പെൺകുട്ടിക്ക് നേരെ പാഞ്ഞടുത്ത് സിംഹം, അലറിവിളിച്ച് നാട്ടുകാർ, തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം

Published : Apr 28, 2026, 10:28 PM IST
Lion Chases Girl After Hunting Cattle In Gujarat Village

Synopsis

പെണ്‍കുട്ടിക്ക് നേരെ ഒരു സിംഹം പാഞ്ഞടുക്കുന്ന രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഞെട്ടലുണ്ടാക്കുന്നത്. വളര്‍ത്തുമൃഗത്തെ കൊന്നുതിന്നുകൊണ്ടിരിക്കെ നാട്ടുകാര്‍ തടിച്ചുകൂടിയതോടെ സിംഹം കുട്ടിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.

ഗുജറാത്തിലെ ഗിർ വനമേഖലയോട് ചേർന്നുള്ള ഗ്രാമത്തിൽ നിന്നുള്ളൊരു ഞെട്ടിക്കുന്ന ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഒരു സിംഹം പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് വൈറലായി മാറിയത്. ജുനഗഡ്-ഗിർ സോമനാഥ് അതിർത്തിയിലെ വിസാവദറിനടുത്തുള്ള രതാംഗ് ഗ്രാമത്തിലാണ് സംഭവം നടന്നത്. സിംഹം ഒരു വളർത്തുമൃഗത്തെ വേട്ടയാടി തിന്നുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് ഇവിടെ ഗ്രാമവാസികൾ തടിച്ചുകൂടി. ഇതാണ് അപകടസാധ്യത വർദ്ധിപ്പിച്ചത്.

രാത്രിയിൽ ഗ്രാമത്തിലിറങ്ങിയ സിംഹം ഒരു വളർത്തുമൃഗത്തെ പിടികൂടി റോഡിന് നടുവിൽ വെച്ച് തിന്നുകൊണ്ടിരിക്കെ ഗ്രാമവാസികൾ അവിടെ തടിച്ചുകൂടുകയായിരുന്നു. മാത്രമല്ല, മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താനും സെൽഫിയെടുക്കാനും ആളുകൾ തിക്കും തിരക്കും കൂട്ടി. ഇരുട്ടത്ത് മൊബൈൽ ഫോൺ ഫ്ലാഷുകൾ തുടർച്ചയായി ഉപയോഗിച്ചത് സിംഹത്തെ പ്രകോപിപ്പിച്ചു എന്നാണ് കരുതുന്നത്.

ജനക്കൂട്ടം അടുത്തുവന്നു തുടങ്ങിയതോടെ അസ്വസ്ഥനായ സിംഹം പെട്ടെന്ന് ഇരയെ ഉപേക്ഷിച്ച് സമീപത്ത് നിന്നിരുന്ന ഒരു പെൺകുട്ടിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഭയന്നോടിയ പെൺകുട്ടിക്ക് പിന്നാലെ സിംഹവും പാഞ്ഞതോടെ ആളുകൾ അലറിക്കരയാൻ തുടങ്ങി. ഗ്രാമവാസികൾ ബഹളം വെച്ച് സിംഹത്തിന്റെ ശ്രദ്ധ തിരിച്ചതിനെത്തുടർന്ന് സിംഹം പാതിവഴിയിൽ വെച്ച് പിന്തിരിഞ്ഞു. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് കുട്ടി വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.

 

 

അതേസമയം, അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗിർ മേഖലയിലെ ഗ്രാമങ്ങളിൽ സിംഹങ്ങൾ ഇറങ്ങുന്നത് പതിവാണ്. വന്യമൃഗങ്ങളുടെ അടുത്ത് പോയി ദൃശ്യങ്ങൾ പകർത്തുന്നത് അങ്ങേയറ്റം അപകടകരമാണ്, അവയുമായി എപ്പോഴും സുരക്ഷിതമായ അകലം പാലിക്കണം, ചിത്രങ്ങളും വീഡിയോകളും പകർത്താൻ മുതിരരുത് എന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ നെറ്റിസൺസും അഭിപ്രായങ്ങൾ പറയുന്നുണ്ട്. ഒരിക്കലും വന്യമൃ​ഗങ്ങളെ പ്രകോപ്പിക്കരുത് എന്നും വീഡിയോയ്ക്ക് വേണ്ടി അപകടങ്ങൾ വിളിച്ചുവരുത്തരുത് എന്നും പലരും അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

ന്യൂയോർക്കിലെ 'ഫിഫ്ത് അവന്യൂ' കീഴടക്കി ഇന്ത്യൻ കുടുംബത്തിന്റെ വിവാഹ ഘോഷയാത്ര!
ആ ചിരി കണ്ടോ? ആവേശം കണ്ടോ? പ്രായം 70 കഴിഞ്ഞു, ഒട്ടും തളരാതെ കേദാര്‍നാഥ് ട്രെക്കിംഗ് പൂര്‍ത്തിയാക്കി സഹോദരിമാര്‍