ഛനെ കെട്ടിപ്പിടിക്കുന്നു. കെട്ടിപ്പിടിക്കുക മാത്രമല്ല അച്ഛന്റെ ഒക്കത്ത് കയറി ഒരു കുഞ്ഞിനെ പോലെയിരിക്കുന്ന യുവാവിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. യുവാവിനെ കാണുന്ന അച്ഛനും അതിയായ സന്തോഷത്തിലാണ്. അദ്ദേഹത്തിന്റെ മുഖം വിടരുന്നതും അദ്ദേഹം സന്തോഷത്താൽ പുഞ്ചിരിക്കുന്നതും ഒക്കെ വീഡിയോയിൽ വ്യക്തമായി കാണാം. വീഡിയോയുടെ അവസാനം അച്ഛൻ മകന്റെ നെറ്റിയിൽ ഉമ്മ വയ്ക്കുന്നതു പോലും കാണാം. വലിയ തരത്തിലാണ് ഇത് ആളുകളെ സ്പർശിച്ചത്.
നമ്മൾ പലപ്പോഴും മാതാപിതാക്കളും മക്കളും തമ്മിൽ സ്നേഹം പ്രകടിപ്പിക്കാൻ മടിക്കുന്നവരാണ്. എന്നാൽ, പ്രകടിപ്പിക്കപ്പെടുന്ന സ്നേഹം എത്രയധികം മനോഹരമാണ് എന്ന് ഒരുവേള മനസിലാക്കിത്തരുന്നതാണ് ഈ വീഡിയോ. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. വർഷങ്ങളോളം കാണാതിരുന്ന അച്ഛനും മകനും കണ്ടുമുട്ടിയപ്പോൾ എന്നും അതിൽ എഴുതിയിട്ടുണ്ട്. നിരവധിപ്പേർ വീഡിയോയ്ക്ക് അതിമനോഹരമായ കമന്റുകളുമായും എത്തി.
വായിക്കാം: ഊബർ ഓട്ടോയിൽ കയറിയ കാമുകിക്കുണ്ടായ പേടിപ്പിക്കുന്ന അനുഭവം; ചർച്ചയായി യുവാവിന്റെ പോസ്റ്റ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം