'നമ്മുടെ നാട്ടിലെ മാര്‍ക്കറ്റുകള്‍ തന്നെ ഇതിലും ഭേദം, എന്തുകൊണ്ട് ഇന്ത്യക്ക് മാത്രം കുറ്റം'? ചൈനയിൽ നിന്നും യുവാവിന്റെ വീഡിയോ

Published : Oct 06, 2026, 09:09 AM IST
viral video

Synopsis

'കടകൾക്ക് പുറത്തുള്ള പ്ലാസ്റ്റിക് ബാഗുകളും മാലിന്യങ്ങളും നോക്കൂ. നമ്മുടെ നാട്ടിലെ മാര്‍ക്കറ്റുകള്‍ ഇതിലും ഭേദമാണ്. എന്നാൽ, ചൈനയിലെ ചന്തകളും തെരുവുകളും ഇങ്ങനെയായിരിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.'

ഇന്ത്യയെ കുറിച്ച് പലപ്പോഴും വിദേശരാജ്യങ്ങളിലുള്ളവർ ഉയർത്തുന്ന പ്രധാന പരാതിയാണ് ഇന്ത്യയിൽ വൃത്തിയില്ല എന്നത്. എന്നാൽ, ഇന്ത്യയേക്കാൾ മലിനമായി കിടക്കുന്ന തെരുവുകൾ മറ്റ് രാജ്യങ്ങളിലുമുണ്ട്. ആരും അതത്ര ചർച്ച ചെയ്യാറില്ല എന്നേയുള്ളൂ. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ചൈനയിലെ ഗ്വാങ്ചൗ നഗരത്തിലൂടെ നടക്കുമ്പോൾ തനിക്ക് ലഭിച്ച വ്യത്യസ്തമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുന്നത് ഇന്ത്യക്കാരനായ പ്രണവ് എന്ന യുവാവാണ്. ഗ്വാങ്ചൗവിലെ ഹൈഷു പ്രദേശത്തെ ഇടുങ്ങിയ ഇടവഴികളിലൂടെ നടക്കുമ്പോഴാണ് യുവാവ് വീഡിയോ പകർത്തിയിരിക്കുന്നത്.

നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതും, പഴയ കെട്ടിടങ്ങളും, പരസ്പരം കുടുങ്ങിക്കിടക്കുന്ന വൈദ്യുതി കമ്പികളും, ചിതറിക്കിടക്കുന്ന മാലിന്യങ്ങളും നിറഞ്ഞ ഈ പ്രദേശത്തെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട്, ഇന്ത്യയെ മാത്രം എന്തുകൊണ്ടാണ് എപ്പോഴും വൃത്തിഹീനമായ രാജ്യമായി ചിത്രീകരിക്കുന്നതെന്നാണ് യുവാവ് ചോദിക്കുന്നത്.

'സത്യം പറഞ്ഞാൽ, ഞാൻ ഇന്ത്യയിലെ ഏതെങ്കിലും ഒരു ഇടവഴിയിലൂടെ നടക്കുകയാണെന്നേ എനിക്ക് തോന്നുള്ളൂ. നാട്ടിലെപ്പോലെ തന്നെ റോഡുകൾ, നിർമ്മാണ ജോലികൾ നടക്കുന്നു. ഷീറ്റുകളും ബാരിക്കേഡുകളും സ്ഥാപിച്ചിരിക്കുന്നു. പഴയ കെട്ടിടങ്ങളും കമ്പികളും. ആളുകളുടെ മുഖം മാത്രമാണ് ഇവിടെ വ്യത്യസ്തമായിട്ടുള്ളത്, ബാക്കിയെല്ലാം ഒരുപോലെയാണ്' എന്നാണ് പ്രണവ് പറയുന്നത്.

'എവിടെയും ചവറുകളും മാലിന്യങ്ങളും കാണാം. ചുമരുകളിൽ ജോലിക്കും വീട്ടുവാടകയ്ക്കുമൊക്കെയുള്ള പരസ്യങ്ങൾ പതിച്ചിരിക്കുന്നു, ആളുകൾ അത് വായിക്കുന്നുമുണ്ട്' എന്നും പ്രണവ് കുറിച്ചിട്ടുണ്ട്. കൂടാതെ, 'കടകൾക്ക് പുറത്തുള്ള പ്ലാസ്റ്റിക് ബാഗുകളും മാലിന്യങ്ങളും നോക്കൂ. നമ്മുടെ നാട്ടിലെ മാര്‍ക്കറ്റുകള്‍ ഇതിലും ഭേദമാണ്. എന്നാൽ, ചൈനയിലെ ചന്തകളും തെരുവുകളും ഇങ്ങനെയായിരിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല' എന്നും യുവാവ് പറയുന്നു.

'ഇന്ത്യയിൽ മാത്രമല്ല, എല്ലാ രാജ്യങ്ങൾക്കും ഇതുപോലെയുള്ള വശങ്ങളുമുണ്ട്. പിന്നെ എന്തുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഇന്ത്യയെ മാത്രം വൃത്തിഹീനമായ രാജ്യമായി മുദ്രകുത്തുന്നത്' എന്നാണ് പ്രണവിന്റെ ചോദ്യം. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. പലപ്പോഴും ഇന്ത്യയെ മാത്രമാണ് ആളുകൾ വൃത്തിയുടെ പേരിൽ കുറ്റപ്പെടുത്താറ് എന്നും ഇന്ത്യയെ ഇക്കാര്യത്തിൽ മുൻവിധിയോടെയാണ് പലരും സമീപിക്കുന്നത് എന്നും ആളുകൾ അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

7 ദിവസം, 5 ബുക്കിങ്, വരുമാനം 4.5 ലക്ഷം! ദില്ലി മേക്കപ്പ് ആർട്ടിസ്റ്റിന്‍റെ വരുമാനം കേട്ട് ഞെട്ടി സോഷ്യൽ മീഡിയ; പക്ഷേ...
'മുത്തച്ഛന്‍റെ ശബ്ദം...'; മെട്രോയിൽ മുത്തച്ഛന്‍റെ ശബ്ദം കേട്ട് അമ്പരന്ന് കൊച്ചുമകൻ; ഷമ്മി നാരംഗിന്‍റെ വീഡിയോ വൈറൽ