ഏകദേശം ഒരു 30 വര്‍ഷം മുമ്പ് എന്തായിരിക്കും ആളുകളുടെ ന്യൂ ഇയര്‍ റെസല്യൂഷന്‍. അറിയാന്‍ കൗതുകമുണ്ടോ? എന്തായാലും, അത്തരത്തിലുള്ള ഒരു രസകരമായ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.
ന്യൂ ഇയർ റെസല്യൂഷൻ, അതായത് പുതുവർഷത്തിൽ നടപ്പിലാക്കാനുള്ള പുത്തൻ തീരുമാനങ്ങൾ എടുക്കാത്തവർ കുറവായിരിക്കും. ജിമ്മിൽ പോണം, ഡയറ്റ് വേണം, സേവ് ചെയ്യണം തുടങ്ങി ഒരുപാട് കാര്യങ്ങളുണ്ടാവും. എന്നാൽ, കുറച്ച് വർഷങ്ങൾക്ക് മുമ്പ് എന്തായിരുന്നിരിക്കും ആളുകളുടെ ന്യൂ ഇയർ റെസല്യൂഷൻ. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. 1997 -ൽ പുറത്തിറങ്ങിയതാണ് ഈ വീഡിയോ. സാധാരണക്കാരായ ഇന്ത്യക്കാർ തങ്ങളുടെ പുതുവത്സരത്തിലെ പുതു തീരുമാനങ്ങളെ കുറിച്ച് പറയുന്നതാണ് വീഡിയോയിൽ. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പുള്ള ഈ വീഡിയോ രസകരവും ഗൃഹാതുരത്വം നിറഞ്ഞതുമാണ് എന്ന് പറയാതെ വയ്യ.
The90sIndia ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. 1997 -ലെ ശേഖർ സുമൻ നടത്തിയ ജനപ്രിയ ടോക്ക് ഷോയായ 'മൂവേഴ്‌സ് ആൻഡ് ഷേക്കേഴ്‌സി'ൽ നിന്നുള്ളതാണ് വീഡിയോ. ഒരു സ്ത്രീയോട് ന്യൂ ഇയർ റെസല്യൂഷനെ കുറിച്ച് ചോദിച്ചപ്പോൾ, 'താൻ കർശനമായ ഡയറ്റ് പാലിക്കും' എന്നാണ് പറയുന്നത്. ചാട്ടോ മധുരപലഹാരങ്ങളോ ഒന്നും കഴിക്കില്ല എന്ന് പറഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ തന്നെ അവർ നാല് പ്ലേറ്റ് പാവ് ഭാജിയും ബട്ടറും ഓർഡർ ചെയ്യുകയാണ്.
മറ്റൊരു പെൺകുട്ടിക്ക് വളരെ വ്യത്യസ്തമായ ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത്. അവൾ പറഞ്ഞത്, 'തനിക്ക് കുറേ കാമുകന്മാരെ ഉണ്ടാക്കണം' എന്നായിരുന്നു. എന്നാൽ, മറ്റൊരു യുവതി പണത്തെ കുറിച്ചാണ് പറഞ്ഞത്. 'താൻ കുറച്ചേ ചെലവഴിക്കൂ' എന്നായിരുന്നു അവൾ പറഞ്ഞത്. മറ്റൊരാൾ പറഞ്ഞത്, 'താൻ തന്റെ വീട്ടിൽ നിന്നും ഓടിപ്പോകും' എന്നാണ്. ഇതൊന്നും കൂടാതെ, മറ്റ് പുരുഷന്മാരും കുട്ടികളും ഒക്കെ തങ്ങളുടെ പുതുവർഷത്തിലെ തീരുമാനങ്ങളെ കുറിച്ച് പറയുന്നുണ്ട്. ഒരു യുവാവ് പറയുന്നത്, 'താൻ അടുത്ത വർഷമെങ്കിലും പാന്റും ടി ഷർട്ടും ധരിക്കും' എന്നാണ്. ഒരു കുട്ടി പറയുന്നത് 'താൻ സ്കൂളിലേക്ക് പുസ്തകം കൊണ്ടുപോകില്ല' എന്നാണ്. എന്തായാലും, രസകരമായ ഈ വീഡിയോ ആളുകളുടെ ശ്രദ്ധയാകർഷിച്ചിരിക്കയാണ് ഇപ്പോൾ. അന്നത്തെ ആളുകള്‍ കൂളായിരുന്നു, അവരുടെ ഇംഗ്ലീഷും സംസാരവും ഒക്കെ മെച്ചപ്പെട്ടതായിരുന്നു തുടങ്ങിയ കമന്‍റുകളാണ് വീഡിയോയ്ക്ക് വരുന്നത്.


